പതിനാലാം ദിവസവും ഒളിവിൽ: രാഹുലിന്റെ മുൻകൂർ ജാമ്യഹരജിയിൽ വിധി ബുധനാഴ്ച
text_fieldsതിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ 14ാം ദിവസവും ഒളിവിൽ തുടരുന്നു. അതേസമയം, ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജിയിൽ ബുധനാഴ്ച കോടതി വിധി പറയും.
ഏഴാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി വി. അനസാണ് കേസ് പരിഗണിക്കുന്നത്. വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു. കേസിൽ രാഹുലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. നേരത്തേ ചുമത്തിയ ബലാത്സംഗ കുറ്റത്തിന് പുറമെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചേർക്കും.
രഹസ്യമായി അതിജീവിതയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ സംഘത്തില്‍നിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് സംഭവത്തെക്കുറിച്ച് പരാതി നല്‍കാതിരുന്നതെന്നാണ് യുവതിയുടെ മൊഴി.


