ഇഷ്ടഗായകന് നീതിതേടി അസം തെരുവിലിറങ്ങുമ്പോൾ
text_fieldsഗുവാഹതിയുടെ പ്രാന്തപ്രദേശമായ കമർകുച്ചിയിലെ സുബിൻ ഗാർഗിന്റെ കുടീരത്തിനരികിൽ ഒത്തുകൂടിയ വനിതകൾ
സുബീൻ ഗാർഗിന്റെ പാട്ടുകൾ കേട്ടും ഏറ്റുപാടിയും കോളജ് പരിപാടികളിൽ അതിനൊത്ത് നൃത്തമാടിയുമാണ് ഋതുശ്രീ (25) വളർന്നത്. പ്രിയഗായകൻ വിടപറഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഗുവാഹതിയിലെ ഈ പോളിടെക്നിക് വിദ്യാർഥിനിയെ സമാശ്വസിപ്പിക്കാൻ ആർക്കും സാധിക്കുന്നില്ല.
‘‘അദ്ദേഹത്തെ ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല, പക്ഷേ കുട്ടിക്കാലം മുതൽ അദ്ദേഹം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു’’- കരച്ചിലിനിടെ സംസാരം മുഴുമിപ്പിക്കാനാവാതെ ഋതുശ്രീ പറയുന്നു.
അസമിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആരാധകരെപ്പോലെ, ഗാർഗിന്റെ മൃതദേഹം സംസ്കരിച്ച ഗുവാഹതിയുടെ പ്രാന്തപ്രദേശത്തുള്ള കമർകുച്ചിയിലേക്ക് വന്നതാണ് ഈ യുവതി. ഈ പ്രദേശത്തിനിപ്പോൾ തീർഥാടന കേന്ദ്രത്തിന്റെ പ്രതീതിയാണ്.
സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ വെച്ച് ഗാർഗ് കടലിൽ മുങ്ങിമരിച്ച സംഭവം അസമിനെ കടുത്ത ദുഃഖത്തിലും നിരാശയിലുമാഴ്ത്തിയിരിക്കുന്നു. മരണത്തിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് സിംഗപ്പൂർ പൊലീസ് വ്യക്തമാക്കിയെങ്കിലും, ഗാർഗിന്റെ മരണം ഗൂഢാലോചനയുടെ ഫലമാണെന്ന ശങ്ക അസമിലെ ജനങ്ങൾക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ സമാധി സ്ഥലത്ത് എത്തുന്നവർ മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുക മാത്രമല്ല, ‘‘സുബീൻ ദാക്ക് നീതി നൽകുക’’ എന്ന മുദ്രാവാക്യവും മുഴക്കുന്നുണ്ട്. സംസ്ഥാന ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയോടും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയോടുമുള്ള രോഷമായും അത് മാറുന്നു.
‘‘ഞങ്ങൾ മുഖ്യമന്ത്രിയെ വിശ്വസിച്ചു, അതും ഇപ്പോൾ ഇല്ലാതായിരിക്കുന്നു’’- കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുചെയ്ത ഋതുശ്രീ പറയുന്നു.
സർക്കാറിന്റെ ക്ഷേമപദ്ധതികളും ധ്രുവീകരണമുണ്ടാക്കുന്ന മുസ്ലിം വിരുദ്ധ രാഷ്ട്രീയവുമാണ് ശർമയുടെ വിജയകാരണമായി പലപ്പോഴും പറയപ്പെടാറ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച നൽകിയാൽ കൂടുതൽ സബ്സിഡികൾ നൽകാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഋതുശ്രീയെപ്പോലുള്ള സുബീൻ ഗാർഗ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നു.
‘‘അദ്ദേഹം സംസാരിക്കുന്നത് ഗുണഭോക്തൃ പദ്ധതികളെക്കുറിച്ചും കടുകെണ്ണയുടെ വിലയെക്കുറിച്ചുമൊക്കെയാണ്. ഞങ്ങൾക്ക് വേണ്ടത് നീതിയാണ്. നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്’’- ഋതുശ്രീ കുറ്റപ്പെടുത്തുന്നു.
‘‘ഞങ്ങളുടെ ദുഃഖംദേഷ്യമായി മാറുകയാണെന്നും സർക്കാർ കാര്യങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അവർ അനുഭവിക്കുമെന്നും ദാരംഗ് ജില്ലയിലെ കൈത് പാറ ഗ്രാമത്തിൽ നിന്നുള്ള കർഷകൻ ഫാറ്റിക് ചന്ദ്ര ബോറ (55) പറയുന്നു. ഗ്രാമവാസികൾക്കൊപ്പം പണം പിരിവിട്ട് ബസ് വാടകക്കെടുത്ത് ഗാർഗിന്റെ സമാധി സ്ഥലത്തെത്തിയതാണ്, താനൊരു ബി.ജെ.പി വോട്ടറാണ് എന്നവകാശപ്പെടുന്ന ബോറ.
സുബീന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ കൊണ്ടുപോവുകയായിരുന്ന വാഹനവ്യൂഹത്തിനുനേരെ ശനിയാഴ്ച ബക്സയിൽവെച്ച് പ്രകോപിതരായ ജനക്കൂട്ടം കല്ലെറിഞ്ഞു. സംഭവത്തിൽ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 30ലേറെ പേർക്കാണ് പരിക്കേറ്റത്.
പൗരത്വ സമരത്തിന് സമാനം
സുബീൻ ഗാർഗിന്റെ മരണത്തെച്ചൊല്ലിയുള്ള രോഷം ഹിമന്ത ബിശ്വ ശർമ സർക്കാറിനെതിരായ എതിർപ്പായി മാറുന്നുണ്ട്. നേപ്പാളിലേതുപോലുള്ള ജെൻ സി കലാപം ഉടലെടുത്തേക്കുമെന്നുപോലും സമൂഹ മാധ്യമങ്ങളിൽ ഊഹാപോഹം പടരുന്നു.
പട്ടികവർഗ പദവിക്കായി സർക്കാറിനുമേൽ നിരന്തരം ആവശ്യമുന്നയിക്കുന്ന തായ് അഹോം സ്റ്റുഡന്റ്സ് യൂനിയൻ ഒക്ടോബർ 17ന് ചാരൈദേവ് ജില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒത്തുകൂടിയ നൂറുകണക്കിനാളുകൾ ഗാർഗിന്റെ പാട്ടുകൾ പാടിക്കൊണ്ട് നീതിനിഷേധത്തിനും, പട്ടികവർഗ പദവി നൽകുന്നതിലെ കാലതാമസത്തിനുമെതിരെ പ്രതിഷേധമുയർത്തി. ഇതിനുമുമ്പ് ബി.ജെ.പി സർക്കാർ ഇത്രയേറെ ജനരോഷം നേരിട്ടത് പൗരത്വ പ്രക്ഷോഭ കാലത്തായിരുന്നുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്തിയവരിൽ സുബീൻ ഗാർഗുമുണ്ടായിരുന്നു.
എല്ലാ വിഭാഗം ജനങ്ങൾക്കിടയിലേക്കും രോഷം വ്യാപിക്കുന്നതിനാൽ പൗരത്വ സമര കാലത്തേക്കാൾ വലിയ വെല്ലുവിളിയാണൊരുങ്ങുന്നതെന്ന് തേസ്പൂർ സർവകലാശാലയിലെ സോഷ്യോളജി അധ്യാപകൻ ചന്ദൻ കുമാർ ശർമ പറയുന്നു.
ജനവികാരം തിരിച്ചറിഞ്ഞ് അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് പ്രചാരണമാരംഭിക്കാനൊരുങ്ങുകയാണ് ബി.ജെ.പി. ഈ മാസം 30 വരെ, എല്ലാ ബി.ജെ.പി ജില്ല കമ്മിറ്റികളും ബഹുജന റാലി സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ മണ്ഡലങ്ങളിൽ ഗാർഗിന്റെ പ്രതിമകൾ സ്ഥാപിക്കാമെന്ന് പാർട്ടി എം.എൽ.എമാർ വാഗ്ദാനം ചെയ്യുന്നു. പാർട്ടി ഭരണത്തിലിരിക്കുമ്പോൾ സമരം നടത്തുന്നതെന്തിന് എന്ന ചോദ്യത്തിന്, പൊതുജന വികാരങ്ങൾക്കൊപ്പം നിൽക്കാൻ എന്നാണ് ഒരു ബി.ജെ.പി വക്താവ് scroll.com നോട് വ്യക്തമാക്കിയത്. പൗരത്വ പ്രക്ഷോഭങ്ങളെയും ഗാർഗിന് നീതിതേടിയുള്ള മുന്നേറ്റങ്ങളെയും തുലനം ചെയ്യാനാവില്ലെന്നും ഇവിടെ എല്ലാവരും നീതിയാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞ അദ്ദേഹം അസമിനെ നേപ്പാളിന് തുല്യമായ സാഹചര്യത്തിലേക്ക് തള്ളിവിടാൻ പ്രതിപക്ഷ നേതാക്കളാണ് ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ആരോപിച്ചു.
പ്രതിഷേധങ്ങൾ യഥാർഥ ലക്ഷ്യത്തിൽനിന്ന് വ്യതിചലിച്ചെന്നും രാഷ്ട്രീയ താൽപര്യക്കാർ റാഞ്ചുകയാണെന്നും അസം മുഖ്യമന്ത്രിയും ചൊവ്വാഴ്ച ആരോപിച്ചു. ‘‘ഞാൻ ഇന്ന് രാജിവെച്ചാൽ, 50 ശതമാനം പ്രതിഷേധങ്ങൾ അവിടെ അവസാനിക്കും’’- അദ്ദേഹം ബക്സയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആരോപണങ്ങളും ആക്ഷേപങ്ങളും
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകനായ ശ്യാംകനു മഹന്തക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന ആരോപണമാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന വാദത്തെ ശക്തിപ്പെടുത്തിയത്. മഹന്ത നിലവിൽ അറസ്റ്റിലാണ്. മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭുയാൻ ശർമയുമായി ബന്ധമുള്ള സ്ഥാപനത്തിന് ഗാർഗിന്റെ സിംഗപ്പൂർ പരിപാടിയുടെ സംഘാടകരുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനെതിരെ അവർ കോടതിയെ സമീപിച്ചു. പ്രതിപക്ഷ നേതാക്കൾക്കും ഏറ്റവും പ്രചാരമുള്ള അസോമിയ പ്രതിദിൻ പത്രത്തിനുമെതിരെ മാനനഷ്ടക്കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.
അസ്വസ്ഥതയുടെ അടിസ്ഥാന കാരണം
ജനങ്ങളുടെ സാമ്പത്തിക ദുരവസ്ഥയും അതൃപ്തിയും സുബീൻ ഗാർഗിന് വേണ്ടിയുള്ള പ്രതിഷേധത്തിൽ നിഴലിക്കുന്നതായി നിരീക്ഷകർ പറയുന്നു. ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ ദേഷ്യവും പ്രതിഷേധങ്ങളിൽ പ്രകടമാവുന്നതായി മാധ്യമപ്രവർത്തകൻ സുശാന്ത താലൂക്ദാർ ചൂണ്ടിക്കാട്ടി. ‘‘തന്റെ പാട്ടുകളിലൂടെയും സിനിമകളിലൂടെയും തലമുറകളെ പ്രോത്സാഹിപ്പിച്ച സുബീൻ ഗാർഗിന്റെ മരണം അസമിലെ ജനങ്ങളെ വർഗീയ വിദ്വേഷത്തിനും വിഭജന രാഷ്ട്രീയത്തിനുമെതിരെ ഒരുമിപ്പിച്ചതായും ഈ ഐക്യം മുഖ്യമന്ത്രി ശർമക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു.
വിവിധ കാരണങ്ങളാൽ ശർമ സർക്കാറിനെതിരെ വലിയ തോതിൽ ഭരണവിരുദ്ധ വികാരം നിലവിലുണ്ടെന്നും സുബീൻ ഗാർഗിന്റെ വിഷയത്തിൽ ഉയരുന്ന ആരോപണം ശർമയുടെ പ്രതിച്ഛായയെ ശരിപ്പെടുത്താനാവാത്തവിധം മോശപ്പെടുത്തിയേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകനും അക്കാദമിക് വിദഗ്ധനുമായ അപൂർബ കുമാർ ബറുവ വാദിക്കുന്നു.
നിലവിലെ പ്രതിഷേധങ്ങൾ സർക്കാറിനോടുള്ള അതൃപ്തിയുടെ പ്രകടനമാണെങ്കിലും പ്രതിപക്ഷത്തിന്റെ നില മെച്ചമല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് നഷ്ടം സംഭവിക്കുമെന്ന് കരുതാനാവില്ലെന്ന് തേസ്പൂർ യൂനിവേഴ്സിറ്റിയിലെ ചന്ദൻ കുമാർ ശർമ പറയുന്നു. ഈ അഭിപ്രായത്തോട് ഗുവാഹതിയിലെ ടാക്സി ഡ്രൈവർ സൂരജിത് റോയ് യോജിച്ചു:
അഞ്ചുവർഷത്തിനിടെ ഇതാദ്യമായാണ് ഹിമന്ത ഇത്രമേൽ വിരണ്ടുപോയിരിക്കുന്നത്. പക്ഷേ, തന്ത്രശാലിയായ ശർമക്ക് കാര്യങ്ങൾ എങ്ങനെ തനിക്ക് അനുകൂലമാക്കിയെടുക്കണം എന്നറിയാം. പക്ഷേ, ഗാർഗിന്റെ ഭാര്യ ഗരിമ സൈകിയ പ്രക്ഷോഭവുമായി ഇറങ്ങിയാൽ ചിത്രം മാറും. പിന്നെ അസമിലെ ജനങ്ങളെ തടഞ്ഞുനിർത്താൻ ഒരാൾക്കും സാധിക്കില്ല- അദ്ദേഹം പറയുന്നു.
(നിരവധി മാധ്യമ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലേഖകൻ scroll.comൽ എഴുതിയ ദീർഘ ലേഖനത്തിന്റെ സംഗ്രഹം)


