'ഒരു ചുക്കും ചുണ്ണാമ്പുമല്ല, വർഗീയ നാവിനുടമ മാത്രമാണ് അയാൾ, മിസ്റ്റർ തരൂർ ഉണ്ടുറങ്ങി കിടക്കുന്നിടത്ത് തന്നെ നിരന്തരം മാലിന്യം വിതറാതെ ഇറങ്ങിപ്പൊയ്ക്കൂടെ..!'; ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിച്ച് ജന്മദിനാശംസകൾ നേർന്ന് സമൂഹമാധ്യങ്ങളിൽ പോസ്റ്റിട്ട ശശി തരൂരിനെതിരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ഡോ.ജിന്റോ ജോൺ.
തരൂരിന് പറ്റിയ ഇടമല്ല കോൺഗ്രസ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ഉണ്ടുറങ്ങി കിടക്കുന്നിടത്ത് തന്നെ മാലിന്യം വാരിയെറിഞ്ഞ് നിരന്തരം ദുർഗന്ധം വിതറാതെ ഇറങ്ങിപ്പൊയ്ക്കൂടെയെന്നും ജിന്റോ ജോൺ തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂരിന് മറുപടി നൽകിയത്.
നിരന്തരം നെറികേടുകൾ പറഞ്ഞിട്ടും അവഗണിച്ചു വിടുന്ന നേതൃത്വത്തെ കൊണ്ട് തന്നെ പുറത്താക്കിച്ച് രക്തസാക്ഷി പരിവേഷമാണ് ഇനി കെട്ടിയാടാൻ കൊതിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്നും യഥാർഥ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും നിങ്ങളിപ്പോൾ ദിനംപ്രതി വാരിക്കൂട്ടുന്ന അവഗണന തന്നെയാണ് നിങ്ങൾക്കുള്ള മറുപടിയെന്നും ജിന്റോ പറഞ്ഞു.
എൽ.കെ.അദ്വാനി അദ്വാനിയുടെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന ഈ രാജ്യത്തിന്റെ മതേതര മിനാരങ്ങൾ തച്ചു തകർക്കാൻ രഥയാത്ര നടത്തിയും കർസേവക്കുള്ള ആയുധങ്ങൾ മൂർച്ഛ കൂട്ടി നൽകിയതുമാണ്. അതൊരു മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനമായി തോന്നുന്ന താങ്കൾ അക്കാരണം കൊണ്ടുതന്നെ കോൺഗ്രസ് അല്ലാതായി മാറിയിരിക്കുന്നുവെന്നും തരൂരിനോട് ജിന്റോ പറഞ്ഞു.
അദ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു തരൂർ ജൻമദിനാശംസ നേർന്നത്. അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പോസ്റ്റിൽ അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂർ പ്രശംസിച്ചു.പൊതുസേവനത്തോടുള്ള അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ ഒരിക്കലും മായ്ക്കാൻ പറ്റാത്തതാണെന്നും തരൂർ എക്സിൽ കുറിച്ചു.അദ്വാനിയെ 'ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ' എന്ന് വിശേഷിപ്പിച്ച തരൂർ അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണ് എന്നും അഭിപ്രായപ്പെട്ടു.
പ്രശംസ വിവാദമായെങ്കിലും അതിൽ ഉറച്ച് നിൽക്കുകയായിരുന്നു തരൂർ. എൽ.കെ. അദ്വാനിയുടെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത് എന്നായിരുന്നു ശശി തരൂർ എക്സിൽ കുറിച്ചത്. ''അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത് അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ നീതി കാണിക്കണം''-എന്നാണ് കുറിച്ചത്.
ഡോ. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘'ആധുനിക ഇന്ത്യയുടെ സഞ്ചാരപഥത്തെ രൂപപ്പെടുത്തുന്നതില്‍ ശാശ്വതമായ പങ്ക് വഹിച്ച, പൊതുസേവനത്തോട് അചഞ്ചലമായ പ്രതിബദ്ധത കാട്ടിയ, വിനയാന്വിതനും മാന്യനും മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനാണ് ലാല്‍ കൃഷ്ണ അദ്വാനി"യെന്ന ഒറ്റ പ്രസ്താവന മാത്രം മതി മിസ്റ്റർ തരൂർ താങ്കൾക്ക് പറ്റിയ ഇടമല്ല കോൺഗ്രസ് എന്ന് വിലയിരുത്താൻ. ഉണ്ടുറങ്ങി കിടക്കുന്നിടത്ത് തന്നെ ഇതുപോലെ മാലിന്യം വാരിയെറിഞ്ഞു നിരന്തരം ദുർഗന്ധം വിതറാതെ ഇറങ്ങിപ്പൊയ്ക്കൂടെ മാന്യമായി. ഇത്രയും കാലം താങ്കളും താങ്കളേയും ആഘോഷിച്ച ഇടത്തോട്, സകല സംഘികളും താങ്കളുടെ വ്യക്തിജീവിതത്തെ പോലും വേട്ടയാടിയപ്പോൾ പരിചയായി നിന്ന കോൺഗ്രസ് പാർട്ടിയോട് ആ മാന്യതയെങ്കിലും കാണിച്ചുകൂടെ.
നന്ദി എന്ന വികാരം ഉണ്ടാകാൻ വിശ്വപൗരൻ ആകണ്ടല്ലോ, സാമാന്യ മര്യാദയുള്ള മനുഷ്യനായാൽ പോരേ? വിശ്വപൗരനെന്ന സ്വയംവലയിത അമിത പ്രചാരവേലയിൽ നിന്ന് മണ്ണിലേക്കിറങ്ങി വന്ന് സാമാന്യ മര്യാദയുള്ള മനുഷ്യന്റെ നിലവാരമെങ്കിലും പ്രകടിപ്പിച്ചുകൂടെ ശശി സാറേ. നിരന്തരം നെറികേടുകൾ പറഞ്ഞിട്ടും അവഗണിച്ചു വിടുന്ന നേതൃത്വത്തെ കൊണ്ട് തന്നെ പുറത്താക്കിച്ച് രക്തസാക്ഷി പരിവേഷമാണ് ഇനി കെട്ടിയാടാൻ കൊതിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. യഥാർത്ഥ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും നിങ്ങളിപ്പോൾ ദിനംപ്രതി വാരിക്കൂട്ടുന്ന അവഗണന തന്നെയാണ് നിങ്ങൾക്കുള്ള മറുപടി.
ചോറിവിടേയും കൂറ് സംഘപരിവാർ ഗോശാലയിലുമായി കോൺഗ്രസ്സിൽ ചുറ്റിത്തിരിയുന്ന താങ്കളോട്, ഞങ്ങൾക്ക് മുന്നിൽ നിങ്ങളിത്രയും വിലയില്ലാത്ത അവസ്ഥയിലെത്തി എന്ന ഉറച്ച പ്രഖ്യാപനമാണത്. മല്ലികാർജ്ജുൻ ഗാർഖേ എന്തുകൊണ്ട് കോൺഗ്രസിന്റെ പ്രസിഡന്റായി എന്നും, ആകേണ്ടതുണ്ടായിരുന്നു എന്നും ഓരോ ദിവസവും സംഘിപക്ഷ നിലപാടുകളിലൂടെ താങ്കൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ദയവ് ചെയ്ത് അതിലേക്കായി ഇനിയും തെളിവുകൾ നിരത്തേണ്ടതില്ല. കോൺഗ്രസ്സിനുള്ളിൽ നിന്നുകൊണ്ട് ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന നിങ്ങൾക്ക് ഇനിയുമിവിടെ കടിച്ചുത്തൂങ്ങിയാടാൻ അല്പം പോലും ഉളുപ്പില്ലേ.
രാജ്യത്ത് പ്രധാന തെരഞ്ഞെടുപ്പുകൾ നടക്കുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനപക്ഷ സമരങ്ങളുമായി കോൺഗ്രസ് തെരുവ് നിറയുമ്പോഴും നിൽക്കുന്ന ഇടം മറന്നുള്ള താങ്കളുടെ അക്ഷരാഭ്യാസങ്ങൾ പതിവാണ്. പ്രവർത്തക സമിതിയംഗം എന്ന നിലയിൽ കോൺഗ്രസ്‌പക്ഷ പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ലെങ്കിലും മോദി പക്ഷ പണികൾ ആവോളം ചെയ്യുന്നുമുണ്ടല്ലോ. ഏറ്റവും കുറഞ്ഞപക്ഷം താങ്കൾക്ക് ഇപ്രാവശ്യം പാർലമെന്റ് കയറാൻ കഷ്ടപ്പെട്ട സാധാരണ കോൺഗ്രസ് പ്രവർത്തകരെ പ്രതിസന്ധിയിലാക്കരുത്. ഇങ്ങനെ സംഘിസേവ നടത്തി ഈ പാവം മലയാളികളെ മാനം കെടുത്തരുത്.
താങ്കൾ പറഞ്ഞതുപോലെ എൽ കെ അദ്വാനിയെ ഒരു കാരണവശാലും നെഹ്‌റുവിനോടും ഇന്ദിരയോടും താരതമ്യം ചെയ്യാനാവില്ല. കാരണം നെഹ്റുവും ഇന്ദിരയുമെല്ലാം ജീവിച്ചു മരിച്ചത് ഈ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനായിരുന്നു. രാജ്യത്തെ മുഴുവൻ മനുഷ്യരേയും ഒരുപോലെ കൂട്ടിപ്പിടിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെയാണ് അവരെല്ലാം ജനഹൃദയങ്ങളിൽ ഇടം നേടിയത്. അദ്വാനിയുടെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന ഈ രാജ്യത്തിന്റെ മതേതര മിനാരങ്ങൾ തച്ചു തകർക്കാൻ രഥയാത്ര നടത്തിയും കർസേവക്കുള്ള ആയുധങ്ങൾ മൂർച്ഛ കൂട്ടി നൽകിയതുമാണ്. അതൊരു മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനമായി തോന്നുന്ന താങ്കൾ അക്കാരണം കൊണ്ടുതന്നെ കോൺഗ്രസ് അല്ലാതായി മാറിയിരിക്കുന്നു. അദ്വാനിയുടെ പ്രതിബദ്ധത ആർഎസ്എസിനോട് മാത്രമായിരുന്നു.
അയാളുടെ മാന്യതയെന്ന് നിങ്ങൾ വാഴ്ത്തിയ പ്രവർത്തനരീതികൾ ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് മേലുള്ള കുടില കരിമ്പടമായിരുന്നു. ആനുകാലിക ഇന്ത്യയിലെ സംഘപരിവാർ സഞ്ചാരപഥത്തെ രൂപപ്പെടുത്തുന്നതിൽ അയാൾ വഹിച്ച പങ്ക് ആയിരക്കണക്കിന് മതന്യൂനപക്ഷ മനുഷ്യരുടെ രക്തം കൊണ്ട് പങ്കിലമായ ആസൂത്രിത കലാപങ്ങൾക്ക് കാരണമായ വിഷ വാക്കുകളായിരുന്നു. അതിനപ്പുറം ആധുനിക ഇന്ത്യയിൽ ഒരു ചുക്കും ചുണ്ണാമ്പും മണ്ണാങ്കട്ടയും ചെയ്തിട്ടില്ല സംഘപരിവാറിന്റെ ഈ ആർഎസ്എസ് അവദൂതൻ. ഇന്ന് ഈ രാജ്യത്ത് കാണുന്ന രീതിയിൽ വിദ്വേഷ പ്രചരണത്തിന്റെ വേഗം കൂട്ടിയ വർഗ്ഗീയ നാവിനുടമ മാത്രമാണ് അയാൾ... മോദിയും യോഗിയും അമിത് ഷായുമടക്കമുള്ളവർ വിഷ വിദ്വേഷപ്പണി പഠിച്ച കളരിയുടെ ആശാൻ."


