Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘ഡൽഹി സ്ഫോടനം: ഈ...

‘ഡൽഹി സ്ഫോടനം: ഈ സമയത്ത് ഒറ്റ ചോദ്യം പോലുമില്ലാത്തവരാണ് ശരിക്കും രാജ്യദ്രോഹികൾ... തക്കം പാർത്തിരിക്കുന്ന മുന്നമാർ’

text_fields
bookmark_border
RED FORT BLAST
cancel

കൊച്ചി: 2008 നവംബർ 26ന് മുംബൈ ഭീകരാക്രമണത്തിന്റെ പിറ്റേന്ന് ‘ഭീകരാക്രമണത്തിനെതിരെ പൊരുതാൻ ശേഷിയുള്ളത് ബിജെപിക്ക് മാത്രമാണ്’ എന്ന് പത്രപരസ്യം കൊടുത്തവർക്ക്, രാജ്യം ഭീകരാക്രമണത്തെ നേരിടുമ്പോൾ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നുള്ള വെളിപാട് എന്നുമുതലാണ് ശീലമായതെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഭീകരാക്രമണം ഉണ്ടായതിന്റെ രണ്ടാം നാൾ, നവംബർ 28ന് നരേന്ദ്രമോദി മുംബൈയിലെ ഒബ്രോയി റൈഡന്റ് ഹോട്ടലിന്റെ മുന്നിൽ നിന്ന് പത്രക്കാരോട് സുരക്ഷാ വീഴ്ചയെ കുറിച്ച് വാവിട്ട് പറഞ്ഞത് ഇവർക്ക് രാജ്യസ്നേഹമില്ലാഞ്ഞിട്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

2016 നവംബർ 8ന് ശേഷം രാജ്യത്ത് ഇതുവരെ 5500 ലധികം ഭീകരാക്രമണങ്ങൾ നടന്നതിൽ തൊള്ളായിരത്തോളം സിവിലിയൻമാരും അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരും മരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം അതിനേക്കാൾ ഒരുപാട് ആയിരക്കണക്കിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ രാജ്യത്തെ സകല മനുഷ്യരെയും കൊള്ളയടിച്ചും കപട വാഗ്ദാനങ്ങൾ നൽകിയും വിദേശ വിനോദയാത്രകൾ ആനന്ദകരമാക്കുന്ന നരേന്ദ്രമോദി ഉത്തരം മുട്ടിയിരിക്കുമ്പോൾ നിരന്തരം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഏതൊരു രാജ്യസ്നേഹിയുടെയും ഏറ്റവും പ്രധാനപ്പെട്ട ആനുകാലിക ഇന്ത്യൻ ഉത്തരവാദിത്തം. ഈ സമയത്ത് പോലും ഒറ്റ ചോദ്യം പോലുമില്ലാത്തവരാണ് ശരിക്കും രാജ്യദ്രോഹികൾ... കൊല്ലുന്നവരേക്കാൾ വിഷമുള്ള കൊലയ്ക്ക് കൂട്ടുനിൽക്കുന്ന മൗനഭീകരവാദികൾ. തക്കം പാർത്തിരിക്കുന്ന മുന്നമാർ’ -ഡോ. ജിന്റോ ജോൺ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ഡൽഹി ചെങ്കോട്ടയിൽ 13 മനുഷ്യർ മരണപ്പെട്ട ഭീകരാക്രമണം നടന്നത് വൈകിട്ട് 6.52 നാണ്. രാജ്യത്ത് ഭീകരാക്രമണവും കള്ളപ്പണം വ്യാപനം തടയലും ലക്ഷ്യം വെച്ച് മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിന്റെ ഒമ്പതാം വാർഷികത്തിന്റെ രണ്ടാം നാളാണ് ഈ ഭീകരാക്രമണം നടന്നത്! 2016 നവംബർ 8 ന് ശേഷം രാജ്യത്ത് ഇതുവരെ 5500 ലധികം ഭീകരാക്രമണങ്ങൾ നടന്നതിൽ തൊള്ളായിരത്തോളം സിവിലിയൻമാരും അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരും മരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം അതിനേക്കാൾ ഒരുപാട് ആയിരക്കണക്കിനാണ്. ഇതിൽ തന്നെ പൊതുജനശ്രദ്ധയിൽ വന്നിട്ടുള്ള അക്രമങ്ങൾ അമർനാഥ്‌ യാത്രയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണവും പുൽവാമയിലെ പട്ടാളക്കാരുടെ കോൺവോയ്ക്ക് നേരെയുണ്ടായ അറ്റാക്കും പഹൽഗാം, ഡൽഹി ഭീകരാക്രമണവുമെല്ലാമാണ്.

പുൽവാമയിൽ 300 കിലോ ആർഡിഎക്സുമായി മണിക്കൂറുകളോളം കാറിൽ കാത്തുകിടന്നാണ് 40 പട്ടാളക്കാരെ പെരുവഴിയിൽ കൊന്നുകളഞ്ഞത്. അതിർത്തികടന്ന് നൂറുകണക്കിന് കിലോമീറ്റർ ഉള്ളിൽ വന്നു എല്ലാ സുരക്ഷാ സംവിധാനങ്ങളേയും വെല്ലുവിളിച്ചു നടത്തിയ പഹൽഗാം ഭീകരാക്രമണത്തിൽ 26 സിവിലിയൻസാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ അറ്റാക്കും സമാന രീതിയിലാണ്. പകൽസമയത്ത് സ്ഫോടവസ്തുക്കളുമായി 3 മണിക്കൂറോളം ഒരു കാറിൽ ചെങ്കോട്ട പോലെ അതീവ സുരക്ഷാ മേഖലയിൽ പാർക്ക് ചെയ്താണ് സ്ഫോടനം നടത്തിയത്. ഇവിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷേ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് ചോദിക്കുന്നതിനുള്ള സമയം കേന്ദ്രസർക്കാർ തീരുമാനിക്കുമത്രേ?

2008 നവംബർ 26ന് മുംബൈ ഭീകരാക്രമണം ഉണ്ടായതിന്റെ രണ്ടാം നാൾ നവംബർ 28ന് നരേന്ദ്രമോദി മുംബൈയിലെ ഒബ്രോയി റൈഡന്റ് ഹോട്ടലിന്റെ മുന്നിൽ നിന്ന് പത്രക്കാരോട് സുരക്ഷാ വീഴ്ചയെ കുറിച്ച് വാവിട്ട് പറഞ്ഞതും അതിന്റെ പിറ്റേന്ന് ഭീകരാക്രമണത്തിനെതിരെ പൊരുതാൻ ശേഷിയുള്ളത് ബിജെപിക്ക് മാത്രമാണെന്നുള്ള പത്രപരസ്യം രാജ്യത്തെമ്പാടും കൊടുത്തതും ഇവർക്ക് രാജ്യസ്നേഹമില്ലാഞ്ഞിട്ടാകുമല്ലോ അല്ലേ? രാജ്യം ഭീകരാക്രമണത്തെ നേരിടുമ്പോൾ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നുള്ള വെളിപാട് എന്നുമുതലാണ് ബിജെപിക്ക് ശീലമായത്? നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം മാത്രമല്ലേ? ഒരിക്കലും ബിജെപി ഭരിക്കില്ല എന്നോർത്താണോ അന്നതൊക്കെ തള്ളി മറിച്ചത്? ഇന്ന് അതിർത്തി സുരക്ഷയും, പട്ടാളവും ആയുധങ്ങളും അധികാരങ്ങളും മോദിയുടെ വിളിപ്പുറത്തല്ലേ? നിങ്ങളുടെ മുൻ സിദ്ധാന്തമനുസരിച്ച് ഇപ്പോൾ മോദിയല്ലാതെ മറ്റാരാണ് ഇതിനെല്ലാം ഉത്തരവാദി?

ഇവിടെ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ ഏതെങ്കിലും ഒരു മതത്തിനോ മനുഷ്യർക്കോ വേണ്ടിയല്ല, ഈ രാജ്യത്തിനും ഇവിടുത്തെ മുഴുവൻ മനുഷ്യർക്കും എതിരായ അക്രമമാണ് ചെയ്തത്. അക്കാര്യത്തിൽ ഒരു തർക്കത്തിന് പോലുമിടയില്ല. ഡൽഹി അക്രമത്തിൽ മരണപ്പെട്ട മനുഷ്യരുടെ ജാതിയും മതവും ആരും തിരയുന്നില്ല എന്നതും ഇപ്രാവശ്യം ഒരു കൗതുകമാണ്! കൊല്ലുന്ന നികൃഷ്ടർ ആരായാലും കൊല്ലപ്പെട്ടവരെല്ലാം ഇന്ത്യൻ പൗരരാണ്. ഇതിന്റെയെല്ലാം ഉത്തരവാദികൾ ആരാണ് എന്നാണ് പരിശോധിക്കേണ്ടത്. ഉത്തരവാദിത്വത്തിലും സുരക്ഷാ സംവിധാനങ്ങളിലും വലിയ വീഴ്ച സംഭവിച്ചിട്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം മറുപടി പറയേണ്ട നിരവധി ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്. പുൽവാമയും മണിപ്പൂരും മുതൽ പഹൽഗാം വരെ സംഭവിച്ചപ്പോൾ ചോദ്യം ചോദിക്കേണ്ട സമയക്രമം കേന്ദ്രസർക്കാർ തീരുമാനിക്കും എന്നാണ് പറഞ്ഞത്. അത് ചോദ്യങ്ങളെ ഭയക്കുന്ന സർക്കാരിന്റെ നേർച്ചിത്രമാണ് വരച്ചുകാട്ടുന്നത്.

രാജ്യത്തെ പൗരർ ഭരണകൂട വീഴ്ച കൊണ്ട് നിരന്തരം കൂട്ടമായി കൊല്ലപ്പെടുമ്പോൾ ചോദ്യങ്ങളുയർത്തുന്ന മുഴുവൻ മനുഷ്യരേയും രാജ്യദ്രോഹികളായാണ് ബിജെപി മുദ്രകുത്തുന്നത്. ആ ചാപ്പ ഇനി ഏൽക്കില്ല.

അതിർത്തിയിൽ പട്ടാളക്കാർ ഭീകരരോട് ഏറ്റുമുട്ടി വീരമൃതി വരിക്കുന്നത് പോലെയല്ല രാജ്യത്തിനകത്ത് നിരന്തരമായി ആസൂത്രിത ഭീകരാക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളിലും സംശയം ജനിപ്പിക്കുന്ന ഇത്തരം ഭീകരാക്രമണങ്ങൾ വിരൽ ചൂണ്ടുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരാജയത്തിലേക്കും അനാസ്ഥയിലേക്കുമാണ്. സാമാന്യബോധമുള്ള സകല മനുഷ്യർക്കും ബോധ്യപ്പെടുന്ന അക്കാര്യം സംഘികൾക്ക് മാത്രം ഇപ്പോഴും മിടുക്കാണെന്നത് രാജ്യത്തിന്റെ ദുര്യോഗമാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര-സംസ്ഥാന മന്ത്രിമാർ രാജിവച്ച മുൻ അനുഭവങ്ങൾ ധാർമ്മികത തൊട്ടുതീണ്ടാത്ത നരേന്ദ്രമോദി സർക്കാരിൽ പ്രതീക്ഷിക്കുന്നതേ വിഡ്ഢിത്തരമല്ലേ. ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ലാത്ത ഗതികെട്ട അവസ്ഥയിലാണ് ഇന്ത്യൻ ജനാധിപത്യം. അതല്ലെങ്കിൽ കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷാ രാജിവയ്ക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഉത്തരം പറയേണ്ട മോദി ഭൂട്ടാൻ രാജാവിന്റെ ബർത്ത്ഡേ ആഘോഷത്തിൽ നൃത്തം ചെയ്യുന്ന തിരക്കിലാണ്! അയൽപക്കത്തെ രാജാവിന്റെ ജന്മദിന ആട്ടം കഴിഞ്ഞു നരേന്ദ്രമോദി തിരിച്ചെത്തുമ്പോൾ ഈ രാജ്യത്തെ മനുഷ്യർക്ക് മേൽ ഭീകരവാദികൾ മരണതാണ്ഡവം നടത്തുന്നു!!

അകത്ത് നിന്നും പുറത്ത് നിന്നുമുള്ള ഭീകരർ നടത്തിയ അക്രമങ്ങളായാലും സംഝോധ എക്സ്പ്രസ് ആക്രമണം, മക്കാ മസ്ജിദ് ആക്രമണം, മലേഗാവ് സ്ഫോടനം പോലുള്ള അനവധി അക്രമങ്ങളായാലും യഥാർത്ഥ കുറ്റവാളികളെ പിന്നീട് കണ്ടെത്തിയാലും ജനങ്ങളവരെ തിരിച്ചറിഞ്ഞാലും കോടതികൾ വെറുതെ വിടുമ്പോൾ, കൊല്ലപ്പെട്ട മനുഷ്യർ എങ്ങനെ മരണപ്പെട്ടുവെന്നും കൊന്നവർ ആരാണെന്നും മാത്രം നിയമപരമായി ഉറപ്പിക്കാത്ത നിരവധി സംശയങ്ങളുടെ കാലഘട്ടം കൂടിയാണ് ഈ സംഘപരിവാർ ഭരണകൂട കാലം.

ഇതിനെല്ലാം ഉത്തരം പറയേണ്ടവരും ഉത്തരവാദിയായവരും ഉത്തരമില്ലാതെ, ചോദ്യങ്ങൾ ഉയർത്തുന്നവർക്കെതിരെ രാജ്യദ്രോഹി പട്ടം ചാർത്തുന്നതിന്റെ തിരക്കിലാണ്. ഈ രാജ്യത്തെ സകല മനുഷ്യരെയും കൊള്ളയടിച്ചും കപട വാഗ്ദാനങ്ങൾ നൽകിയും വിദേശ വിനോദയാത്രകൾ ആനന്ദകരമാക്കുന്ന നരേന്ദ്രമോദി ഉത്തരം മുട്ടിയിരിക്കുമ്പോൾ നിരന്തരം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഏതൊരു രാജ്യസ്നേഹിയുടെയും ഏറ്റവും പ്രധാനപ്പെട്ട ആനുകാലിക ഇന്ത്യൻ ഉത്തരവാദിത്തം. ഈ സമയത്ത് പോലും ഒറ്റ ചോദ്യം പോലുമില്ലാത്തവരാണ് ശരിക്കും രാജ്യദ്രോഹികൾ... കൊല്ലുന്നവരേക്കാൾ വിഷമുള്ള കൊലയ്ക്ക് കൂട്ടുനിൽക്കുന്ന മൗനഭീകരവാദികൾ. തക്കം പാർത്തിരിക്കുന്ന മുന്നമാർ.

Show Full Article
TAGS:Delhi Red Fort Blast Jinto John terror attack BJP 
News Summary - dr jinto john questions about DELHI RED FORT BLAST
Next Story