കളിമണ്ണുകൊണ്ട് റിലാക്സ് ആവാം!
text_fieldsവെൽനസ് ട്രെൻഡുകൾ സജീവമാകുന്ന കാലമാണിത്. പലരും പല രീതിയിലാണ് വെൽനസ് പരീക്ഷണങ്ങൾ നടത്തുന്നത്. ഇപ്പോൾ ക്ലേ/കളിമണ്ണാണ് ഇക്കാര്യത്തിൽ ട്രെൻഡിങ് ആവുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ, മാനസിക പിരിമുറുക്കങ്ങൾക്കിടയിൽ അതിൽനിന്നെല്ലാം ഒരാശ്വാസം കണ്ടെത്താൻ ക്ലേ ആർട്ട് പരീക്ഷിക്കുകയാണ് വലിയൊരു വിഭാഗം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള ക്ലേ ആക്ടിവിറ്റികൾ വൈറലാവുകയും ചെയ്യുന്നുണ്ട്.
അത്തരത്തിലൊന്നാണ് ഗോവയിലെ ധരംകോട്ട് സ്റ്റുഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വിഡിയോ. കളിമണ്ണു കൊണ്ടുള്ള പ്രകടനങ്ങളായിരുന്നു വിഡിയോയിൽ. മനസ്സും ശരീരവും കളിമണ്ണും ഒരേ താളത്തിൽ ചലിക്കുന്നതായി തോന്നുന്ന ഒരു പ്രകടനം. ആളുകൾക്കുമുന്നിൽ ലൈവ് ആയിട്ടായിരുന്നു അവരുടെ അവതരണം. ക്ലേ തെറപ്പി എന്ന ഒരു ശാഖതന്നെ ഇപ്പോൾലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്നുണ്ട്. ക്ലേ തെറപ്പിയിൽ പരിശീലനത്തിന് പല രീതികളുണ്ടാകും. ചിലത് പെർഫോമിങ് ആർട്ടുകളായി രംഗത്തെത്തുമ്പോൾ മറ്റുചിലത് ക്ലേ മോഡലിങ്, ക്ലേ ഡെക്കറേഷൻ എന്നിങ്ങനെ പോകുന്നു.
ഇന്ത്യയിലെ ക്ലേ തെറപ്പിയുടെ സ്ഥാപകയും സ്റ്റുഡിയോ പോട്ടറുമായ വാണി പർദാൽ പറയുന്നത് ഇങ്ങനെയാണ്; ‘ഏറ്റവും മികച്ച മാനസികോല്ലാസം നൽകുന്ന ഒന്നാണ് ക്ലേ തെറപ്പി. ശരീരത്തിൽ കളിമണ്ണുപുരട്ടുന്നതു മാത്രമല്ല ക്ലേ തെറപ്പി. പൂർത്തിയായ ഒരു വസ്തുവിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം കളിമണ്ണുകൊണ്ട് ഒരു പുതിയ രൂപം ഉണ്ടാക്കിയെടുക്കുമ്പോഴോ, ചിലതിൽ മാറ്റം വരുത്തുമ്പോഴോ, സമ്മർദത്തിലിരിക്കുന്ന മനസ്സുകൾ ശാന്തതയിലേക്ക് മാറും. ഒരു മനഃശാസ്ത്ര സെഷനിൽ ചെന്നിരിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ ഫലപ്രദമാകുന്ന ഒന്നാണ് ക്ലേ തെറപ്പി.’
സ്പർശനം എന്ന അനുഭവത്തിലൂടെ മനസ്സിന്റെ തിരക്കുകളെ ശാന്തതയിലേക്ക് മാറ്റാൻ കഴിയുമെന്നതാണ് ഇവർ കരുതുന്നത്. നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സ്‌ക്രീനുകളിലാണ് ചെലവഴിക്കുന്നത്. കളിമണ്ണുപയോഗിച്ചുള്ള ആർട്ട് വർക്കുകൾ ആ അവസ്ഥയെ കൈകളിലേക്കും ശരീരത്തിലേക്കും തിരികെ കൊണ്ടുവരും. സ്ക്രീനിലെ തിരക്കുകളിൽനിന്ന് മണ്ണിലേക്കുള്ള മടങ്ങിപ്പോക്കുകൂടിയാണ് ഈ പുതിയ ട്രെൻഡ് മൂലം സംഭവിക്കുന്നത്.
പ്രകൃതിയിലേക്ക് തിരിഞ്ഞുനോക്കാൻ സമയമില്ലാത്തവർക്ക് പ്രകൃതിതന്നെ ഒരുക്കുന്ന ‘ഹീലിങ് സൊല്യൂഷൻ’ എന്ന് വേണമെങ്കിൽ പറയാം.


