‘നിങ്ങൾ വേറെ പണിനോക്കണം’ -മോദിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര; ‘ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമുണ്ട്’
text_fieldsന്യൂഡൽഹി: ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയി ഒരു ചായക്കട തുറക്കാമെന്നുമുള്ള പ്രധാനമരന്തി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ച്, കടുത്ത മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ‘അതെ, നമ്മെ സംരക്ഷിക്കാൻ ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു’ -മൊയ്ത്ര പറഞ്ഞു.
ഡൽഹി ചെങ്കോട്ടക്ക് സമീപം ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിട്ടും മോദി മുൻകൂട്ടി നിശ്ചയിച്ച ഭൂട്ടാൻ പര്യടനത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് മൊയ്ത്രയുടെ രൂക്ഷ വിമർശനം. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ, 2014 ഏപ്രിൽ 29നായിരുന്നു മോദിയുടെ ട്വീറ്റ്. ‘ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്. മോദി എന്നത് ഒരു വിഷയമല്ല. എനിക്ക് തിരികെ പോയി ഒരു ചായക്കട തുറക്കാം. പക്ഷേ, രാഷ്ട്രത്തിന് ഇനിയും സഹിക്കാനാവില്ല’ -എന്നായിരുന്നു ട്വീറ്റ്.
ആഭ്യന്തരമന്ത്രി അമിത് ഷായെയും മഹുവ കടുത്ത ഭാഷയിൽ വിമർശിച്ചു. ‘ഇന്ത്യക്ക് വേണ്ടത് കഴിവുള്ള ഒരു ആഭ്യന്തര മന്ത്രിയെയാണ്, മുഴുവൻ സമയ വിദ്വേഷ പ്രചാരണ മന്ത്രിയല്ല. നമ്മുടെ അതിർത്തികളെയും നഗരങ്ങളെയും സംരക്ഷിക്കേണ്ടത് ആഭ്യന്തരമന്ത്രി അമിത്ഷായുടെ കടമയല്ലേ? എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇത്രയധികം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?’ -മൊയ്ത്ര ചോദിച്ചു.
അതിനിടെ, സ്ഫോടനത്തിന്റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കും. രാജ്യത്തെ നടുക്കിയ സംഭവത്തിന് പിന്നിൽ ചാവേർ ആക്രമണ സാധ്യത തള്ളാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ മുതിർന്ന എൻ.ഐ.ഐ ഉദ്യോഗസ്ഥരടക്കമുള്ളവർ സംഭവ സ്ഥലത്തെത്തിയിരുന്നു.
സ്ഫോടനത്തിൽ 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുപ്പതിലേറെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു. ഇവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്. സംഭവം ചർച്ചചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻ.ഐ.എ ഡി.ജി സദാനന്ദ് വസന്ത് ദത്തേ എന്നിവർ പങ്കെടുത്തു. ജമ്മു കശ്മീർ ഡി.ജി.പി നളിൻ പ്രഭാത് ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. സംഭവത്തിൽ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ഇന്നുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എച്ച്.ആർ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് നിറുത്തിയിട്ടിരുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സ്ഫോടന സമയത്ത് കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സംഘവുമായി ബന്ധമുള്ള ഡോ. മുഹമ്മദാണെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തും.


