പരാജയത്തിന്റെ കയ്പ്പറിഞ്ഞ ഫെറാഷക്ക് ഒടുവിൽ വിജയമധുരം
text_fieldsഎ. ഫെറാഷ
കാളികാവ്: ഉപജില്ല കലോത്സവത്തിൽ പ്രസിദ്ധീകരിച്ച മത്സരഫലം പിൻവലിച്ചതിനെ തുടർന്ന് ജില്ലതലത്തിലേക്ക് യോഗ്യത നേടാനാവാതെ പോയതിന്റെ സങ്കടം തീർത്ത് ഫെറാഷ. എണ്ണച്ഛായം ഇനത്തിൽ അപ്പീലിലൂടെ ജില്ലമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറിയിലെ പ്ലസ് ടു വിദ്യാർഥി എ. ഫെറാഷ വിജയം തിരിച്ചുപിടിച്ചത്.
കഴിഞ്ഞ മാസം കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന ഉപജില്ല കലോത്സവത്തിൽ ഫെറാഷക്ക് ഓൺലൈനിൽ ഫലം വന്നപ്പോൾ ഒന്നാം സ്ഥാനമുണ്ടായിരുന്നു. എന്നാൽ, ഒരു മണിക്കൂറിന് ശേഷം അധികൃതർ മത്സരഫലം പിൻവലിച്ചു. ഏറെനേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഫലം രണ്ടാമത് വന്നപ്പോൾ ആദ്യം നാലാം സ്ഥാനം നേടിയ വിദ്യാർഥിനിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഇതോടെ വിവരങ്ങൾ കാണിച്ച് ഫെറാഷയുടെ രക്ഷിതാക്കളും സ്‌കൂൾ പ്രിൻസിപ്പലും രേഖാമൂലം വണ്ടൂർ എ.ഇ.ഒക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർക്കും പരാതി നൽകിയിരുന്നു.


