രണ്ടുവർഷം കൊണ്ട് കായ്ക്കും, കിലോക്ക് 300ന് മുകളിൽ വിലയും കിട്ടും...; ടേസ്റ്റിയാണ് അബിയു
text_fieldsമലയാളികൾക്ക് ഇപ്പോഴും വളരയൊന്നും പരിചയമില്ലാത്ത പഴമാണ് അബിയു. പഴുത്താല്‍ മഞ്ഞനിറമായി മാറുന്ന ജെല്ലി പോലെ അകക്കാമ്പുള്ള ഫ്രൂട്ട്. സപ്പോട്ടയുടെ കുടുംബമായ സപ്പോട്ടേസിയിലെ അംഗമാണ് അബിയു. സ്വാദും ഏറെക്കുറെ സാമ്യമുണ്ട്.
ആമസോണ്‍ മഴക്കാടുകളില്‍ ഉണ്ടായ അബിയു ഉഷ്ണമേഖലാ സസ്യമാണ്. അമേരിക്കന്‍ ആദിവാസികള്‍ എന്നറിയപ്പെടുന്ന അമേരിന്ത്യന്‍മാരാണ് ഇത് തുടക്കത്തില്‍ കൃഷി ചെയ്തിരുന്നത്. പോട്ടീരിയ കൈമിറ്റോ എന്ന് സസ്യനാമമുള്ള ഈ പഴം ബ്രസീലിലാണ് അബിയു എന്നറിയപ്പെടുന്നത്. ചിലയിടങ്ങളില്‍ അബിയോ എന്നും പേരുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വീട്ടുവളപ്പിലും കാപ്പിത്തോട്ടങ്ങളിലും അബിയു വളരുന്നുണ്ട്.
അബിയു പഴത്തില്‍ ജീവകം എ അടങ്ങിയിരിക്കുന്നതിനാല്‍ നേത്രാരോഗ്യത്തിന് ഉത്തമമാണ്. തിമിരം പോലെ നേത്രരോഗങ്ങളുടെ സാധ്യത ഈ പഴം കുറയ്ക്കുന്നു. ശ്വാസകോശ രോഗങ്ങള്‍, ചുമ, ജലദോഷം എന്നിവയും കുറയ്ക്കുന്ന അബിയു, രോഗ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും. കാത്സ്യം, മഗ്‌നീഷ്യം എന്നിവയുടെ സാന്നിധ്യം എല്ലുകളുടെ ബലത്തിന് ഗുണം ചെയ്യും. പഴത്തിന്റെ കറ മുഖക്കുരു പരിഹരിക്കാൻ ഉപയോഗിക്കാറുണ്ട്.
പുതിയ സ്ഥലത്താണ് അബിയു നടുന്നതെങ്കിൽ 40% മണല്‍, 40% പശിമരാശി മണ്ണ്, 20% കളിമണ്ണ് എന്നിവയുടെ ഒരു മിശ്രിതം കലര്‍ത്തി മണ്ണില്‍ മുന്നൊരുക്കം നടത്തണം. ചെറിയ അളവില്‍ കളിമണ്ണ് ചേര്‍ന്ന പശിമരാശി മണ്ണോ വെറും പശിമരാശി മണ്ണോ നല്ലതാണ്. വിളഞ്ഞ അബിയു പഴങ്ങളില്‍നിന്നാണ് തൈകള്‍ക്കുള്ള വിത്തുകള്‍ ശേഖരിക്കുന്നത്.60 സെന്റി മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയില്‍ 10 കിലോ ജൈവവളം ചേര്‍ത്തിളക്കി തൈ നടാം. കുഴികൾ തമ്മില്‍ 5 മുതൽ 6 മീറ്റര്‍ വരെ അകലം നൽകണം.
തൈകള്‍ മൂന്നു നാലു വര്‍ഷം കൊണ്ട് വിളവ് തരും. കേരളത്തിലെ സാഹചര്യത്തില്‍ രണ്ടു മൂന്ന് വർഷം കൊണ്ടും. മരങ്ങള്‍ക്ക് കാലിവളം, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, കോഴിവളം എന്നിവ നല്‍കാം. മരം ഒന്നിന് 10 മുതല്‍ 20-25 കിലോ വരെ ജൈവവളം നൽകാം. കൂടാതെ 100 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റും. കൂടുതല്‍ പഴം ലഭിക്കാനും വലിപ്പം വെയ്ക്കാനും മധുരമുണ്ടാകാനും ഇത് സഹായിക്കും. ഗുരുതരമായ കീട ബാധകള്‍ ഇല്ലാത്ത വൃക്ഷമാണ് അബിയു. ശരാശരി 10 മീറ്റര്‍ ആണ് ചെടിയുടെ ഉയരം. മരത്തിന്റെ തടിയ്ക്ക് ഉറപ്പു കുറവാണ്. ചെടി ക്രമമായി നനക്കണം. പൂക്കള്‍ ഉണ്ടാകുമ്പോള്‍ നന അമിതമാകാതെ ശ്രദ്ധിക്കണം.
കിലോയ്ക്ക് 150 മുതൽ 300 രൂപ വരെ വില ലഭിക്കാറുണ്ട്. കായ്കള്‍ക്ക് ഏകദേശം ചെറിയ ഓറഞ്ചിന്റെ വലിപ്പമുണ്ടാകും. പുഷ്പിച്ചാല്‍ 120 ദിവസം വേണ്ടിവരും അബിയു പാകമാകാന്‍. പാകമാകാത്ത അബിയു മുറിച്ചാല്‍ വെളുത്ത കറ കാണാം. തെളിഞ്ഞ മഞ്ഞനിറമായാൽ വിളവെടുക്കാം. പരമാവധി മൂന്ന് ദിവസംകൊണ്ട് കായ്കള്‍ പഴുക്കും. നന്നായി പഴുത്താല്‍ അബിയു അധികനാള്‍ സൂക്ഷിച്ചു വെയ്ക്കാന്‍ സാധിക്കില്ല.
പഴത്തിന് മഞ്ഞ നിറമാകുമ്പോൾ തന്നെ വിളവെടുത്താല്‍ അഞ്ച് ദിവസം സൂക്ഷിക്കാം. നന്നായി പഴുത്ത പഴം ഫ്രിഡ്ജിൽ സൂക്ഷിച്ച് കഴിക്കാം. കഴിക്കാൻ പുറംതോല്‍ ഒഴിവാക്കണം. ഇളനീർ കാമ്പിന്റെയും പൈനാപ്പിളിന്‍റെയും രുചിയാണ് ഈ പഴത്തിന്.


