Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസൗരയൂഥത്തിന്...

സൗരയൂഥത്തിന് പുറത്തുനിന്നുള്ള ധൂമകേതു; അപൂർവ കണ്ടെത്തലുമായി നാസ

text_fields
bookmark_border
സൗരയൂഥത്തിന് പുറത്തുനിന്നുള്ള ധൂമകേതു; അപൂർവ കണ്ടെത്തലുമായി നാസ
cancel
camera_alt

സൂര്യനിൽനിന്ന് അകലുംതോറും ധൂമകേതുവിലെ വാതക ഉത്പാദനത്തിൽ കുറവുണ്ടാകുന്നതായി സൂചിപ്പിക്കുന്ന ഗ്രാഫ്

വാഷിങ്ടൺ: പ്രപഞ്ച രഹസ്യങ്ങൾ തേടിയുള്ള യാത്രയിൽ ചരിത്രപരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് നിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ ധൂമകേതുവിൽ വെബ് ടെലിസ്‌കോപ്പ് മിഥേൻ വാതകം കണ്ടെത്തി. സൗരയൂഥത്തിന് പുറത്തുനിന്നുള്ള ഒരു ബഹിരാകാശ വസ്തുവിൽ നേരിട്ട് മിഥേൻ വാതകം കണ്ടെത്തുന്നത് ഇതാദ്യമായാണ്. പ്രശസ്ത ശാസ്ത്ര മാസികയായ 'ദി അസ്‌ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ' ആണ് ഈ പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൂര്യനോട് ഏറ്റവും അടുത്ത ദൂരത്തിലെത്തിയ ശേഷം ധൂമകേതു തിരികെ സഞ്ചരിക്കുമ്പോഴാണ് ജെയിംസ് വെബിലെ 'മിഡ്-ഇൻഫ്രാറെഡ് ഇൻസ്ട്രുമെന്റ്' ഉപയോഗിച്ച് ശാസ്ത്രജ്ഞർ നിരീക്ഷണങ്ങൾ നടത്തിയത്. രണ്ടു തവണയായിട്ടായിരുന്നു ഈ നിരീക്ഷണം. ആദ്യം ഡിസംബർ 15-16 തീയതികളിൽ ധൂമകേതു സൂര്യനിൽനിന്ന് 32.9 കോടി കിലോമീറ്റർ അകലെയായിരുന്നപ്പോഴും, പിന്നീട്, ഡിസംബർ 27ന് 37.9 കോടി കിലോമീറ്റർ അകലെയായിരുന്നപ്പോഴും ടെലിസ്‌കോപ്പ് ഇതിന്റെ വിവരങ്ങൾ ശേഖരിച്ചു. സൂര്യന്റെ ചൂടേറ്റ് ധൂമകേതുവിന്റെ ഉപരിതലത്തിലെ മഞ്ഞുരുകിയതോടെയാണ് ഉള്ളിലുള്ള മിഥേൻ വാതകം പുറത്തേക്ക് വരാൻ തുടങ്ങിയതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

നമ്മുടെ സൗരയൂഥത്തിലുള്ള സാധാരണ ധൂമകേതുക്കളെ അപേക്ഷിച്ച് '3I/ATLAS'ൽ കണ്ടെത്തിയ മിഥേന്റെ അളവ് വളരെ കൂടുതലാണ്. വളരെ ഉയർന്ന വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. സൂര്യന്റെ ഗുരുത്വാകർഷണത്തിന് ഇതിനെ പിടിച്ചുവെക്കാൻ കഴിയില്ല. ഇതിന് പുറമെ, വലിയ തോതിൽ കാർബൺ ഡയോക്സൈഡും ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ജെയിംസ് വെബ് സ്ഥിരീകരിച്ചു. സാധാരണ ധൂമകേതുക്കളിൽ ജലാംശമാണ് കൂടുതൽ കാണാറുള്ളതെങ്കിൽ, ഈ നക്ഷത്രാന്തര ധൂമകേതുവിൽ ജലത്തേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡും മിഥേനുമാണ് പുറന്തള്ളപ്പെടുന്നത്. നമ്മുടെ സൂര്യനിൽ നിന്നും ഗ്രഹങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു നക്ഷത്രയൂഥത്തിലാണ് ഈ ധൂമകേതു ജനിച്ചതെന്ന സൂചനയാണ് ഈ രാസഘടന നൽകുന്നതെന്ന് നാസ വിശദീകരിക്കുന്നു.

ധൂമകേതു സൂര്യനിൽനിന്ന് കൂടുതൽ അകലേക്ക് പോകുന്തോറും അതിൽ നിന്നുള്ള വാതകങ്ങളുടെ പുറന്തള്ളൽ കുറയുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇൻഫ്രാറെഡ് പ്രകാശത്തെ വിവിധ തരംഗദൈർഘ്യങ്ങളായി തിരിച്ച് പരിശോധിക്കുന്ന ജെയിംസ് വെബിലെ മീഡിയം റെസല്യൂഷൻ സ്‌പെക്‌ട്രോമീറ്റർ വഴിയാണ് ധൂമകേതുവിന്റെ കേന്ദ്രഭാഗത്തിന് ചുറ്റുമുള്ള വാതകങ്ങളുടെ സാന്നിധ്യം കൃത്യമായി മാപ്പ് ചെയ്യാൻ സാധിച്ചത്. മറ്റൊരു നക്ഷത്രയൂഥത്തിലെ പദാർത്ഥങ്ങളെക്കുറിച്ച് പഠിക്കാനുള്ള അപൂർവ അവസരമാണ് ഈ കണ്ടെത്തലിലൂടെ ശാസ്ത്രലോകത്തിന് കൈവന്നിരിക്കുന്നത്.

Show Full Article
TAGS:nasa James Webb Space Telescope Interstellar Astronomy Science news 
News Summary - Comet older than the Sun; '3I/ATLAS' from another star world, NASA makes rare discovery
Next Story