Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകാമറക്കണ്ണിലെ വോട്ട്

കാമറക്കണ്ണിലെ വോട്ട്

text_fields
bookmark_border
vote
cancel
camera_alt

ഷാർഗി ഗംഗാധർ

സഹം, സുഹാർ

നേരിട്ട് വോട്ട് രേഖപ്പെടുത്താൻ ഓർമയിൽ ഒന്നോ രണ്ടോ അവസരം മാത്രമേ ഉണ്ടായിട്ടുള്ളൂ. എല്ലാവരുടെയും പോലെ തന്നെ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന്റെ അനുഭവം അതൊരു പ്രത്യേക അനുഭവമാണ്. ആരൊക്കെയൊ എത്രയോ തവണ പറഞ്ഞു മനസ്സിലാക്കി തന്നെങ്കിലും പോളിങ് ബൂത്തിൽ കയറി എന്തൊക്കെ ചെയ്യണം, മെഷിനിൽ എങ്ങനെ വോട്ട് രേഖപ്പെടുത്തണം, ബീപ് ശബ്ദം ഉയരുമോ, അസാധു ആകുമോ എന്നൊക്കെയുള്ള ആശങ്കകൾ അലട്ടിയിരുന്നു. ഓഫീസർ കഴിഞ്ഞു എന്ന് പറയുമ്പോഴുള്ള ആശ്വാസവും അത് വേറെ തന്നെയായിരുന്നു. ഞാൻ ഈ പറഞ്ഞ അനുഭവം കന്നി വോട്ടർമാരുടെ മാത്രം കാര്യമല്ല.

നേരത്തെ പറഞ്ഞില്ലേ നേരിട്ട് രണ്ട് തവണ മാത്രേ വോട്ട് ചെയ്തുള്ളൂവെന്ന്. എന്നാൽ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ എനിക്ക് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) സംഘടനയുടെ കീഴിൽ പോളിങ് ബൂത്തിൽ വീഡിയോഗ്രാഫി ചെയ്യാനായിരുന്നു അവസരം. അവിടെ നിരവധി കന്നി വോട്ടർമാരുടെ തുടങ്ങി പ്രായമായവരുടെയെല്ലാം ബൂത്തിലെ കാഴ്ചകൾ കാമറാകണ്ണിലൂടെ ഒപ്പി എടുക്കുകയായിരുന്നു ഞാൻ. വർഷങ്ങളായി വോട്ട് രേഖപ്പെടുത്തിയവർക്ക് പോലും ബൂത്തിലേക്ക് കയറിയാലുള്ള പരിഭ്രമം നമുക്ക് കണ്ടറിയാൻ പറ്റും.

ഒരു തെരഞ്ഞെടുപ്പ് വേളയിൽ ഞാൻ ഏറ്റവും കൂടുതൽ ദിവസം ചിലവാക്കിയത് തലശ്ശേരി സബ്ബ് കലക്ടറേറ്റ് ഓഫിസിൽ അന്നത്തെ സബ്ബ് കലക്ടറും ഇന്ന് തിരുവനന്തപുരം കലക്ടറുമായ അനുകുമാരിക്കൊപ്പമായിരുന്നു. മലയാളിയല്ലെങ്കിലും അതിലേറെ സ്നേഹവും, അടുപ്പവും, ആത്മബന്ധവും നൽകി എന്നെയും അവർ കൂടെ കൂട്ടി. അതുകൊണ്ടുതന്നെ നിയമപ്രകാരം വൈകിട്ട് വരെ മാത്രം ഉള്ള ജോലിയായിരിന്നിട്ടു കൂടെ രാത്രി ഏറെ വൈകി എത്തിയ വോട്ട് മെഷീനും മറ്റ് സാധന സാമഗ്രികളും ഇറക്കുന്നതും, പരിശോധിക്കുന്നതുമായ പ്രവൃത്തികൾ ഷൂട്ട് ചെയ്യാനും എനിക്ക് ലവലേശം മടി ഉണ്ടായിരുന്നില്ല.

ഇതിനെല്ലാമപ്പുറം ഏകദേശം 15 ദിവസത്തോളം സർക്കാർ ഓഫിസിൽ സർക്കാർ ഉദ്യോഗം കിട്ടിയ അഹങ്കാരമായിരുന്നു എനിക്ക്. അതിനുപരി ഞാനുൾപ്പെടെ പലരുടെയും കൊയ്ത്തു കാലവുമായിരുന്നു. എന്താണെന്നല്ലേ, എനിക്ക് അന്ന് മാസ വരുമാനമായി കിട്ടി കൊണ്ടിരുന്ന വരുമാനത്തന്റെ മൂന്നിരട്ടിയായിരുന്നു വെറും15 ദിവസം കൊണ്ട് ലഭിച്ച വേതനം. എന്നെ പോലുള്ള സാധാരണക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി മനസ്സ് നിറയെ സന്തോഷവുമായി വിരുന്നെത്തുന്ന മാസം കൂടിയാണ് തെരഞ്ഞെടുപ്പ് മാസം.

മറ്റൊരു ഓർമയാണ്, ഓരോ പാർട്ടിക്കാരും അവരുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വേണ്ടി വീടു വീടാന്തരം കയറി ഇറങ്ങുന്ന കാഴ്ച. ആ നാളുകളിലാണ് മിക്ക രാഷ്ട്രീയ പാർട്ടി അംഗങ്ങളുടെയും എളിമയും സ്നേഹവും വാത്സല്യവും തുടങ്ങി അവരെല്ലാം മികച്ച നടീനടൻമ്മാരാണെന്ന് മനസ്സിലാകുന്ന വിധത്തിൽ ഏവരുടെയും മുഖത്ത് നവരസങ്ങൾ നടനമാടുന്നത്. ഇതിൽ ഏറ്റവും രസകരം മരണവീട്ടിലെ കാഴ്ചയാണ്. തെരഞ്ഞെടുപ്പ് ചൂട് പറ്റി നില്ക്കുന്ന വേളയിൽ പ്രദേശത്തെയെല്ലാം മരണവീടുകളിൽ മുഖം കാണിക്കാത്ത ഒരു സ്ഥാർഥിപോലും ഉണ്ടാവില്ല. എന്നിട്ടോ മരണപ്പെട്ടയാളെ ജീവിച്ചിരിക്കുമ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും കാണുയോ ഇനി അഥവാ കണ്ടാൽ തന്നെ മിണ്ടാൻ പോലും മടി കാണിച്ച സ്ഥാനാർഥിയായിരിക്കും മരണവീട്ടിൽ ചെന്ന് വർഷങ്ങൾക്ക് മുന്നേയുള്ള ബന്ധങ്ങളുടെ ആഴവും, ദുഃഖവും അറിയിച്ചു വരുന്നത്. ഇതിനും എൻ്റെ ക്യാമറ കണ്ണ് സാക്ഷിയാണ്.

എല്ലാ നിലയിലും വികസനം എന്നത് ഒരത്യാവശ്യമാണ്. എന്നാൽ അതിന് സാധാരണക്കാരുടെ വിലപ്പെട്ട വോട്ടുകൾ വാങ്ങി അവരുടെ കണ്ണിൽ പൊടിയിടുന്ന രീതിയിൽ ആവരുത്. ചെയ്യുന്നത് എന്ത് ചെറിയ കാര്യമാണെങ്കിലും അത് വളരെ ആത്മാർത്ഥതയോടും സത്യസന്ധമായും ചെയ്യാൻ ഓരോ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മനസ്സ് കാണിക്കണം.

Show Full Article
TAGS:voting Experience polling booth election 
News Summary - Vote in the camera's eye
Next Story