സന്നിധാനത്ത് വിപുല സേവനം ഒരുക്കി ആരോഗ്യവകുപ്പ്
text_fieldsസന്നിധാനത്തെ ആശുപത്രി
ശബരിമല: സന്നിധാനത്ത് ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് വിപുല സേവനമൊരുക്കി ആരോഗ്യവകുപ്പ്. വലിയ നടപ്പന്തല്‍ ആരംഭിക്കുന്നതിന് വലതുവശത്തായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ആശുപത്രിയില്‍ ആധുനിക നിലവാരത്തിലുള്ള ചികിത്സ സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി സേവനം എന്നിവയോടൊപ്പം ലാബ്, എക്സ് റേ, ഇ.സി.ജി, ഓപ്പറേഷന്‍ തിയേറ്റര്‍, അഞ്ചു കിടക്കകളുള്ള ഐ.സി.യു. വാര്‍ഡ്, 18 കിടക്കകളുള്ള വാര്‍ഡ് എന്നിവയും സജ്ജമാണ്.
സാധാരണ മരുന്നുകള്‍ കൂടാതെ ഹൃദയാഘാതത്തിനുളള മരുന്ന്, പേവിഷബാധക്കെതിരെയുള്ള വാക്സിന്‍, ആന്റി സ്നേക്ക് വെനം എന്നിവയും കരുതിയിട്ടുണ്ട്. റെഫറല്‍ ആശുപത്രികളായി കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളും സജ്ജമാണ്. കാര്‍ഡിയോളജിസ്റ്റ്, ഫിസിഷ്യന്‍, ഓര്‍ത്തോപീഡിഷന്‍, ജനറല്‍ സര്‍ജന്‍, അനസ്തേഷ്യോളജിസ്റ്റ്, അസി. സര്‍ജന്‍ എന്നിവരുടെ സേവനം ലഭ്യമാണ്.
അടിയന്തരഘട്ട ഉപയോഗത്തിനായി ആംബുലന്‍സുമുണ്ട്. പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളിലും ആശുപത്രിയും നീലിമല, അപ്പാച്ചിമേട് എന്നിവടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുകളും ചരല്‍മേട്, കരിമല ഡിസ്പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. പമ്പ മുതല്‍ സന്നിധാനം വരെ 17 ഉം എരുമേലി - കരിമല കാനന പാതയില്‍ അഞ്ചും അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങളുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ എവിടെ അത്യാഹിതമുണ്ടായാലും 04735 203232 എന്ന ടോള്‍ ഫ്രീ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെട്ടണമെന്ന് അധികൃതർ അറിയിച്ചു.


