ജീവന്‍ നഷ്ടപ്പെട്ട ഹിന്ദുക്കളുടെയും മുസ്‍ലിംകളുടെയും ഓര്‍മകളും നരകജീവിതവുമാണ് അദ്വാനിയുടെ സഞ്ചാരപഥം -ശശി തരൂരിന് മറുപടിയുമായി സുധാമേനോൻ
text_fieldsകോഴിക്കോട്: ‘ചേര്‍ന്ന് നില്‍ക്കുന്നു’ എന്ന് ശശി തരൂര്‍ സ്വയം അവകാശപ്പെടുന്ന ലിബറൽ മതേതര രാഷ്ട്രീയത്തെ മുഴുവന്‍ റദ്ദ് ചെയുകയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നതെന്ന് എഴുത്തുകാരി സുധ മേനോൻ. ബിജെപി നേതാവായ എൽ.കെ. അദ്വാനിയെ പുകഴ്ത്തി തരൂർ എക്സിൽ എഴുതിയ കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അവർ.
‘ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാല്‍ കൃഷ്ണ അദ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവനം. അത് മനസിലാക്കാന്‍ അതിരില്ലാത്ത വായനയും അറിവും ഭാഷാ സ്വാധീനവും ലോകപരിചയവും ഒന്നും വേണ്ട. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് അതീതമായ ഇത്തിരി മനുഷ്യസ്നേഹവും വിവേകവും ഹൃദയവിശാലതയും മാത്രം മതി’ -സുധ മേനോൻ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ബിജെപി നേതാവായ എൽ.കെ. അദ്വാനിക്ക് ‘എക്സിൽ’ 98മത്തെ ജന്മദിനാശംസകൾ നേരുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ ശശി തരൂരിന്റെ ഹൃദയം സ്നേഹവായ്പ്പിനാല്‍ നിറഞ്ഞു കവിയുകയാണ് (പോസ്റ്റ് കമന്റിൽ). ‘ആധുനിക ഇന്ത്യയുടെ സഞ്ചാരപഥത്തെ രൂപപ്പെടുത്തുന്നതില്‍ ശാശ്വതമായ പങ്ക് വഹിച്ച, പൊതുസേവനത്തോട് അചഞ്ചലമായ പ്രതിബദ്ധത കാട്ടിയ, വിനയാന്വിതനും മാന്യനും മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനു’മായിട്ടാണ് അദ്ദേഹം ലാല്‍കൃഷ്ണ അദ്വാനിയെ അടയാളപ്പെടുത്തുന്നത്!
സ്വതന്ത്ര്യ ഇന്ത്യയുടെ നീണ്ട ‘സഞ്ചാരപഥത്തില്‍’ മനുഷ്യരെ വര്‍ഗീയമായി ധ്രുവീകരിക്കുകയും, മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹജീവനങ്ങള്‍ക്കിടയില്‍ ആഴമേറിയ കിടങ്ങുകള്‍ ഉണ്ടാക്കുകയും ചെയ്ത ‘മാതൃകാപരമായ പൊതുപ്രവര്‍ത്തനം’ ആയിരുന്നു 1990 സെപ്റ്റംബര്‍ മാസം 25ാം തിയതി, ലാല്‍കൃഷ്ണ അദ്വാനി ആരംഭിച്ച രഥയാത്ര. സോമനാഥില്‍ നിന്നാരംഭിച്ച ആ യാത്ര ബിഹാറില്‍ എത്തുമ്പോഴേക്കും രാജ്യമെമ്പാടും വര്‍ഗീയകലാപങ്ങള്‍ ഉണ്ടാവുകയും നിരപരാധികളായ നിരവധി മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ജനതയെ സാമൂഹ്യമായി, മതപരമായി, വൈകാരികമായി വിഭജിച്ച മനുഷ്യനാണ് അദ്വാനി. ജയ്പൂരും ഭഗല്‍പൂരും ബറോഡയും ഹൈദരാബാദും അടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന നിരവധി കലാപങ്ങളുടെയും, ജീവന്‍ നഷ്ടപ്പെട്ട സാധുക്കളായ ഹിന്ദുക്കളുടെയും മുസ്‍ലിംകളുടെയും ഓര്‍മകളും അതിനുശേഷമുള്ള അവരുടെ നരകജീവിതത്തിന്റെ നേര്‍ചിത്രങ്ങളും ബാബ്റി മസ്ജിദിന്റെ തകർച്ചയും കൂടിച്ചേര്‍ന്നതാണ് അദ്വാനിയുടെ യഥാര്‍ത്ഥ ‘സഞ്ചാരപഥം’!
അത്തരമൊരു സഞ്ചാരപഥത്തിന്‍റെ ഉണങ്ങാത്ത വ്രണങ്ങള്‍ മതേതരവാദികളായ ഇന്ത്യക്കാരുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുമ്പോഴാണ് ശ്രീ തരൂര്‍, മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനായി അദ്വാനിയെ പുകഴ്ത്തുന്നത്.
തരൂര്‍ സ്വയം ‘ചേര്‍ന്ന് നില്‍ക്കുന്നു’ എന്ന് അവകാശപ്പെടുന്ന ലിബറൽ മതേതര രാഷ്ട്രീയത്തെ മുഴുവന്‍ റദ്ദ് ചെയുകയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂര്‍ത്തിയാക്കി പരിവര്‍ത്തനം ചെയ്യിച്ചുകൊണ്ട് ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാല്‍ കൃഷ്ണ അദ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവനം. അത് മനസിലാക്കാന്‍ അതിരില്ലാത്ത വായനയും അറിവും ഭാഷാ സ്വാധീനവും ലോകപരിചയവും ഒന്നും വേണ്ട. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് അതീതമായ ഇത്തിരി മനുഷ്യസ്നേഹവും വിവേകവും ഹൃദയവിശാലതയും മാത്രം മതി.
അധികാരത്തിന്‍റെ ചിരി എന്നും വശ്യമായിരിക്കും. എങ്കിലും, ബഹുമാന്യനായ തരൂർ, വല്ലപ്പോഴും കക്കാട് പറഞ്ഞതുപോലെ
“നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ
യറകളിലെയോര്‍മ്മകളെടുക്കുക....”


