ഇന്ത്യയുടെ എക്കാലത്തെയും വേഗമേറിയ പുരുഷ അത്‌ലറ്റായി ഗുരീന്ദർവീർ സിങ്
text_fieldsറാഞ്ചി: ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടത്തോടെ ഗുരീന്ദർവീർ സിങ് ഇന്ത്യയുടെ ഏറ്റവും വേഗമേറിയ പുരുഷ അത്‌ലറ്റായി മാറി. പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ 10.09 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടിയാണ് പഞ്ചാബിൽനിന്നുള്ള 25കാരൻ പുതിയ ദേശീയ റെക്കോഡ് കുറിച്ചത്. 100 മീറ്ററിൽ 10.10 സെക്കൻഡിന് താഴെ ഫിനിഷ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ താരംകൂടിയാണ് ഗുരീന്ദർവീർ. പ്രധാന എതിരാളിയായ ഒഡിഷയുടെ അനിമേഷ് കുജൂറിനെ (10.20) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നേട്ടം.
വീണ്ടും നാടകീയം
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബിർസ മുണ്ട സ്റ്റേഡിയം ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾക്കാണ് ട്രാക്ക് സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ചത്തെ സെമിഫൈനലിലെ ആദ്യ ഹീറ്റ്സിൽ 10.17 സെക്കൻഡിൽ ഓടിയെത്തി ഗുരീന്ദർവീർ ആദ്യം ദേശീയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അനിമേഷ് കുറിച്ച 10.18 സെക്കൻഡാണ് പഴങ്കഥയായത്. എന്നാൽ, തൊട്ടടുത്ത മിനിറ്റുകളിൽ നടന്ന രണ്ടാമത്തെ സെമി ഹീറ്റ്സിൽ അനിമേഷ് കുജൂർ 10.15 സെക്കൻഡിൽ ഓടിയെത്തി റെക്കോഡ് തിരിച്ചുപിടിച്ചു. വെറും അഞ്ച് മിനിറ്റ് മാത്രമാണ് വെള്ളിയാഴ്ച ഗുരീന്ദർവീറിന്റെ റെക്കോഡിന് ആയുസ്സുണ്ടായിരുന്നത്.
ഇന്നലെ ഫൈനലിൽ അനിമേഷിന് ഒരു അവസരവും നൽകാതെ 10.09 സെക്കൻഡ് എന്ന അവിശ്വസനീയമായ ടൈമിങ്ങിൽ ഗുരീന്ദർ റെക്കോഡ് തന്റെ പേരിൽ ദൃഢമാക്കുകയായിരുന്നു. തകർപ്പൻ പ്രകടനത്തോടെ ഗുരീന്ദറും അനിമേഷും കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടി. ഈ സീസണിൽ ഏഷ്യയിലെത്തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് 10.09 സെക്കൻഡ്. ജപ്പാന്റെ ഫുക്കുട്ടോ കൊമൂറെ (10.08) ആണ് ഒന്നാമൻ.


