ദേശീയ വോളി; ശ്രീഹരി കേരളത്തെ പ്രതിനിധീകരിക്കും
text_fieldsശ്രീഹരി
കൊടുങ്ങല്ലൂർ: ഇല്ലായ്മകളുടെ ജീവിതത്തിനിടയിലും കൈപന്ത് കളിക്കമ്പം സിരകളിൽ ആവാഹിച്ച ശ്രീഹരി ഇനി ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഈ മിടുക്കൻ സംസ്ഥാന കായികമേളയിൽ ജില്ല ടീമിന് വേണ്ടി നടത്തിയ മികച്ച പ്രകടനം വഴിയാണ് ഓൾ ഇന്ത്യ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്ന കേരള സ്കൂൾ ടീമിൽ അംഗമായത്.
സെൻറ് ജോസഫ്സ് വോളിബാൾ അക്കാദമിയിൽ അംഗമായ ശ്രീഹരി കോച്ച് ഒ.എം. ഷെമീറിന്റെ പരിശീലനത്തിനു കീഴിലാണ് മികവ് പ്രകടമാക്കുന്നത്. ശ്രീനാരായണപുരം പോഴങ്കാവ് ചെന്നറ തങ്കരാജന്റെയും സ്മിതയുടെയും മകനായ ശ്രീഹരിയുടേത് തികച്ചും സാധാരണ കുടംബമാണ്. ശ്രീഹരിയുടെ നേട്ടത്തിലുള്ള ആഹ്ലാദത്തിലാണ് കുടുംബവും നാട്ടുകാരും സ്കൂളും വോളിബാൾ അക്കാദമിയും.


