‘അബു അരീക്കോടിന്റെ മരണം: നമ്മുടെ യുവാക്കൾക്ക് എന്താണ് സംഭവിക്കുന്നത്? ജീവിക്കാനുള്ള കരുത്ത് ചോർന്നു പോകുന്നത് എങ്ങനെയാണ്?’
text_fieldsഅബു അരീക്കോട്
കോഴിക്കോട്: അബു അരീക്കോട് എന്ന നിയമവിദ്യാർഥിയുടെ മരണം സൈബർ ലോകത്തും അദ്ദേഹത്തെ അറിയുന്നവരിലും ഉണ്ടാക്കിയ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. ഇടത് സൈബർ ഇടങ്ങളിൽ സജീവമായിരുന്ന യൂട്യൂബർ കൂടിയായ അബു അരീക്കോട് എന്ന വി അബൂബക്കറിനെ ഇന്നലെയാണ് താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കരീം മുസ്‍ലിയാർ -റുഖിയ ദമ്പതികളുടെ മകനാണ്. റുഫൈദ, റാഷിദ, ഫാറൂഖ്, നജീബ്, മുജീബ്, റാഫിദ, റഹീബ എന്നിവർ സഹോദരങ്ങളാണ്.
സി.പി.എം കാരിപ്പറമ്പ് ബ്രാഞ്ച് അംഗമായിരുന്ന അബു, താമരശ്ശേരി കൈതപ്പൊയിൽ നോളജ് സിറ്റിയിലെ മർകസ് ലോ കോളജ് മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. ഇടത് സൈബർ ഹാൻഡിലുകളിൽ വളരെ ജനപ്രിയനായിരുന്ന അദ്ദേഹം പൊതുയോഗങ്ങളിലും തീപ്പൊരി പ്രസംഗങ്ങൾ നടത്താറുണ്ടായിരുന്നു.
അബുവിന്റെ മരണം ലോൺ ആപ്പുകളുടെ കെണിയിൽപെട്ടാണ് എന്ന ആരോപണം ഉയരുന്നുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, യുവാക്കളിൽ പെരുകുന്ന ആത്മഹത്യയെ കുറിച്ച് ആശങ്കയോടെയാണ് പലരും പ്രതികരിക്കുന്നത്. ഒതുങ്ങിക്കൂടുന്ന പ്രകൃതമല്ലാത്ത ആളുകൾ പോലും മരണവഴി ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ എവിടെയോ എന്തോ പ്രശ്നമുണ്ടെണന്ന് പറയുകയാണ് എസ്.വൈ.എസ് മുൻ നേതാവും എഴുത്തുകാരനുമായ മുഹമ്മദലി കിനാലൂർ.
‘നമ്മുടെ യുവാക്കൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിക്കാതെയും ആകുലപ്പെടാതെയും വയ്യ. ജീവിക്കാനുള്ള കരുത്ത് അവരിൽ നിന്ന് ചോർന്നു പോകുന്നത് എങ്ങനെയാണ്. ഏത് ദുർബല നിമിഷത്തിലാണ് അവർ മരണത്തിലേക്ക് നടന്നു പോകുന്നത്. മരിക്കാൻ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കാരണങ്ങൾ ജീവിച്ചിരിക്കുന്നതിനുണ്ട് എന്ന് അവർക്ക് തോന്നാത്തത് എന്തുകൊണ്ടാണ്. നമ്മുടെ യുവതീ യുവാക്കളുടെ മാനസികാരോഗ്യം പാടേ പരിക്ഷീണമാണോ. എങ്കിൽ അതിനുള്ള പരിഹാരമാർഗങ്ങൾ നമ്മൾ തേടേണ്ടിയിരിക്കുന്നു’ -അദ്ദേഹം പറയുന്നു.
‘ഒരു വാക്ക് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ, ഒന്ന് വിളിച്ചിരുന്നുവെങ്കിൽഎന്ന് ഓർത്തു പോവുന്നു’ എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ അബുവിനെ കുറിച്ച് എഴുതിയത്. ‘പ്രിയപ്പെട്ട അബുവിന്റെ വിയോഗദുഃഖം ഘനീഭവിച്ച പകലാണിന്ന്.
വേരു പിടിക്കുന്നതിന് മുമ്പേ ഒരു പൂമരം വേരറ്റ് …. മറയില്ലാതെ നിഷ്കളങ്കമായി ചിരിക്കുന്ന, സംസാരിക്കുമ്പോൾ ആശയങ്ങളും,ശബ്ദവും ഒരുപോലെ ഗാംഭീര്യമുള്ളതായി മാറുന്ന അബു. ആത്മീയതയും ഇടതു സൈദ്ധാന്തികതയും സമന്വയിപ്പിച്ച് ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് എഴുതിയും പറഞ്ഞും അബു എന്നോ ഒരിക്കൽ എന്റെയും പ്രിയപ്പെട്ടവനായി. ആശയധാരകൾക്കും രാഷ്ട്രീയ ചിന്തകൾക്കും അതീതമായി ആ ബന്ധം നിലനിന്നു. ഹൃദയത്തിൽ സൗഹൃദത്തിന്റെ ഒരു ചരട് പൊട്ടിയ വേദനയാണെനിക്ക് പറയാതെ വന്ന്, നമ്മളറിയാതെ കടന്നുപോവുന്ന ചിലരുണ്ട്. “നക്ഷത്രങ്ങളെപ്പോലെ” എങ്കിലും, “എന്തായിരുന്നാലും” ഒരു വാക്ക് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ എന്ന് ഓർത്തു പോവുന്നു’ -അൻവർ പറഞ്ഞു.
മുഹമ്മദലി കിനാലൂർ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:
അബു അരീക്കോട് ജീവിതം അവസാനിപ്പിച്ചു എന്നറിയുന്നു. ആളെ നേരിട്ട് പരിചയമില്ല. സോഷ്യൽ മീഡിയയിൽ കണ്ട പരിചയമേ ഉള്ളൂ. എന്തിന് ജീവിതം അവസാനിപ്പിച്ചു എന്നറിയില്ല. അത് വേണ്ടിയിരുന്നോ എന്ന് ചോദിക്കുന്നതിലും കാര്യമില്ല.
നല്ല പഠിപ്പും ലോകവിവരവും ഉള്ള ചെറുപ്പക്കാരനായിരുന്നു. രാഷ്ട്രീയ ബോധ്യങ്ങളും ഉണ്ടായിരുന്നു. അത് പ്രകടിപ്പിക്കാൻ ധൈര്യവും ഇടവും ഉണ്ടായിരുന്നു. സിപിഎമ്മിനെ ജീവനായി കണ്ട സഖാവായിരുന്നു. പാർട്ടിയിലും പുറത്തും നേതാക്കളും പ്രവർത്തകരുമായി ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്നു. സങ്കടം കേൾക്കാനും നിവർത്തിച്ചു നൽകാനും മാത്രം സുഹൃദ് സമൃദ്ധമായിരുന്നു ജീവിതം. എന്നിട്ടും അബു മരണം തിരഞ്ഞെടുത്തു.
നമ്മുടെ യുവാക്കൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിക്കാതെയും ആകുലപ്പെടാതെയും വയ്യ. ജീവിക്കാനുള്ള കരുത്ത് അവരിൽ നിന്ന് ചോർന്നു പോകുന്നത് എങ്ങനെയാണ്. ഏത് ദുർബല നിമിഷത്തിലാണ് അവർ മരണത്തിലേക്ക് നടന്നു പോകുന്നത്. മരിക്കാൻ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കാരണങ്ങൾ ജീവിച്ചിരിക്കുന്നതിനുണ്ട് എന്ന് അവർക്ക് തോന്നാത്തത് എന്തുകൊണ്ടാണ്. നമ്മുടെ യുവതീ യുവാക്കളുടെ മാനസികാരോഗ്യം പാടേ പരിക്ഷീണമാണോ. എങ്കിൽ അതിനുള്ള പരിഹാരമാർഗങ്ങൾ നമ്മൾ തേടേണ്ടിയിരിക്കുന്നു. ഒതുങ്ങിക്കൂടുന്ന പ്രകൃതമല്ലാത്ത ആളുകൾ പോലും മരണവഴി ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ എവിടെയോ എന്തോ പ്രശ്നമുണ്ട്. നല്ല അപഗ്രഥനം ആവശ്യമുള്ള മേഖലയാണ്.
അബുവിന് അന്ത്യാഞ്ജലികൾ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471-2552056)


