ആരോഗ്യ മന്ത്രിയോട് ഒരഭ്യർഥന
text_fieldsകേരളത്തിലെ ആരോഗ്യമന്ത്രി നടത്തിയ പത്രസമ്മേളനം കണ്ടപ്പോൾ ചില നിർദ്ദേശങ്ങൾ ശ്രദ്ധയിൽ പെടുത്തണമെന്ന തോന്നലിൽ നിന്നാണ് ഈ കുറിപ്പ്. 45 വർഷമായി ഡോക്ടറായി ജോലി ചെയ്യുന്ന ഒരാളായതു കൊണ്ട് ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പലതും നേരിട്ടറിയാം.
കേരളത്തിൽ രണ്ടു മെഡിക്കൽ കോളജുകൾ കൂടി തുടങ്ങാൻ ആലോചനയുള്ളതായി മനസ്സിലാക്കുന്നു. ഇപ്പോൾ കേരളത്തിൽ 13 സർക്കാർ മെഡിക്കൽ കോളജുകളും 24 സ്വകാര്യ കോളജുകളും ഉണ്ട്. എല്ലാം കൂടി 5000-ത്തോളം മെഡിക്കൽ സീറ്റുകൾ ലഭ്യമാണ്. കൂടാതെ ആൾ ഇന്ത്യ ലിസ്റ്റിൽ പ്രവേശനം ലഭിച്ച് കേരളത്തിനു പുറത്ത് പഠിക്കുന്നവരെയും വിദേശങ്ങളിൽ പോയി പഠിച്ച് വരുന്നവരെയും കൂട്ടിയാൽ 6000ത്തോളം പുതിയ ഡോക്ടർമാർ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. 1000 പേർക്ക് ഒരു ഡോക്ടർ വേണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത്. കേരളത്തിൽ ഇപ്പോൾ തന്നെ 509 പേർക്ക് ഒരു ഡോക്ടർ എന്ന നിലയിൽ ഉണ്ട്. കേരളത്തിലെ ജനസംഖ്യ കുത്തനെ കുറയുകയാണെന്ന് അറിയാമല്ലോ? അതുകൊണ്ട് ഈ അനുപാതം ഇനിയും താഴേക്ക് പോകും.
ഇപ്പോൾ നിലവിലുള്ള മെഡിക്കൽ കോളജുകൾ പലതും അത്യാവശ്യം വേണ്ട സൗകര്യങ്ങൾ പോലുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. പുതിയത് തുടങ്ങുന്നതിനു പകരം ഇപ്പോൾ ഉള്ള കോളജുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് അത്യാവശ്യം. പലയിടത്തും ആവശ്യത്തിന് സ്റ്റാഫുമില്ല.
ഒരു പത്ത് വർഷം മുൻപ് ആർ.എം.ഒ ജോലിക്ക് മാസം 60,000 രൂപ വരെ ശമ്പളം കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഐ.എം.എ നടത്തിയ ഒരു പഠനത്തിൽ സിറ്റികളിൽ മുപ്പതിനായിരമോ അതിൽ താഴെയോ ആണ് മാസ ശമ്പളം. ഏതു സാധനത്തിനും ആവശ്യത്തിൽ കൂടുതൽ മാർക്കറ്റിൽ വന്നാൽ വില കുറയും. തൊഴിൽ രഹിതരായ ഡോക്ടർമാരുടെ എണ്ണം കൂട്ടാൻ നമ്മൾ മുതിരേണ്ടതുണ്ടോ എന്ന് ആലോചിക്കണം.
കേരളത്തിലെ ആരോഗ്യ രംഗത്ത് ആഗോള ഭീമന്മാർ പതിനായിരക്കണക്കിന് കോടികൾ മുടക്കുന്ന വിവരം അങ്ങേക്ക് അറിവുണ്ടാകുമല്ലോ. കേരളത്തിൽ ലഭ്യല്ലാത്തതും ഭീമമായ ഇൻവെസ്റ്റ്മെന്റ് വരുന്നതുമായ പലതും ഇത്തരം സ്ഥാപനങ്ങൾ കൊണ്ടുവരും എന്നുള്ളത് നല്ല കാര്യമാണ്, ഒപ്പം ഹെൽത്ത് ടൂറിസം കൂടാനും സാധ്യതയുണ്ട്.
എന്നാൽ ആഗോള ഭീമന്മാർ വരുന്നതോടെ കേരളത്തിലെ ചികിത്സാചെലവ് പിടിച്ചു നിർത്തുന്ന ചെറുകിട മീഡിയം ആശുപത്രികൾ ഇല്ലാതെ ആകാൻ അനുവദിക്കരുത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ വ്യവസ്ഥകൾ ഇത്തരം ആശുപത്രികൾക്ക് സൃഷ്ടിക്കുന്ന ഭീഷണി സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്. ചെറുകിട ആശുപത്രികൾ അടച്ചു പൂട്ടിയാൽ സാധാരണക്കാർക്ക് ചികിത്സ അസാധ്യമാവും.
ഇക്കാര്യങ്ങളിൽ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ ശ്രദ്ധ പതിയുമെന്ന് വിശ്വസിക്കട്ടെ.


