ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
text_fieldsതിരുവല്ല: എം.സി റോഡിലെ തിരുവല്ല പേരുംതുരുത്തിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ (61), ഭാര്യ ലളിതാ തങ്കപ്പൻ (54), ടിപ്പർഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എംസാൻഡ് കയറ്റി വന്ന ലോറിയും എതിർവശത്തുനിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തങ്കപ്പൻ ആണ് കാർ ഓടിച്ചിരുന്നത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ലളിത തങ്കപ്പന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. തിരുവല്ല പോലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി, ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമത്തിലാണ്. അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.


