സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ്: നാവാമുകുന്ദയിലെ രണ്ട് താരങ്ങൾക്ക് കൂടി വിലക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് വിദ്യാർഥികൾക്കെതിരെ കൂടി നടപടി. മലപ്പുറം തിരുന്നാവായ നാവാമുകുന്ദ സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വീണ്ടും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനാൽ കായികമേളയിൽനിന്ന് സ്കൂളിനെ വിലക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികളെയാണ് അയോഗ്യരാക്കിയത്. ഇവർക്ക് പകരം രണ്ടാം സ്ഥാനം നേടിയ താരങ്ങളെ ദേശീയ മത്സരങ്ങൾക്കുള്ള കേരള ക്യാമ്പിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയ മീറ്റിൽ പങ്കെടുക്കാനായി സംസ്ഥാന മീറ്റിൽ വിജയിച്ചവരുടെ ആധാർ വിവരം ദേശീയ പോർട്ടലിൽ അപ്ലോഡ് ചെയ്തപ്പോഴാണ് പ്രായത്തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ആധാർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഉത്തർപ്രദേശിൽനിന്നുള്ള രണ്ട് കുട്ടികളും മീറ്റിന് മുന്നോടിയായി സ്കൂളിൽ അഡ്മിഷൻ നേടിയതാണെന്നും കണ്ടെത്തി. നേരത്തെ നാവാമുകുന്ദ സ്കൂളിലെ ഒരു വിദ്യാർഥിയെയും പുല്ലൂരാംപാറ സ്കൂളിലെ മറ്റൊരു വിദ്യാർഥിയെയും വിലക്കിയിരുന്നു.


