Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightശുക്രനും വ്യാഴവും...

ശുക്രനും വ്യാഴവും നേർരേഖയിൽ, 'കോസ്മിക് കിസ്സ്' ഈ ദിവസം കാണാം..

text_fields
bookmark_border
ശുക്രനും വ്യാഴവും നേർരേഖയിൽ, കോസ്മിക് കിസ്സ് ഈ ദിവസം കാണാം..
cancel
camera_altപ്രതീകാത്മക ചിത്രം

വാനനിരീക്ഷകർക്കും ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ഈ മാസം ഒരു അപൂർവ ദൃശ്യവിരുന്ന്. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന അപൂർവ പ്രതിഭാസം ജൂൺ 8, 9 തീയതികളിൽ ആകാശത്ത് ദൃശ്യമാകും. ശാസ്ത്രലോകം 'കോസ്മിക് കിസ്സ്' അല്ലെങ്കിൽ 'പ്ലാനറ്ററി കൺജങ്ഷൻ' എന്ന് വിളിക്കുന്ന ഈ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ സാധിക്കും. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഈ രണ്ട് ഗ്രഹങ്ങളും വെറും 1.6 ഡിഗ്രി മാത്രം അകലത്തിലാകും ആകാശത്ത് പ്രത്യക്ഷപ്പെടുക. ടെലിസ്‌കോപ്പോ മറ്റ് പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ സാധാരണക്കാർക്ക് ഈ കാഴ്ച ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ജൂൺ 8, 9 തീയതികളിൽ സൂര്യനസ്തമിച്ച് കഴിഞ്ഞ് തൊട്ടുപിന്നാലെ പടിഞ്ഞാറൻ ആകാശത്ത് നോക്കിയാൽ ഈ അത്ഭുത കാഴ്ച കാണാം. കൂട്ടത്തിൽ ഏറ്റവും കൂടുതൽ തിളക്കത്തോടെ കാണുന്നത് ശുക്രനായിരിക്കും. ശുക്രന് തൊട്ടടുത്തായി അൽപം പ്രകാശം കുറഞ്ഞ് വ്യാഴവും തിളങ്ങി നിൽക്കുന്നത് കാണാം. നഗരങ്ങളിലെ കനത്ത വെളിച്ചത്തിൽ നിന്നും മാറി, പടിഞ്ഞാറൻ ആകാശം തടസ്സമില്ലാതെ കാണാൻ കഴിയുന്ന ഇടങ്ങളിൽ നിന്നാൽ ഈ ദൃശ്യം വ്യക്തമായി ആസ്വദിക്കാൻ സാധിക്കും.

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ രണ്ട് ഗ്രഹങ്ങൾ നേർരേഖയിൽ വളരെ അടുത്തടുത്ത് വരുന്നതായി തോന്നുന്നതിനെയാണ് 'കൺജങ്ഷൻ' എന്ന് വിളിക്കുന്നത്. യഥാർത്ഥത്തിൽ ബഹിരാകാശത്ത് ഇവർ തമ്മിൽ കോടിക്കണക്കിന് കിലോമീറ്റർ ദൂരമുണ്ടായിരിക്കും. സൂര്യന് ചുറ്റുമുള്ള ഇവരുടെ ഭ്രമണപഥത്തിന്റെ പ്രത്യേകത കൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവർ കെട്ടിപ്പിടിച്ചു നിൽക്കുന്നത് പോലെ തോന്നിക്കുന്നത്.

ശുക്രന്റെയും വ്യാഴത്തിന്റെയും ഈ ഒത്തുചേരൽ ജൂൺ 9ഓടെ തീരില്ല. ജൂൺ 11 മുതൽ 15 വരെയുള്ള തീയതികളിൽ ബുധൻ ഗ്രഹം കൂടി ഇവർക്കൊപ്പം ചേരും. ഇതോടെ പടിഞ്ഞാറൻ ആകാശത്ത് മൂന്ന് ഗ്രഹങ്ങൾ നിരയായി നിൽക്കുന്ന അപൂർവ 'മിനി പരേഡ്' ദൃശ്യമാകും. എന്നാൽ, ബുധൻ ഗ്രഹം ഭൂമിയോട് വളരെ താഴ്ന്ന് നിൽക്കുന്നതിനാൽ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും.

Show Full Article
TAGS:Venus-Jupiter conjunction planetary science Astronomy Science news 
News Summary - Venus and Jupiter in a straight line, 'cosmic kiss' to be seen today
Next Story