ആകാശത്ത് ഇനി ഇടിമുഴക്കമില്ല; ശബ്ദമില്ലാതെ സൂപ്പർസോണിക് വിമാനം, ചരിത്രം കുറിച്ച് നാസയുടെ എക്സ്-59
text_fieldsആദ്യത്തെ വിജയകരമായ ശബ്ദാതിവേഗ പരീക്ഷണ പറക്കലിനിടെ ആകാശത്തിലൂടെ കുതിച്ചുയരുന്ന നാസയുടെ എക്സ്-59 (X-59) പരീക്ഷണ പേടകം. (ഫോട്ടോ: നാസ)
വാഷിങ്ടൺ: ബഹിരാകാശ-വ്യോമയാന രംഗത്ത് പുതിയൊരു ചരിത്രക്കുതിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കാതടപ്പിക്കുന്ന ശബ്ദം ഇല്ലാതാക്കാൻ രൂപകൽപന ചെയ്ത നാസയുടെ പരീക്ഷണ വിമാനമായ ‘എക്സ്-59’ ആദ്യമായി വിജയകരമായി ശബ്ദവേഗത മറികടന്നു. ജൂൺ 5ന് കാലിഫോർണിയയിലെ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിൽ വെച്ചായിരുന്നു ഈ പരീക്ഷണ പറക്കൽ നടന്നത്.
ആകാശയാത്രകളിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന നാസയുടെ ‘ക്വസ്റ്റ്’ മിഷന്റെ ഭാഗമായാണ് ഈ വിമാനം നിർമിച്ചിരിക്കുന്നത്. ജനവാസ മേഖലകൾക്ക് മുകളിലൂടെ അതിവേഗ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ആഗോള നിരോധനം നീക്കാൻ ഈ വിജയം വഴിയൊരുക്കും.
ശബ്ദ തരംഗങ്ങളേക്കാൾ വേഗത്തിൽ ഒരു വിമാനം സഞ്ചരിക്കുമ്പോൾ അതിന്റെ മുന്നിലുള്ള വായു തന്മാത്രകൾക്ക് മാറിപ്പോകാൻ സമയം ലഭിക്കില്ല. ഇത് വായുവിനെ കംപ്രസ്സ് ചെയ്യുകയും വലിയൊരു മർദ്ദതരംഗം സൃഷ്ടിക്കുകയും ചെയ്യും. ഈ തരംഗം ഭൂമിയിലേക്ക് പതിക്കുമ്പോൾ വലിയൊരു ഇടിമിഴക്കം പോലെയാണ് അനുഭവപ്പെടുക. ഇതിനെയാണ് ‘സോണിക് ബൂം’ എന്ന് വിളിക്കുന്നത്. ജനങ്ങളുടെ സമാധാനം കെടുത്തുന്ന ഈ വലിയ ശബ്ദം കാരണമാണ് കരഭൂമിക്ക് മുകളിലൂടെ സൂപ്പർസോണിക് വിമാനങ്ങൾ പറത്തുന്നത് ദശകങ്ങൾക്ക് മുമ്പ് നിരോധിച്ചത്.
ആദ്യ ശബ്ദാതിവേഗ പറക്കൽ നടത്തിയ എക്സ്-59 (X-59) പേടകം മാക് 1.077 (Mach 1.077) വേഗത കൈവരിച്ചപ്പോൾ. (ഫോട്ടോ: നാസ)
എന്നാൽ, നാസയുടെ എക്സ്-59 വിമാനം ഈ വലിയ ഇടിമുഴക്കത്തിന് പകരം വളരെ നേർത്തൊരു ശബ്ദം മാത്രമാണ് ഉണ്ടാക്കുക. വണ്ടിപ്പാതയിൽ നിന്ന് ദൂരെ ഒരു കാറിന്റെ ഡോർ അടക്കുന്ന ശബ്ദം മാത്രമേ ഭൂമിയിലുള്ളവർക്ക് കേൾക്കാൻ സാധിക്കൂ. കംപ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക്സ് എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഇതിന്റെ ഡിസൈൻ തയാറാക്കിയത്.വിമാനത്തിന്റെ മുൻഭാഗം മാത്രം ഏകദേശം 30 അടി നീളമുള്ളതാണ്. ഈ സവിശേഷ രൂപം കാരണം വായു തരംഗങ്ങൾ ഒന്നിച്ച് ചേർന്ന് വലിയൊരു തരംഗമാകുന്നതിന് പകരം ചെറിയ ചെറിയ തരംഗങ്ങളായി പിരിഞ്ഞുപോകുന്നു.
വിമാനത്തിന്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത് മുകൾഭാഗത്താണ്. വിമാനത്തിന്റെ ശരീരം ഒരു കവചമായി പ്രവർത്തിച്ച് എഞ്ചിന്റെ ശബ്ദം ഭൂമിയിലേക്ക് എത്തുന്നതിനെ തടയുകയും മുകളിലേക്ക് തിരിച്ചുവിടുകയും ചെയ്യും.ആദ്യ പരീക്ഷണത്തിൽ ശബ്ദത്തിന്റെ 1.1 ഇരട്ടി വേഗതയിലാണ് (Mach 1.1 - മണിക്കൂറിൽ ഏകദേശം 1,147 കിലോമീറ്റർ) എക്സ്-59 പറന്നത്. വരും ദിവസങ്ങളിൽ വിമാനത്തിന്റെ വേഗത മാക് 1.4 ലേക്ക് (മണിക്കൂറിൽ 1,488 കിലോമീറ്റർ) ഉയർത്താനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. ഭാവിയിൽ അതിവേഗ യാത്രകൾ സാധാരണക്കാർക്കും ശബ്ദശല്യമില്ലാതെ ലഭ്യമാക്കാൻ ഈ നാസ വിമാനം സഹായിക്കും.


