മണ്ണ് ദിനം; മണ്ണിനെയും മരങ്ങളെയും ചേർത്തുപിടിച്ച് അബ്ദുറസാഖ്
text_fieldsപരപ്പനങ്ങാടി: ഡിസംബർ അഞ്ചിന് മറ്റൊരു മണ്ണ് ദിനം കൂടി ആചരിച്ചപ്പോൾ മണ്ണിനെ കൂടുതൽ തന്നോട് അടുപ്പിച്ച് നിർത്തുകയാണ് അബ്ദുറസാഖ് എന്ന ജൈവകർഷകൻ. സംസ്ഥാന സർക്കാറിന്റെ കർഷക മിത്ര അവാർഡ് ജേതാവും ഗുജറാത്ത് സർക്കാറിന്റെ ആദരവും ഏറ്റുവാങ്ങിയ അബ്ദുറസാഖ് മുല്ലപ്പാട്ടിന് കാർഷിക വൃത്തിയും കൃഷി അധ്യാപനവും പ്രതിഫലേച്ഛയില്ലാത്ത പുണ്യ കർമമാണ്.
നനവുള്ള മണ്ണും അലിവുള്ള മനസ്സുമുണ്ടെങ്കിൽ എന്തും എവിടെയും വിളയുമെന്ന സന്ദേശവുമായി നാടു നീളെ കൃഷി പഠന ക്ലാസുമായി നടക്കുന്ന അബ്ദുറസാഖ് വീടിന് ചുറ്റുമുള്ള അരയേക്കറലധികം വരുന്ന ഭൂമിയിൽ പരിചരിച്ചുവരുന്ന ഔഷധ ഉദ്യാനം ശ്രദ്ധേയമാണ്. നബാർഡ് ഉൾപ്പെടെ സർക്കാറിന്റെ എല്ലാ കാർഷിക പ്രചോദന ഏജൻസികളിലും റസാഖിന്റെ സാന്നിധ്യമുണ്ട്. മണ്ണ് ദിനം വീടോരത്തെ നൂറുകണക്കിന് ചെടികളുടെ ചുവട്ടിൽ പുതുമണ്ണ് ഇട്ടാണ് ആഘോഷിച്ചത്.
കർഷക മിത്ര അവാർഡിനൊപ്പം സർക്കാർ നൽകിയ അരലക്ഷം രൂപയും നിരവധി പുരസ്കാരങ്ങളുടെ തുകയും ചെടികളും വിത്തുകളും സൗജന്യമായി നൽകാനാണ് വിനിയോഗിച്ചിട്ടുള്ളത്. ഇതിനകം ലക്ഷകണക്കിന് വിത്തുകളും പതിനായിരക്കണക്കിന് ചെടികളും സൗജന്യമായി വിതരണം ചെയ്ത അബ്ദുറസാഖ് ഈ മാസം 14ന് നാലായിരം പച്ചക്കറി ചെടികൾ സൗജന്യമായി നൽകാനുള്ള മണ്ണൊരുക്കത്തിന് തുടക്കം കുറിച്ചതും മണ്ണ് ദിനത്തിൽ തന്നെ.