മൂന്നാം നാൾ ശുഭ വാർത്ത; പക്ഷേ?
text_fieldsവെടിനിർത്തൽ കരാർ നിലവിൽ വന്നതിൽ ഗസ്സയിലെ ഖാൻ യൂനുസിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഫലസ്തീനികൾ
ഈജിപ്തിലെ ശറമു ശൈഖിൽ ഖത്തറിന്റെയും യു.എസിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ഇസ്രായേൽ-ഹമാസ് സമാധാന ചർച്ചയുടെ മൂന്നാം നാൾ ആ ശുഭ വാർത്ത ലോകത്തെ അറിയിച്ചത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് വർഷമായി തുടരുന്ന ഇസ്രായേൽ ആക്രമണം തന്റെ 20 ഇന സമാധാന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർത്തിവെക്കുന്നതായി അദ്ദേഹം ‘ട്രൂത്തി’ൽ കുറിച്ചു. ഒക്ടോബർ ആറിനാണ് ഈജിപ്തിൽ സമാധന ചർച്ച തുടങ്ങിയത്. ഇരുകക്ഷികളും തമ്മിൽ നേരിട്ടുള്ള ചർച്ചയായിരുന്നില്ല അത്.
ട്രംപിന്റെ ഗസ്സ പദ്ധതി പ്രകാരം ബന്ദി മോചനവും ജയിലിലടക്കപ്പെട്ട ഫലസ്തീനികളെ വിട്ടയക്കലും സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ചായിരുന്നു ഒന്നാംഘട്ട ചർച്ച. ഖത്തറിൽ ഇസ്രായേൽ വധിക്കാൻ ശ്രമിച്ച മുതിർന്ന നേതാവ് ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനെ പ്രതിനിധാനംചെയ്തത്. നയകാര്യ മന്ത്രി റോൺ ഡെർമറാണ് ഇസ്രായേൽ സംഘത്തെ നയിച്ചത്. ചർച്ചക്കിടയിലൂം ഗസ്സയിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അതിന്റെ ഫലപ്രാപ്തിയെപ്പറ്റി ലോകം ആശങ്ക പുലർത്തി.
രണ്ടാം ദിവസമായിരുന്നു ഏറ്റവും നിർണായകം. ഹമാസ് നിയന്ത്രണത്തിലുള്ള ബന്ദികളുടെ മോചനം നടക്കുന്നതോടെ വെടിനിർത്തലും പ്രാബല്യത്തിലാകുമെന്നാണ് അമേരിക്കയുടെയും മറ്റു മധ്യസ്ഥരുടെയും നിലപാട്. ഇതിനു തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.
ഇതിനൊപ്പം നടപ്പാക്കേണ്ട ചില ആവശ്യങ്ങൾ ഹമാസ് ഉന്നയിച്ചു: ശാശ്വതവും സമഗ്രവുമായ വെടിനിർത്തൽ, ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ സമ്പൂർണ പിന്മാറ്റം, ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ സഹായങ്ങൾക്ക് പ്രവേശനം അനുവദിക്കൽ, അഭയാർഥികളായവർക്ക് വീടുകളിലേക്ക് മടക്കം, ഫലസ്തീനികൾ മാത്രമുള്ള ഉദ്യോഗസ്ഥരുടെ സമിതിയുടെ മേൽനോട്ടത്തിൽ ഗസ്സയുടെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങൽ, ന്യായമായ തടവുകാരുടെ കൈമാറ്റ കരാർ എന്നിവയായിരുന്നു അതിൽ പ്രധാനം.
ചർച്ചയുടെ മൂന്നാം ദിവസം, മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് ഇസ്രായേലിന് കൈമാറി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നെർ, തുർക്കിയ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിൻ തുടങ്ങിയവരും മൂന്നാം നാൾ ചർച്ചകൾക്കായി ഈജിപ്തിലെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിൽ ചർച്ചക്ക് ശുഭപര്യാവസാനമാകുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ്, ട്രംപ് വെടിനിർത്തലിന് ഇരുപക്ഷവും സന്നദ്ധരായതായി അറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.
സഹായ വസ്തുക്കളുമായി വാഹനങ്ങൾ
വെടിനിർത്തൽ ഇരുപക്ഷവും അംഗീകരിച്ചതോടെ, ഭക്ഷ്യ വസ്തുക്കളുമായുള്ള സഹായ വാഹനങ്ങൾ ഗസ്സയുടെ അതിർത്തി ലക്ഷ്യമാക്കി പുറപ്പെട്ട വാർത്തയും പുറത്തുവന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷം, ഈജിപ്തിലെ റഫ അതിർത്തി കടന്ന് റെഡ് ക്രോസിന്റെ 153 സഹായ ട്രക്കുകളാണ് ഗസ്സയിലേക്ക് പോയത്. കഴിഞ്ഞ മാർച്ച് മുതൽ ഇത്തരം സഹായ വാഹനങ്ങൾക്കെല്ലാം ഇസ്രായേൽ സൈന്യം വിലക്കേർപ്പെടുത്തിയിരുന്നു. ഗസ്സ ഹ്യൂമനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന അമേരിക്കൻ സന്നദ്ധ സംഘടനക്ക് മാത്രമാണ് സഹായ വിതരണത്തിന് അനുമതിയുണ്ടായിരുന്നത്. ഇവരുടെ സഹായ വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ആശ്വാസം; പക്ഷെ, ആശങ്ക ബാക്കി
വെടിനിർത്തൽ പ്രാബല്യത്തിൽവന്നെങ്കിലും ആശങ്ക നിലയ്ക്കുന്നില്ല. വെടിനിർത്തലിന് ആയുസെത്ര എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. നേരത്തെ, മൂന്ന് തവണ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവയെല്ലാം ഏകപക്ഷീയമായി ലംഘിക്കപ്പെട്ട അനുഭവം ഗസ്സക്കുണ്ട്. ഇതിനുപുറമെ, ട്രംപിന്റെ സമാധാന പദ്ധതിയുടെ നിയമസാധുതയും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊരു കൊളോണിയൽ പദ്ധതിയാണെന്ന വിമർശനം തുടക്കം മുതലേയുണ്ട്. അതുകൊണ്ടുതന്നെ, പദ്ധതിയുടെ പ്രയോഗവത്കരണം വലിയ സങ്കീർണതകൾക്കിടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ബന്ദി മോചനത്തിലടക്കം കരാർ എത്രമേൽ പാലിക്കപ്പെടുമെന്നതിലും സംശയമുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ ഇസ്രായേൽ വിട്ടുതരില്ലെന്ന റിപ്പോർട്ടുകൾ ഈ സംശയത്തെ ബലപ്പെടുത്തുന്നു. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തിൻറെ സമ്പൂർണ പിന്മാറ്റമുണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്.


