കെ-റെയിലിൽ പ്രതീക്ഷവെച്ചിട്ട് കാര്യമില്ല, വേറെ വഴി നോക്കണ്ടി വരുമെന്ന് മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
കണ്ണൂർ: കെ-റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷ വെച്ചിട്ട് കാര്യമില്ലെന്നും വേറെ വഴിനോക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനർഥം പദ്ധതി ഉപേക്ഷിക്കുന്നു എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിന് സഹായകമായ ഒന്നായിരുന്നു കെ-റെയിൽ. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര അനുമതി വേണം. അനുമതി വേഗം ലഭിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, രാഷ്ട്രീയ നിലപാടുകൾ കാരണം അതിനുള്ള അനുമതി ലഭിക്കാതെപോയെന്നും അദ്ദേഹം വിശദീകരിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്ഞബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അത് ഇനിയും തുടരും. പ്രോസിക്യൂഷന് തെറ്റുപറ്റിയോ എന്നറിയണമെങ്കിൽ വിധിയുടെ വിശദാംശം ലഭിക്കേണ്ടതുണ്ട്. വിധിയിൽ നിയമപരമായി പരിശോധന നടത്തിയ ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ വിചിത്ര വാദഗതിയാണ് യു.ഡി.എഫ് കണ്‍വീനര്‍ അടൂർ പ്രകാശിന്റേത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന രീതിയില്‍ ദിലീപ് അറിയിച്ചതായി ഓര്‍ക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന പ്രസ്താവന കണ്ടു. പറയുന്ന കാര്യത്തില്‍ അദ്ദേഹംതന്നെ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല -എൽ.ഡി.എഫ് കൺവീനർ
കോഴിക്കോട്: സിൽവർ ലൈൻ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. റെയിൽവേയുടെ പുതിയ പദ്ധതി നിർദേശത്തോടും പ്രായോഗികമായാണ് തങ്ങൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന വേഗറെയിലുകൾ നമുക്കില്ല. അതാവശ്യമാണ്. എന്നാൽ, സർവേ പോലും നടത്താൻ അനുവദിക്കാതെ യു.ഡി.എഫും ബി.ജെ.പിയും ചില തീവ്രവാദ സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചത് ആർക്കുവേണ്ടിയായിരുന്നു -എൽ.ഡി.എഫ് കൺവീനർ ചോദിച്ചു.


