Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഗലീലി കടലിനക്കരെ 1400...

ഗലീലി കടലിനക്കരെ 1400 വർഷത്തെ നിധിശേഖരം; ഹിപ്പോസ് നഗരത്തിൽ നിന്ന് സ്വർണ്ണ നാണയങ്ങളും ആഭരണങ്ങളും കണ്ടെത്തി

text_fields
bookmark_border
Treasure
cancel
camera_alt

നിധി ശേഖരം

ഗലീലി: ഇസ്രായേലിലെ ഗലീലി കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന പുരാതന നഗരമായ ഹിപ്പോസിൽ (സുസിത) നിന്ന് ചരിത്രപ്രധാനമായ നിധിശേഖരം കണ്ടെടുത്തു. ഏകദേശം 1,400 വർഷം പഴക്കമുള്ള 97 സ്വർണ്ണ നാണയങ്ങളും മനോഹരമായ സ്വർണ്ണാഭരണങ്ങളുമാണ് പുരാവസ്തു ഗവേഷകർക്ക് ലഭിച്ചത്. ബൈസന്റൈൻ കാലഘട്ടത്തിലെ ജീവിതരീതികളെയും അന്നത്തെ സംഘർഷഭരിതമായ സാഹചര്യങ്ങളെയും വെളിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തൽ.

ഹിപ്പോസ് നഗരത്തിലെ ഉൽഖനനത്തിനിടെയാണ് അപ്രതീക്ഷിതമായി ഈ നിധി ലഭിച്ചത്. പതിവ് പരിശോധനക്കിടെ എഡി ലിപ്‌സ്‌മാൻ എന്ന ഗവേഷകൻ ഉപയോഗിച്ച മെറ്റൽ ഡിറ്റക്ടറിൽ ശക്തമായ സിഗ്‌നൽ ലഭിക്കുകയായിരുന്നു. രണ്ട് മതിലുകൾക്കിടയിൽ വലിയൊരു കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ നിധിശേഖരം. കല്ല് നീക്കം ചെയ്തപ്പോൾ സ്വർണ്ണ നാണയങ്ങളുടെ വലിയൊരു ശേഖരം തന്നെ ഗവേഷകർക്ക് മുന്നിൽ തെളിഞ്ഞു.

ഹിപ്പോസ് ഉൽഖനന പദ്ധതിയുടെ സഹ-ഡയറക്ടർ ഡോ. മൈക്കൽ ഐസൻബർഗ് പറയുന്നതനുസരിച്ച്, ഇസ്രായേലിൽ കരയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ബൈസന്റൈൻ സ്വർണ്ണ ശേഖരങ്ങളിലൊന്നാണിത്. ബൈസന്റൈൻ കാലഘട്ടത്തിലെ പ്രധാന നാണയങ്ങളായ സോളിഡി, സെമിസസ്, ട്രെമിസസ് എന്നിവയാണ് കണ്ടെടുത്തത്. ആറാം നൂറ്റാണ്ടിലെ ചക്രവർത്തി ജസ്റ്റിൻ ഒന്നാമൻ മുതൽ ഏഴാം നൂറ്റാണ്ടിലെ ഹെരാക്ലിയസ് ചക്രവർത്തി വരെയുള്ള കാലയളവിലെ നാണയങ്ങൾ ഇതിലുണ്ട്.

മുത്തുകളും വിലപിടിപ്പുള്ള രത്നങ്ങളും പതിപ്പിച്ച സ്വർണ്ണാഭരണങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാണയങ്ങളിൽ തുണിയുടെ അവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഒരു തുണി സഞ്ചിയിലാക്കി സുരക്ഷിതമായി ഒളിപ്പിച്ചുവെച്ചതാണെന്ന് ഗവേഷകർ പറയുന്നു. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായ യുദ്ധസാഹചര്യമായിരിക്കാം ഈ നിധി ഒളിപ്പിക്കാൻ ഉടമയെ പ്രേരിപ്പിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം.

എഡി 614ൽ സസാനിയൻ പേർഷ്യൻ സൈന്യം ബൈസന്റൈൻ ഫലസ്തീൻ കീഴടക്കിയപ്പോൾ ഉണ്ടായ അനിശ്ചിതത്വവും ഭീഷണിയും ഭയന്നാണ് ഉടമ ഇത് കുഴിച്ചിട്ടത്. അപകടം ഒഴിഞ്ഞശേഷം തിരികെ വന്ന് നിധി എടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഉടമയെങ്കിലും, പിന്നീട് ആ അവസരം ലഭിച്ചില്ല. ഒന്നുകിൽ ഉടമ കൊല്ലപ്പെട്ടതാകാം, അല്ലെങ്കിൽ നാടുവിട്ടുപോയതാകാം എന്ന് ചരിത്രകാരന്മാർ കരുതുന്നു. റോമൻ-ബൈസന്റൈൻ കാലഘട്ടത്തിലെ വ്യാപാര-സാംസ്കാരിക കേന്ദ്രമായിരുന്ന ഹിപ്പോസിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ. എഡി 749ൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഈ നഗരം പൂർണ്ണമായും തകർന്നുപോവുകയായിരുന്നു.

Show Full Article
TAGS:treasure GOLD COINS Archaeological Discovery Science News 
News Summary - Metal detector uncovered a 1,400-year-old Byzantine treasure hidden beneath a stone in Israel
Next Story