Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightവന്ന് വന്ന്...

വന്ന് വന്ന് അംഗത്വമെടുക്കാൻ മിസ്ഡ് കോൾ പോലും വേണ്ടെന്നായി; ബി.ജെ.പിയിൽ ചേർന്നുവെന്ന വാർത്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ തള്ളിയതോടെ സോഷ്യൽ മീഡിയയിൽ പൊങ്കാല

text_fields
bookmark_border
Inchakkad Balachandran
cancel

കൊല്ലം: ​'ഇനി വരുന്നൊരു തലമുറക്ക്​' എന്ന ഗാനത്തിലൂടെ പ്രശസ്തനായ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ബി​.ജെ.പിയിൽ ചേർന്നുവെന്നത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ പ്രചാരണം തള്ളി ഇഞ്ചക്കാട് ബാലചന്ദ്രൻ രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. വന്ന് വന്ന് ബി.ജെ.പിയിൽ ചേരാൻ മിസ്ഡ് കോൾ പോലും ആവശ്യമില്ലാതായി മാറിയെന്നാണ് പ്രധാനമായും ഉയരുന്ന പരിഹാസം.

താൻ ബി.ജെ.പിയിൽ ചേർന്നുവെന്ന് അറിഞ്ഞത് ചാനൽ വാർത്തകളിലൂടെയാണെന്നായിരുന്നു കവിയുടെ പ്രതികരണം. ബി.ജെ.പിയിൽ എന്നല്ല, ഒരു രാഷ്ട്രീയ പാർട്ടിയിലും താൻ അംഗമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

താൻ ഏറെ നാളുകളായി സ്വതന്ത്രനാണ്. ആ നിലപാടിൽ മാറ്റമില്ല. ഒരു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ലെന്നും അദ്ദേഹം കുറിപ്പിൽ സൂചിപ്പിച്ചു.

ജനം ടി.വിയാണ് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ബി.ജെ.പിയിലേക്ക് എന്ന തലക്കെട്ടിൽ വാർത്ത നൽകിയത്. കൊല്ലം ജില്ലയിൽ രൂപീകരിക്കുന്ന ബി.ജെ.പിയുടെ കൾച്ചറൽ സെല്ലിൽ കവി ചേർന്നുവെന്നായിരുന്നു വാർത്ത. ഇത് വലിയ തോതിൽ ചർച്ചയായിരുന്നു. അതോടെയാണ് കവി തന്നെ വിശദീകരണവുമായി രംഗത്തുവന്നത്.

മുമ്പ് ഡി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ സംസ്കാര സാഹിതിയിൽ അംഗമായിരുന്നു. അപ്പോൾ ചിലർ താൻ കോൺഗ്രസിൽ ചേർന്നുവെന്ന് പ്രചരിപ്പിച്ചു. അന്ന് പ്രതികരിക്കാനൊന്നും പോയില്ല. ഏതാനും ദിവസം മുമ്പ് ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി വിളിച്ച് സിനിമാ നിർമാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കൾച്ചറൽ വിഭാഗത്തിൽ ചേരാൻ ക്ഷണിച്ചു.

വരാമല്ലോ എന്നാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്നും അവരോട് പറയുകയുണ്ടായി. ഒരു പദവിയും ആഗ്രഹിക്കാത്ത തന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്ന് പിന്നീട് ചാനലിലൂടെ അറിഞ്ഞു.

72ാം വയസിൽ വിവാദങ്ങൾ സഹിക്കാൻ താൽപര്യമില്ല. വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും സ്നേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്കാരിക പരിപാടികൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും അക്കാര്യം എം.എ. ബേബിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

എന്റെ നിലപാടുകളില്‍ മാറ്റമില്ല. എറെ നാളായി ഞാന്‍ സ്വാതന്ത്രനാണ്. ഏതു വ്യക്തിയിടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങള്‍ എനിക്ക് താല്പര്യമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്‌കാര സാഹിതിയില്‍ അംഗമായി. ഡി. ആര്‍ മഹേഷിന്റെ നേതൃത്വത്തില്‍ കുറെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനാലാണ്. അവരോടൊപ്പം ഇനിയും ഉണ്ടാകും. അവരില്‍ ചിലര്‍ ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെന്നു പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ ഞാന്‍ പ്രതിഷേധിച്ചില്ല. ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ വിഭാഗം ആരംഭിക്കുന്നെന്നും ഞാന്‍ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കള്‍ച്ചറല്‍ സെല്‍ കണ്‍വീനറാക്കിയെന്ന്. ഞാന്‍ വാര്‍ത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ബി ജെ. പി യില്‍ ചേര്‍ന്നെന്നും ഈ ഏഴുപത്തി രണ്ടാം വയസ്സില്‍ എനിക്ക് വിവാദങ്ങള്‍ സഹിക്കാന്‍ താല്പര്യമില്ല വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും സ്‌നേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്‌കാരിക പരിപാടി പ്ലാനുണ്ടെന്നും ഞാന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട് ശ്രീ എം എ ബേബി ചിറ്റയം ഗോപകുമാര്‍ സി ആര്‍ മഹേഷ് പികെ ഉസ്മാന്‍ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരോട് കുമ്മനം രാജശേഖരന്‍ രാജീവ് ചന്ദ്ര ശേഖര്‍ എന്നിവരോട് അവ വിശദമാക്കിയിട്ടുണ്ട് കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഞാന്‍ ഇവിടെയുണ്ട്.

Show Full Article
TAGS:Inchakkad Balachandran poet Kerala News Social Media 
News Summary - Poet Inchakkad Balachandran denies news of joining BJP
Next Story