സി.പി.ഐ: മേധാവിത്വമുണ്ടെങ്കിലും ഔദ്യോഗികപക്ഷത്തിന് ആശങ്കയേറെ
text_fieldsആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ഔദ്യോഗിക ചേരിക്ക് മേധാവിത്വമുള്ളതിനാൽ, വീണ്ടും സെക്രട്ടറിയാകാൻ ബിനോയ് വിശ്വത്തിന് വെല്ലുവിളിയില്ലെങ്കിലും കടുത്ത വിമർശനങ്ങളെ നേരിടേണ്ടിവരും. കാനം രാജേന്ദ്രൻ, കെ.ഇ. ഇസ്മയിൽ പക്ഷങ്ങൾ ഇപ്പോഴില്ലെങ്കിലും പാർട്ടിയിലെ വിഭാഗീയത ഒരുപരിധിക്കപ്പുറം അവസാനിച്ചിട്ടില്ല.
കാനം രാജേന്ദ്രന്റെ വിയോഗത്തോടെ ആ ചേരി ബിനോയ് വിശ്വത്തിനുപിന്നിൽ ഔദ്യോഗികപക്ഷമായി നിലകൊള്ളുകയാണ്. എറണാകുളം മുന്‍ ജില്ല സെക്രട്ടറി പി. രാജുവിന്റെ മരണത്തോടെ നടത്തിയ വിവാദ പരാമര്‍ശത്തിൽ ഇസ്മയിലിനെ സസ്പെൻഡ് ചെയ്തതോടെ ആ വിഭാഗത്തിന് പ്രതാപം വീണ്ടെടുക്കാനോ വെല്ലുവിളി ഉയർത്താനോ കഴിയുന്നുമില്ല. 1968 മുതലുള്ള എല്ലാ സമ്മേളനങ്ങളിലും പ്രതിനിധിയായ ഇസ്മയിലിന് ആലപ്പുഴ സമ്മേളനത്തിലേക്ക് ക്ഷണംപോലുമില്ല.
നയിക്കാനൊരു നേതാവില്ല എന്നതാണ് വിമത ചേരിയായി നിലകൊള്ളുന്ന ഇസ്മയിൽ പക്ഷത്തിന്റെ പ്രതിസന്ധി. വിമതസ്വരങ്ങൾ ഉയർത്തിയിരുന്ന കെ. പ്രകാശ് ബാബുവാണെങ്കിൽ പൂർണ അച്ചടക്കത്തിലുമാണ്. വിമതരെ കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയും മത്സരവിലക്ക് പ്രഖ്യാപിച്ചും ലോക്കൽ, മണ്ഡലം, ജില്ല സമ്മേളനങ്ങളിൽ ഔദ്യോഗികപക്ഷം ഇടപെട്ടതാണ് സംസ്ഥാന സമ്മേളന പ്രതിനിധികളിൽ മേധാവിത്വമായത്. എന്നാൽ, ഔദ്യോഗികപക്ഷത്തിന് വലിയ മേൽക്കൈയുള്ള ജില്ല സമ്മേളനങ്ങളിലടക്കം സെക്രട്ടറിയെന്ന നിലയിൽ കടുത്ത വിമർശനമുയർന്നതാണ് ബിനോയിക്ക് മുന്നിലെ വെല്ലുവിളി.
‘മദ്യവര്‍ജനമാണ് പാര്‍ട്ടി നയമെങ്കിലും പ്രവര്‍ത്തകര്‍ മദ്യപിക്കരുതെന്ന് പറയുന്നില്ല. മദ്യപിച്ച് നാലുകാലില്‍ നടന്ന് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കരുത്. മദ്യപിക്കേണ്ടവര്ക്ക് വീട്ടിലാകാം...’ എന്നുപറഞ്ഞതും ഭാരതാംബ വിഷയത്തിൽ ഗവർണർക്കെതിരെ പരിസ്ഥിതിദിനത്തിൽ നടത്തിയ കാമ്പയിനിൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചതുമെല്ലാം സെക്രട്ടറിതന്നെ പാർട്ടിയുടെ അസ്തിത്വത്തെ അപമാനിക്കുന്ന നടപടിയായിരുന്നു. ഇതിലെല്ലാം ‘യു’ ടേൺ എടുത്തെങ്കിലും പാർട്ടിയുടെ രാഷ്ട്രീയഅപ്രമാദിത്വം നഷ്ടപ്പെടുത്തിയെന്നതരത്തിൽ സംസ്ഥാന കൗൺസിലിൽതന്നെ സെക്രട്ടറി വിമർശനം നേരിടേണ്ടിവന്നു.
ഔദ്യോഗികപക്ഷ നേതാക്കളായ സംസ്ഥാന നിര്‍വാഹകസമിതി അംഗം കമല സദാനന്ദനും എറണാകുളം ജില്ല സെക്രട്ടറി കെ.എം. ദിനകരനും തമ്മിൽ ‘പുണ്യാളനാവാൻ ശ്രമിക്കുന്ന ബിനോയിക്ക് നാണംകെട്ട് പുറത്തുപോകേണ്ടിവരും’ എന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിലും ഔദ്യോഗിക ചേരിയിലെ അസ്വസ്ഥതയാണ് പ്രകടമായത്. അവസാനമായി തൃശൂരിൽ മാളിനെതിരെ തണ്ണീർത്തട സംരക്ഷണ നിയമത്തിലൂന്നി കോടതിയിൽ പോരാടുന്ന വരന്തരപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം ടി.എൻ. മുകുന്ദനെ തള്ളിപ്പറഞ്ഞ സെക്രട്ടറിയെ പാർട്ടിതന്നെ തിരുത്തിച്ചു.


