24/05/2025
മഴക്കാലം ഇങ്ങെത്തി; നേരിടാം ജാഗ്രതയോടെ
pinterest
സംസ്ഥാനത്ത് ഇത്തവണ കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) എത്തിയത് സാധാരണ എത്താറുള്ളതിലും എട്ട് ദിവസം മുമ്പ്. കാലവർഷം ഇങ്ങനെയെത്തുന്നത് 16 വർഷത്തിനിടെ ആദ്യമായാണ്
കാലവർഷം കനക്കുമ്പോൾ പൊതുജനങ്ങൾ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്
മഴക്കാലത്ത് വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ അപകടം ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക
വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. വെള്ളത്തിലിറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും നിർദേശമുണ്ട്‌
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം