സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ്: രണ്ട് അത്‍ലറ്റുകൾക്കെതിരെ നടപടി, ദേശീയ മീറ്റ് ക്യാംപിൽ നിന്ന് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കുൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ടു അത്‍ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്നും ഒഴിവാക്കി. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ 100 മീറ്റർ താരം സഞ്ജയ് (പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജം എന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കായിക മേഖലയിൽ മികവു തെളിയിച്ച മറുനാടൻ താരങ്ങളുടെ ജനന തീയതിയിൽ തട്ടിപ്പു നടത്തിയാണ് സംസ്ഥാന സ്കൂൾ മീറ്റിൽ മത്സരിപ്പിച്ചത്.
ഒക്ടോബർ അവസാന വാരത്തിൽ തിരുവനന്തപുരത്ത് നടന്ന സ്കൂൾ മേളയിൽ തന്നെ ഇതു സംബന്ധിച്ച് ആരോപണമുയർന്നിരുന്നു. അത്‍ലറ്റിക് ഫെഡറേഷൻ രേഖകളിൽ 21 വയസ്സുള്ള താരത്തെ വ്യാജ ആധാർ ഉപയോഗിച്ച് അണ്ടർ 19 വിഭാഗത്തിലാണ് മത്സരിപ്പിച്ചത്. പരാതിയെ തുടർന്ന് മത്സര ഫലം റദ്ദാക്കിയിരുന്നു.


