15 കറവപ്പശുക്കൾ, ദിവസം 150 ലിറ്ററോളം പാൽ, ഒരേക്കറിൽ പുൽകൃഷി; ഉണ്ണിക്ക് ലഹരി പശുവളർത്തൽ, സ്വസ്ഥം, സമാധാനം, ജീവിതം
text_fieldsഉണ്ണികൃഷ്ണൻ തന്റെ ഫാമിൽ
ക്ഷീരോൽപാദന മേഖലയിലേക്ക് കടന്നുവരാൻ യുവാക്കൾ മടിക്കുന്നു എന്ന പൊതുപറച്ചിലിന് തിരുത്തായി മാറിയ യുവാക്കൾ ഏറെപേർ നമുക്ക് ചുറ്റിലുമുണ്ട്. പാലുൽപാദന മേഖലയിൽ സംരംഭക സാധ്യതകൾ ഏറെയുണ്ടെന്ന് തിരിച്ചറിഞ്ഞവരാണവർ. കാസർകോട് ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിലെ ബെള്ളിപ്പാടി സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്ന യുവ കർഷകൻ അതിലൊരാളാണ്. ഏഴുവർഷം മുമ്പ് ഡിഗ്രി പഠനത്തിനുശേഷമാണ് പശുവളർത്തലിലേക്ക് ഉണ്ണികൃഷ്ണൻ എത്തുന്നത്. ചെറിയ രീതിയിലായിരുന്നു സംരംഭത്തിന്റെ തുടക്കം. ചെയ്തറിവുകളുടെയും അനുഭവങ്ങളുടെയും കരുത്തിൽ ഘട്ടംഘട്ടമായി ഫാമിനെ വലുതാക്കി. ഇന്ന് ഉണ്ണികൃഷ്ണന്റെ ജീവിതലഹരിയും തൊഴിലും വരുമാനവും പശുക്കളും അവയുടെ പരിപാലനവുമാണ്.
ഹെവൻ ഇൻറഗ്രേറ്റഡ് ഫാം എന്ന് പേരിട്ട ഉണ്ണിയുടെ ഫാമിൽ നിലവിൽ 15 കറവപ്പശുക്കളും നാലു കിടാക്കളുമുണ്ട്. പ്രതിദിനം 150 ലിറ്ററോളമാണ് പാലുൽപാദനം. 10 ലിറ്റർ പ്രാദേശിക വിപണനം കഴിച്ച് ബാക്കി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ എത്തിക്കുന്നു. പശുക്കളിൽ നല്ലൊരുപങ്കും സങ്കരയിനം ഹോൾസ്റ്റൈൻ ഫ്രീഷ്യൻ പശുക്കളാണ്. ഒപ്പം കുറച്ച് സങ്കരയിനം ജഴ്സി പൈക്കളുമുണ്ട്. പാലിന്റെ അളവിൽ മുന്നിൽ ഹോൾസ്റ്റൈൻ ഫ്രീഷ്യൻ പശുക്കളാണെങ്കിൽ പാലിന്റെ കൊഴുപ്പളവിലും രോഗപ്രതിരോധത്തിലും മുന്നിൽ ജഴ്സി പശുക്കളാണ്. ഹോൾസ്റ്റൈൻ പശുക്കളെ അപേക്ഷിച്ച് ജഴ്സി പശുക്കൾ കൃത്രിമ ബീജധാനം നടത്തിയാൽ ഗർഭം ധരിക്കാൻ കുറെക്കൂടി എളുപ്പമാണെന്ന് അനുഭവ പരിചയത്തിൽ ഉണ്ണി പറയുന്നു. ക്ഷീരസംരംഭം വിജയിക്കണമെങ്കിൽ പുൽകൃഷി കൂടിയേതീരൂ എന്നതും ഉണ്ണികൃഷ്ണനറിയാം. ഒരേക്കറോളം സ്ഥലത്താണ് പുൽകൃഷി. സങ്കര നേപ്പിയറാണ് പുൽകൃഷിയിടത്തിലെ പ്രധാന വിള. പുൽക്കടകളാണ് സങ്കര നേപ്പിയറിന്റെ നടീൽ വസ്തു. ഓരോ ആറാഴ്ച കഴിയുമ്പോഴും ഒന്നര മീറ്റർ ഉയരത്തിൽ വളർച്ചയെത്തുമ്പോൾ അരയടി ചുവടിൽ ബാക്കി നിർത്തി പുല്ല് അരിഞ്ഞെടുക്കാം. തൊഴുത്തിൽനിന്നുള്ള സ്ലറിയും ചാണകവും തന്നെയാണ് തീറ്റപ്പുല്ലിന് പ്രധാന പോഷണം. തീറ്റപ്പുല്ലിനൊപ്പം സൈലേജും പശുക്കൾക്ക് തീറ്റയായി നൽകുന്നു. തീറ്റപ്പുല്ലിന് ക്ഷാമമുള്ള സാഹചര്യത്തിൽ ഏറ്റവും നല്ല ബദൽ തീറ്റയാണ് സൈലേജ്.
ഈർപ്പവും ചൂടും ഉയർന്ന കാലാവസ്ഥയിൽ അത്യുൽപാദന ശേഷിയുള്ള പശുക്കൾ പിടിച്ചുനിൽക്കുക പ്രയാസമാണ്. അതുകൊണ്ട് നാലുവശത്തുനിന്നും കാറ്റുകയറിയിറങ്ങും വിധമുള്ള തൊഴുത്താണ് ഒരുക്കിയിരിക്കുന്നത്. കിടാക്കൾക്കും പശുക്കൾക്കും തൊഴുത്തിൽ വേറെ വേറെ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. അധ്വാനം കുറച്ച് പശുവളർത്തൽ ആയാസരഹിതമാക്കാൻ ഫാമിൽ യന്ത്രങ്ങളുടെ തുണ കൂടിയേ തീരൂ. ഓട്ടോമാറ്റിക് വാട്ടർ ബൗൾ, മിൽക്കിങ് മെഷീൻ, ചാഫ് കട്ടർ, റബർ മാറ്റ്, ഫാൻ തുടങ്ങി അത്യാവശ്യം സംവിധാനങ്ങളൊക്കെ ഉണ്ണികൃഷ്ണൻ ഫാമിൽ ഒരുക്കിയിട്ടുണ്ട്.
ഡെയറി ഫാമിലെ വരുമാനം പാലിൽ മാത്രം ഒതുങ്ങുന്നതല്ല. ചാണകവും പശുക്കിടാങ്ങളുമെല്ലാം പണം വരുന്ന വഴികളാണ്. ചാണകം ഉണക്കിപ്പൊടിച്ച് വിൽക്കുന്നു. നല്ല കിടാക്കൾക്കും കിടാരികൾക്കും ആവശ്യക്കാരുണ്ട്. പശുവളർത്തലിനൊപ്പം പോത്ത്, മുട്ടക്കോഴി തുടങ്ങിയ മറ്റു മൃഗസംരക്ഷണ സംരംഭങ്ങളും പച്ചക്കറി ഉൾപ്പെടെ കാർഷിക സംരംഭങ്ങളും ചേർത്ത് സമ്മിശ്ര കൃഷിരീതിയിലാണ് ഫാം ഒരുക്കിയിരിക്കുന്നത്. മികച്ച ക്ഷീരകർഷകനുള്ള നിരവധി പ്രാദേശിക പുരസ്കാരങ്ങൾ ഉണ്ണിയെ തേടിയെത്തിയിട്ടുണ്ട്. എല്ലാ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.