‘വിദ്യാഭ്യാസവും സംസ്കാരവും നേടുമ്പോൾ എന്തു സംഭവിക്കുമെന്നതിന്‍റെ ഓർമപ്പെടുത്തലാണിത്’, കേരളം പ്രിയപ്പെട്ട സ്ഥലമെന്ന് റഷ്യൻ വിനോദസഞ്ചാരി; വൈറലായി വിഡിയോ
text_fieldsകേരളത്തിന്‍റെ ശാന്തതയും ശുചിത്വവും വൈവിധ്യവും ഇഷ്ടപ്പെട്ടതായും കേരളം പ്രിയപ്പെട്ട സ്ഥലമെന്നും റഷ്യൻ വിനോദസഞ്ചാരി. വിദ്യാഭ്യാസവും സംസ്കാരവും നേടുമ്പോൾ എന്തു സംഭവിക്കുമെന്നതിന്‍റെ ഓർമപ്പെടുത്തലാണ് കേരളമെന്നും അവർ പറയുന്നു.
ഇന്ത്യയിലുടെനീളം സഞ്ചരിച്ച ശേഷം കേരളത്തിലെത്തിയ റഷ്യൻ വിനോദസഞ്ചാരിയും കണ്ടന്‍റെ് ക്രിയേറ്ററുമായ അമിന ഫൈൻഡ്സാണ് മലയാളക്കരയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലായി.
'ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങളിൽ ഞാൻ യാത്രചെയ്തു. എനിക്ക് പ്രിയപ്പെട്ട ഇടം കണ്ടെത്താൻ കഴിഞ്ഞത് കേരളത്തിലാണ്. ആരും തെറ്റിദ്ധരിക്കരുത്...സഞ്ചരിച്ച ഇടങ്ങളിലെല്ലാം ദയയുള്ളവരും രസികരുമായ നിരവധി നല്ല മനുഷ്യരെയും മനോഹരങ്ങളായ സ്ഥലങ്ങളും കാണാൻ കഴിഞ്ഞിട്ടുണ്ട്.
പക്ഷേ, ഇവിടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് എത്ര ശാന്തവും മനോഹരവുമാണ്. വ്യത്യസ്ത വിശ്വാസങ്ങൾ ഒന്നിച്ച് സമാധാനത്തോടെ ജീവിക്കുന്നു. കേരളത്തിലെ ആളുകൾ ചുറ്റുപാടുകളെ കുറിച്ച് ഏറെ കരുതലുള്ളവരാണ്. തെരുവുകൾ വളരെ വൃത്തിയുള്ളത്. റീസൈക്ലിങ് ബിന്നുകൾ എല്ലായിടത്തും ഉണ്ട്. പ്രകൃതിയെ ഉപയോഗിക്കുന്നതിനേക്കാൾ ബഹുമാനിക്കുന്നതായി തോന്നിയെന്നും അമിന പറയുന്നു.
ഇവിടത്തെ വൈവിധ്യങ്ങൾ എല്ലാം യഥാർഥമാണ്. അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഉൾപ്പെടെയുള്ള പ്രാർഥനാലയങ്ങൾ സമാധാനപരമായി അടുത്തടുത്താണ് കാണപ്പെടുന്നത്. വിദ്യാഭ്യാസവും സംസ്കാരവും ബഹുമാനവും നേടുമ്പോൾ എന്തു സംഭവിക്കുമെന്നതിന്‍റെ ഓർമപ്പെടുത്തലാണ് കേരളമെന്നും അവർ വിഡിയോയിൽ പങ്കുവെക്കുന്നു.
ഇൻസ്റ്റഗ്രം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടു. നൂറിലേറെ കമന്റുകളുമുണ്ട്. ഭൂരിഭാഗം സോഷ്യൽമീഡിയ ഉപയോക്താക്കളും ഇൻഫ്ളുവൻസറുടെ അഭിപ്രായത്തോട് യോജിക്കുന്നു.
‘ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം എന്നാണ്' ഒരാൾ കുറിച്ചത്. ‘കേരളത്തിന്‍റെ ഓരോ ജില്ലയും നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങൾക്ക് അത് സന്ദർശിച്ച് ബോധ്യപ്പെടാം’ എന്ന് മറ്റൊരാൾ കുറിച്ചു. 'ഏതെങ്കിലും വിദേശികൾ ഇന്ത്യയിലെ ഇഷ്ടസ്ഥലം വിശദീകരിക്കുമ്പോൾ അത് ഏതെന്നറിയാൻ അവസാനം വരെ കാത്ത് നിൽക്കേണ്ടതില്ല. അത് കേരളമായിരിക്കുമെന്ന് ഞങ്ങൾക്കറിയാം’ എന്നാണ് ഒരാളുടെ കമന്റ്.


