Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംവരണ അട്ടിമറി-നിയമ...

സംവരണ അട്ടിമറി-നിയമ സർവകലാശാല മോഡൽ!

text_fields
bookmark_border
സംവരണ അട്ടിമറി-നിയമ സർവകലാശാല മോഡൽ!
cancel
camera_alt

ജ​സ്റ്റി​സ് അ​നി​ൽ പ​ൻ​സാ​രെ

നാഗ്പൂർ ആസ്ഥാനമായ മഹാരാഷ്ട്ര നാഷണൽ ലോ യൂനിവേഴ്സിറ്റി ഈ വർഷം തങ്ങളുടെ പിഎച്ച്.ഡി പ്രോഗ്രാമിന് 35 സീറ്റുകളുള്ളതായി പരസ്യപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ സംവരണ നയം അനുസരിച്ച്, ഇതിൽ 23 സീറ്റുകൾ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പ്രത്യേക പിന്നാക്ക വിഭാഗങ്ങൾ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, വിമുക്ത ഗോത്രങ്ങൾ, നാടോടി ഗോത്രങ്ങൾ എന്നിവയിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് നീക്കിവെക്കേണ്ടത്. എന്നാൽ, ജനറൽ കാറ്റഗറി എന്നറിയപ്പെടുന്ന സംവരണേതര വിഭാഗത്തിൽ നിന്നുള്ള 22 പേർക്ക് സർവകലാശാല പ്രവേശനം നൽകി.

ഏഴ് സീറ്റുകൾ സംവരണം ചെയ്തിട്ടും ഒ.ബി.സി വിഭാഗത്തിൽ നിന്ന് മൂന്ന് പേർക്കും, മൂന്ന് സംവരണ സീറ്റുകൾ ഉണ്ടായിട്ടും നാടോടി വിഭാഗത്തിൽ നിന്ന് ഒരാൾക്കും മാത്രമാണ് പ്രവേശനം ലഭിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും സംസ്ഥാന നിയമങ്ങളെയും കാറ്റിൽപറത്തിയ ഈ നടപടി ഇപ്പോൾ ദേശീയ പട്ടികജാതി കമീഷന് മുന്നിലെത്തിയിരിക്കുകയാണ്. ദീപക് ഖരാട്ട് എന്ന അപേക്ഷകന്റെ പരാതിയിൽ കമീഷൻ സർവകലാശാലക്ക് നോട്ടീസ് അയച്ചു.

സംസ്ഥാന സർക്കാർ സ്ഥാപിച്ചതും സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനം സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും ഭരണഘടനാപരമായ ഉറപ്പുകൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥമാണെന്നും, ഭാവിയിലെ നിയമ അധ്യാപകരെയും ഗവേഷകരെയും രൂപപ്പെടുത്തുന്ന ഡോക്ടറൽ തല ഗവേഷണ പഠനത്തിന് സംവരണം നിഷേധിക്കുന്നത് വിവേചനവും നിയമലംഘനവുമാണെന്ന് ഖരാട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് മാസം കമീഷൻ നോട്ടീസ് അയച്ചെങ്കിലും സർവകലാശാല പ്രതികരിച്ചില്ല. തുടർന്ന് മെയ് 27-ന് വീണ്ടും നോട്ടീസ് അയച്ചു. ഒരു സംസ്ഥാന സർവകലാശാല ഭരണഘടനാ സ്ഥാപനത്തെ അവഗണിക്കുന്നത് തന്നെ പലതും വിളിച്ചോതുന്നുണ്ടെന്ന് ഖരാട്ട് പറയുന്നു.നാടോടി വിഭാഗത്തിൽപ്പെട്ട ഖരാട്ട് അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ യോഗ്യത നേടി പ്രപ്പോസൽ സമർപ്പിക്കാൻ ക്ഷണിക്കപ്പെട്ടുവെങ്കിലും അവസാന ഘട്ടമായ അഭിമുഖത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിക്കവെ ജസ്റ്റിസ് അനിൽ പൻസാരെ നിരീക്ഷിച്ചു: ‘‘അംബേദ്കർ ജയന്തി ആഘോഷിക്കുകയും അദ്ദേഹത്തിന്റെ ഫോട്ടോ ചില്ലിട്ട് തൂക്കുകയും ചെയ്താൽ മാത്രം പോരാ, സംവരണ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സർവകലാശാലാ ഇടങ്ങളിൽ എത്തുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കുകയും വേണം. അവർക്ക് ഇടം നൽകുന്നതിന് പകരം, ഒഴിവാക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് നിങ്ങൾ നിശ്ചയിക്കുന്നത്.’’ഖരാട്ടിന് കാറ്റഗറിയിലെ 50 ശതമാനം കട്ട് ഓഫ് മാർക്കില്ലെന്ന് സർവകലാശാലക്ക് വേണ്ടി ഹാജരായ കൗൺസൽ വാദിച്ചപ്പോൾ, ജസ്റ്റിസ് പൻസാരെ ചോദിച്ചു: ‘‘അത് തീരുമാനിക്കാൻ നിങ്ങൾ ആരാണ്? ഒരു (സംവരണ) വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയോട് നിങ്ങൾ അല്പം ഉദാരത കാണിക്കേണ്ടതുണ്ട്.’’

തുടർന്ന് ഖരാട്ടിന് പ്രവേശനം നൽകിയെങ്കിലും സംവരണ വിഭാഗത്തിൽപ്പെട്ട മറ്റ് അപേക്ഷകരെ മടക്കിവിട്ടു. അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ യോഗ്യത നേടി പ്രപ്പോസൽ സമർപ്പിക്കാൻ ക്ഷണിക്കപ്പെട്ട ദിപാങ്കർ കാംബ്ലെ പറയുന്നത്, അഡ്മിഷന് മുന്നോടിയായുള്ള ത്രിതല സ്ക്രീനിങ്ങിൽ പ്രവേശന പരീക്ഷ മാത്രമാണ് തങ്ങളുടെ കൈകളിലുള്ളത് എന്നാണ്. ‘‘ബാക്കി രണ്ട് ഘട്ടങ്ങളും - റിസർച്ച് പ്രപ്പോസലിന്റെ തിരഞ്ഞെടുപ്പും അവസാന അഭിമുഖവും സർവകലാശാലയുടെ കൈയിലാണ്, അവിടെയാണ് അവർ ബഹുജൻ ഉദ്യോഗാർഥികളെ കൃത്യമായി ഒഴിവാക്കുന്നത്’’- കാംബ്ലെ പറയുന്നു. നാഗ്പൂരിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ കൂടിയായ കാംബ്ലെയാണ് ബോംബെ ഹൈകോടതിയിൽ ഖരാട്ടിന് വേണ്ടി ഹാജരായത്.

വിവിധ സംവരണ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികളെ റിസർച്ച് പ്രപ്പോസലുകൾ സമർപ്പിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും സർവകലാശാല അവരെ കൂട്ടത്തോടെ നിരസിച്ചു. ഇപ്പോൾ ഈ സീറ്റുകളിൽ ചിലത് ഒഴിഞ്ഞുകിടക്കുകയാണ്. അനുയോജ്യരായവരെ കണ്ടെത്താനായില്ലെന്നാണ് സർവകലാശാലയുടെ വാദം.സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം നിഷേധിച്ചതിനൊപ്പം, സർവകലാശാല സവർണ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കുകയും ചെയ്തു. ഈ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്.

ഇന്റേണൽ അസെസ്മെന്റ് ഘട്ടത്തിൽ പട്ടികജാതി-പട്ടികവർഗ-ഒ.ബി.സി പശ്ചാത്തലമുള്ള വിദ്യാർഥികളെ ഒഴിവാക്കുന്നത് പുതിയ കാര്യമല്ല. പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന വ്യവസ്ഥാപിതമായ ബഹിഷ്കരണത്തെക്കുറിച്ച് പതിറ്റാണ്ടുകളായി ബഹുജൻ സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരാതിപ്പെടുന്നുണ്ട്. രാജ്യത്തുടനീളമുള്ള സർവകലാശാലകളിൽ ‘‘ഒഴിവാക്കൽ പ്രവണത’’ ആഴത്തിൽ വ്യാപിച്ചിരിക്കുന്നുവെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനും യു.ജി.സി മുൻ ചെയർമാനുമായ സുഖ്ദേവ് തൊറാട്ട്, ‘ഫ്രണ്ട്‌ലൈന്’ നൽകിയ ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാണിച്ചത്.

(നിരവധി മാധ്യമ പുരസ്കാരങ്ങൾക്കർഹയായ സുകന്യ ശാന്ത thewire.in സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്)

Show Full Article
TAGS:National Law University reservation policy PhD admission bombay high court opinion 
News Summary - Reservation Subversion-Law University Model!
Next Story