2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹ്മദാബാദ് ആതിഥേയത്വം വഹിക്കും
text_fieldsഗ്ലാസ്ഗോ: രണ്ടു പതിറ്റാണ്ടിനുശേഷം കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലേക്ക്. 2030ലെ ഗെയിംസിന് അഹ്മദാബാദ് ആണ് ആതിഥേയത്വം വഹിക്കുക. സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ചേർന്ന 74 രാജ്യങ്ങളടങ്ങിയ കോമൺവെൽത്ത് സ്പോർട്സ് പൊതുസഭയാണ് ഇതിന് അംഗീകാരം നൽകിയത്.
കഴിഞ്ഞമാസം കോമൺവെൽത്ത് സ്പോർട്സ് എക്സിക്യുട്ടിവ് ബോർഡ് അഹ്മദാബാദിന്റെ പേര് നിർദേശിച്ചതോടെതന്നെ വേദി ഏറക്കുറെ ഉറപ്പായിരുന്നു. അഹ്മദാബാദിനൊപ്പം അവകാശവാദം ഉന്നയിച്ചിരുന്ന നൈജീരിയൻ നഗരമായ അബൂജയെ 2034ലെ ഗെയിംസിനായി പരിഗണിക്കാമെന്ന് കോമൺവെൽത്ത് സ്പോർട്സ് അറിയിച്ചു.
2010ൽ ആണ് കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ അവസാനം ആതിഥേയത്വം വഹിച്ചത്. അന്ന് ഡൽഹിയായിരുന്നു വേദി. കോമൺവെൽത്ത് ഗെയിംസ് ലഭിച്ചത്.
ലക്ഷ്യം 2036 ഒളിമ്പിക്സ്
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വീണ്ടും വേദിയൊരുക്കുന്നത് 2036ലെ ഒളിമ്പിക്സിന് ആതിഥ്യമരുളുകയെന്ന വലിയൊരു ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാവും. 2010ൽ ഡൽഹിയിലാണ് ഇന്ത്യയിൽ ആദ്യവും അവസാനവുമായി കോമൺവെൽത്ത് ഗെയിംസ് നടന്നത്. 2030ൽ അഹ്മദാബാദായിരിക്കും വേദി. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാംവാർഷികമാണ് 2030 എന്ന പ്രത്യേകതയുമുണ്ട്. 2022ൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചത് ഗുജറാത്തിലായിരുന്നു. അഹ്മദാബാദായിരുന്നു മുഖ്യവേദി. ഇതിന്റെ വിജയത്തെത്തുടർന്നാണ് കോമൺവെൽത്ത് ഗെയിംസിനായും ഒളിമ്പിക്സിനായും ശ്രമം തുടങ്ങിയത്.
2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നടന്നത് ഈ നഗരത്തിലായിരുന്നു. 2026ലെ ട്വന്റി20 ലോകകപ്പ് ഫൈനൽ വേദിയും നരേന്ദ്ര മോദി സ്റ്റേഡിയംതന്നെ. കോമൺവെൽത്ത് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്, അണ്ടർ 17 എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട് മത്സരങ്ങളും അഹ്മദാബാദിൽ നടന്നു. അടുത്ത വർഷം ഏഷ്യൻ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്, ലോക പൊലീസ്-ഫയർ ഗെയിംസ് തുടങ്ങിയവയുമുണ്ട്. 2032ലെ ഒളിമ്പിക്സിനായിരുന്നു ഇന്ത്യയുടെ ആദ്യ ശ്രമം. ഇത് ഉപേക്ഷിച്ച് 2036 ഒളിമ്പിക്സിനുള്ള ബിഡ് സമർപ്പിച്ചിട്ടുണ്ട്.


