അതിദരിദ്രമുക്ത കേരളം, അതോ അഗതിമുക്ത കേരളമോ?
text_fields- അതിദരിദ്രരെ കണ്ടെത്തിയ ആധികാരിക പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിടണം
(സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും കേരള സർക്കാറിന് നൽകുന്ന തുറന്ന കത്ത്)
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തെ ഇന്ത്യയിലെ ആദ്യ അതിദരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുകയാണല്ലോ. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സർവേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ 2021 ജൂലൈമുതൽ തുടർന്നുവന്ന ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യമുക്തമാക്കി എന്നാണ് സർക്കാറിന്റെ അവകാശവാദം. അങ്ങനെ ‘ദാരിദ്ര്യ നിർമാർജനം’, ‘പട്ടിണിയില്ലാതാക്കൽ’ എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും സർക്കാർ അവകാശപ്പെടുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവരുന്നു.
01 സംസ്ഥാനത്തെ അതിദരിദ്രരെ നിർണയിക്കാൻ ഏതൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്? ഏത് ആധികാരിക സമിതിയാണ് അതിനായി സർവേ നടത്തിയത്? ആധാരമായി ഉപയോഗിച്ച ഡേറ്റയുടെ ആധികാരികതയും അതിനായി ആധാരമാക്കുന്ന പഠന റിപ്പോർട്ടും ഏതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
02- 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷാനിയമം അനുസരിച്ച് കേരളത്തിൽ നടപ്പാക്കുന്ന പൊതുവിതരണ സമ്പ്രദായത്തിൽ നാല് വിഭാഗങ്ങൾ ഉണ്ടല്ലോ? അതിൽ ഏറ്റവും ദരിദ്രർ എന്ന വിഭാഗത്തിൽ മഞ്ഞക്കാർഡ് ഉള്ള അന്ത്യോദയ അന്നയോജനയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർ 5.92 ലക്ഷം കുടുംബങ്ങളാണ് (സാമ്പത്തിക റിവ്യൂ 2024).
അവർക്ക് സംസ്ഥാന സർക്കാർ 2023 മുതൽ സൗജന്യമായി അരിയും ഗോതമ്പും കൊടുക്കുന്നുണ്ടല്ലോ? കേന്ദ്രം അരിക്ക് കിലോക്ക് 3 രൂപയും ഗോതമ്പിന് 2 രൂപയും വിലക്ക് ലഭ്യമാക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ കേരളത്തിൽ 64006 അതിദരിദ്രരേ ഉള്ളൂ എന്ന് പറയുന്നത്? ഈ പറഞ്ഞവരും അതിദരിദ്ര വിഭാഗത്തിൽനിന്ന് കരകയറിയത് കൊണ്ടാണോ ഇപ്പോൾ കേരളം അതിദാരിദ്ര്യ മുക്തമായി എന്ന് പ്രഖ്യാപിക്കുന്നത്? അങ്ങനെ വരുമ്പോൾ മഞ്ഞ കാർഡിലുള്ള AAY വിഭാഗം ഇനി ഉണ്ടാവില്ല; അതിന്റെ കേന്ദ്രസഹായം അവസാനിക്കുകയും ചെയ്യില്ലേ?
03 കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ കുറിപ്പ് പ്രകാരം ഒരു വരുമാനവും ഇല്ലാത്തവർ, രണ്ടുനേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർ, റേഷൻ കിട്ടിയാലും പാചകം ചെയ്യാൻ കഴിയാത്തവർ, ആരോഗ്യസ്ഥിതി മോശമായവർ തുടങ്ങിയവരാണ് അതിദരിദ്രർ. അവർ അഗതികൾ എന്ന ഗണത്തിൽ വരുന്നവരല്ലേ. അവരെയാണോ സർക്കാർ അതിദരിദ്രർ എന്ന് വിളിക്കുന്നത്?
04 2002ൽ അന്നത്തെ കേരള സർക്കാർ തുടങ്ങിയ ആശ്രയ പദ്ധതിയല്ലേ അഗതി കുടുംബങ്ങളെ കണ്ടെത്തി അവർക്ക് സഹായം നൽകിവന്നത്? അതിന് 2007ൽ പ്രധാനമന്ത്രിയുടെ അവാർഡും കിട്ടിയിരുന്നല്ലോ? അത് തുടങ്ങുമ്പോൾ എത്ര കുടുംബങ്ങൾ ഉണ്ടായിരുന്നു? ഇപ്പോൾ എത്രയുണ്ട്? അത് പിന്നീട് അതി ദാരിദ്ര്യ നിർമാർജന പരിപാടിയായി മാറ്റിയല്ലോ? അതിന്റെ പരിഷ്കരിച്ച പതിപ്പാണോ ഇത്? ഇന്ദിര ആവാസ് യോജനപോലുള്ള പദ്ധതികളെ കൂട്ടിച്ചേർത്താണല്ലോ ആശ്രയയും ഇതും നടപ്പാക്കിയിരുന്നത്? ഇപ്പോഴത്തെ അതി ദാരിദ്ര്യമുക്തം ഇതിന്റെ തുടർച്ചയാണോ? ആദ്യ ലിസ്റ്റിലെ 1,18,309 കുടുംബങ്ങൾ 64006 ആയി ചുരുങ്ങിയത് ഒരു പ്രഹേളികയല്ലേ?
05 അതിദാരിദ്ര്യാവസ്ഥ മറികടന്നു എന്ന അവകാശവാദത്തിന് വസ്തുതാപരമായ പിൻബലം എന്താണ്? ആ വിഭാഗങ്ങൾക്ക് ഏതെങ്കിലും കേന്ദ്ര പദ്ധതി ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോ.
06 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് ആകെ 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികൾ ഉണ്ട്. എന്നാൽ, പുതിയ കണക്കിൽ 6400 കുടുംബങ്ങളെ മാത്രമാണ് അതിദരിദ്ര വിഭാഗമായി കണ്ടെത്തിയിട്ടുള്ളത്. അതായത് വെറും 5.5 ശതമാനം മാത്രം. അവർ അഗതികളാണോ അതോ അതിദരിദ്രരായ AAY വിഭാഗത്തിൽപെടുന്നവരോ?
അവരുടെ അതിദാരിദ്ര്യം മറികടക്കാൻ എന്ത് ഇന്ദ്രജാലമാണ് നടന്നത്?
07 അതിദാരിദ്ര്യം അനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെ യഥാർഥ ജീവിതസ്ഥിതിയടങ്ങിയ സർവേ റിപ്പോർട്ട് ലഭ്യമാണോ?
08 ദാരിദ്ര്യ സർവേയുടെ രീതിശാസ്ത്രം എന്തായിരുന്നു. തദ്ദേശവകുപ്പ് പഞ്ചായത്തുകളിൽ/ മുനിസിപ്പാലിറ്റികളിൽനിന്ന് ലിസ്റ്റ് ഓഫ് റെക്കമണ്ടേഷൻ സ്വീകരിക്കുക മാത്രമാണോ ചെയ്തത്?
09 233 രൂപ മാത്രം ദിവസക്കൂലി കിട്ടുന്ന ആശ വർക്കേഴ്സ് ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്സും അസംഘടിത മേഖലകളിലെ തൊഴിലാളികളും അതിദരിദ്ര ജനവിഭാഗങ്ങൾ തന്നെയല്ലേ?
10 ഇപ്പോൾ അതിദാരിദ്ര്യ പ്രഖ്യാപനത്തിന് ഉപയോഗിക്കുന്ന സാമ്പത്തിക മാനദണ്ഡങ്ങളെ സംബന്ധിച്ച് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പുമായോ പ്ലാനിങ് ബോർഡുമായോ കൂടിയാലോച നടത്തിയിട്ടുണ്ടോ?
നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക സാമ്പത്തിക പ്രശ്നമാണ് ദാരിദ്ര്യം. അതിദാരിദ്ര്യ നിർമാർജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമല്ല. അതിനെ ഒരു പ്രചാരവേലയാക്കുന്നത് അസ്വീകാര്യമാണ്.
അതുകൊണ്ട്, സംസ്ഥാന സർക്കാർ നടത്താൻ പോകുന്ന ‘‘അതിദരിദ്രമുക്ത കേരളം’ പ്രഖ്യാപനത്തിന് മുമ്പ് ശരിയായ വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ള ഉത്തരങ്ങൾ മേൽ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നൽകണമെന്ന് ഞങ്ങൾ വിനയപൂർവം അഭ്യർഥിക്കുന്നു.
ആർ.വി.ജി. മേനോൻ, ഡോ.എം.എ. ഉമ്മൻ, ഡോ.കെ.പി. കണ്ണൻ, എം.കെ. ദാസ്, ഡോ.ജി. രവീന്ദ്രൻ, ഡോ.എം.പി. മത്തായി, ഡോ. സി.പി. രാജേന്ദ്രൻ, പ്രഫ. കെ. അരവിന്ദാക്ഷൻ, ഡോ. മേരി ജോർജ്, ഡോ. സുനിൽ മാണി, ഡോ.വി. രാമൻകുട്ടി, ഡോ. ജോൺ കുര്യൻ, ഡോ.എം. കബീർ, ഡോ.ജെ. ദേവിക, ഡോ. എം. വിജയകുമാർ, ഡോ.എൻ.കെ. ശശിധരൻ പിള്ള, ജോസഫ് സി. മാത്യു, ഡോ. കെ.ജി. താര, ഡോ. കെ.ടി. റാംമോഹൻ, ഡോ. ശ്രീധർ രാധാകൃഷ്ണൻ, എം. ഗീതാനന്ദൻ, പ്രഫ.പി. വിജയകുമാർ, സരിത മോഹനൻ ഭാമ.

