അബു അരീക്കോടിനെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsകോഴിക്കോട്: കോളജ് വിദ്യാർഥിയും ഇടത് രാഷ്ട്രീയ, സമൂഹ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അബു അരീക്കോടിനെ മരിച്ചനിലയിൽ കണ്ടെത്തി. താമരശ്ശേരി മർക്കസ് ലോ കോളജ് വിദ്യാർഥിയായിരുന്നു. താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവ് കരീം മുസ്‍ലിയാർ. മാതാവ്: റുഖിയ. സഹോദരങ്ങൾ: റുഫൈദ, റാഷിദ, ഫാറൂട്, നജീബ്, മുജീബ്, റാഫിദ, റഹീബ.
അബുവിന്റെ അപ്രതീക്ഷിത വേർപാടിൽ മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. അബുവിനെ അനുസ്മരിച്ച് കെ.ടി. ജലീൽ എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അബു അരീക്കോട് ഇനി യു ട്യൂബിൽ വരില്ല!
ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവർത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാൾ വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരൻ അബു രാഷ്ട്രീയത്തിൽ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.
നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപർവ്വങ്ങൾ താണ്ടേണ്ടി വന്നപ്പോഴും...
ആരുടെ മുമ്പിലും ആദർശം അബു അടിയറ വെച്ചില്ല. യു ട്യൂബർ എന്ന നിലയിൽ കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താൻ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളിൽ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തിൽ അരങ്ങൊഴിഞ്ഞത്.


