‘മാവെൻ’ പേടകം ഇനി ഒരിക്കലും തിരിച്ചുവരില്ല; ഔദ്യോഗികമായി സ്ഥിരീകരിച്ച് നാസ
text_fieldsചൊവ്വാ ദൗത്യത്തിലുള്ള നാസയുടെ മാവെൻ പേടകത്തിന്റെ ആർട്ടിസ്റ്റ് കൺസെപ്റ്റ് ചിത്രം. (ഫോട്ടോ: നാസ)
വാഷിങ്ടൺ: ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അയച്ച 'മാവെൻ' എന്ന പര്യവേക്ഷണ പേടകം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായി സ്ഥിരീകരണം. കഴിഞ്ഞ 2025 ഡിസംബറിൽ ചൊവ്വയുടെ മറുഭാഗത്തേക്ക് പോയ പേടകവുമായുള്ള ബന്ധം പെട്ടെന്ന് വിച്ഛേദിക്കപ്പെടുകയായിരുന്നു. പേടകം ഇനി തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് നാസയുടെ പ്രത്യേക അന്വേഷണ ബോർഡ് ഔദ്യോഗികമായി വ്യക്തമാക്കി.2013 നവംബറിൽ വിക്ഷേപിച്ച മാവെൻ 2014 ലാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയത്. വെറും ഒരു വർഷത്തെ കാലാവധിക്ക് അയച്ച ഈ പേടകം 11 വർഷത്തിലധികം വിജയകരമായി പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ നാസയ്ക്ക് നഷ്ടമായിരിക്കുന്നത്.
കഴിഞ്ഞ 2025 ഡിസംബർ 6നാണ് മാവെനിൽ നിന്നുള്ള സന്ദേശങ്ങൾ പെട്ടെന്ന് നിലച്ചത്. ചൊവ്വയുടെ പിന്നിലേക്ക് മറയുന്നതുവരെ പേടകം കൃത്യമായി പ്രവർത്തിച്ചിരുന്നു. എന്നാൽ, തിരികെ പുറത്തുവന്നപ്പോൾ ഭൂമിയിലെ നാസയുടെ കൺട്രോൾ റൂമിലേക്ക് സിഗ്നലുകൾ ഒന്നും തന്നെ വന്നില്ല. പിന്നീട് നടത്തിയ പരിശോധനയിൽ പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അത് വളരെ വേഗത്തിൽ കറങ്ങാൻ തുടങ്ങുകയും ചെയ്തതായി കണ്ടെത്തി. ഈ അനിയന്ത്രിതമായ കറക്കം കാരണം പേടകത്തിന്റെ ബാറ്ററികൾ പൂർണമായും തീരുകയും ഭൂമിയുമായുള്ള ആശയവിനിമയ സംവിധാനം എന്നെന്നേക്കുമായി തകരുകയുമായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
2025 ഡിസംബർ 6നാണ് മാവെൻ പേടകത്തിൽ നിന്നുള്ള സന്ദേശം അവസാനമായി ലഭിച്ചത്. (ഫോട്ടോ: നാസ)
ചൊവ്വയിൽ പണ്ട് ഉണ്ടായിരുന്ന കട്ടിയുള്ള അന്തരീക്ഷവും വെള്ളവും എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന് കണ്ടെത്തിയത് മാവെൻ ആണ്. സൂര്യനിൽ നിന്നുണ്ടാകുന്ന ശക്തമായ സൗരക്കാറ്റുകളാണ് ചൊവ്വയുടെ അന്തരീക്ഷത്തെ ബഹിരാകാശത്തേക്ക് തുടച്ചുനീക്കിയതെന്ന് ഈ പേടകം തെളിയിച്ചു. ഭാവിയിൽ മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുമ്പോൾ സൂര്യനിൽ നിന്നുള്ള മാരകമായ റേഡിയേഷനുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചത് മാവെൻ നൽകിയ വിവരങ്ങളാണ്.
ചൊവ്വയുടെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന റോവറുകളിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലേക്ക് വേഗത്തിൽ എത്തിക്കുന്ന പ്രധാന 'റിലേ' സംവിധാനമായും മാവെൻ പ്രവർത്തിച്ചിരുന്നു. മറ്റൊരു ഗ്രഹത്തിൽ നിന്ന് ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ച റെക്കോർഡും മാവെന് സ്വന്തമാണ്. പേടകം നിശബ്ദമായെങ്കിലും അത് ഇതുവരെ അയച്ചുതന്ന ലക്ഷക്കണക്കിന് വിവരങ്ങൾ വരും തലമുറകൾക്ക് ചൊവ്വാ പഠനത്തിന് വലിയ കരുത്താകുമെന്നും നാസ വ്യക്തമാക്കി.


