കുറഞ്ഞ പരിചരണത്തിൽ ബാൽക്കണിയിൽ വളരുന്ന അഞ്ച് പച്ചക്കറികൾ
text_fieldsനഗരവാസികൾക്കും തിരക്കേറിയ ജീവിതശൈലിയുള്ളവർക്കും ടെറസിലോ ബാൽക്കണിയിലോ എളുപ്പത്തിൽ വളർത്താനും വേഗത്തിൽ നന്നായി വളരുന്നതുമായ ചില പച്ചക്കറികളെ പരിചയപ്പെടാം. തുടക്കക്കാർക്കോ സമയക്കുറവുളളവർക്കോ നല്ലതാണിത്. കുറഞ്ഞ പരിപാലനത്തിൽ കൂടുതൽ വിളവ് തരുന്നതുമാണ്. ബാൽക്കണിയിലും ടെറസിലും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചില പച്ചക്കറികൾ ഇതാ...
ചീര
കുറച്ച് വെള്ളവും സൂര്യപ്രകാശവും മാത്രം മതി. താപനിലയിലെ മാറ്റങ്ങളെ ചെറുക്കാൻ കഴിയുന്ന പ്രതിരോധ ശേഷിയുള്ള പച്ചക്കറിയാണിത്. അൽപം ആഴമുള്ള പാത്രങ്ങളിൽ പോലും നന്നായി വളരും. പുറത്തെ ഇലകൾ മുറിച്ച് ഇടയ്ക്കിടെ വിളവെടുക്കാൻ കഴിയും.
ചെറി തക്കാളി
ഒതുക്കമുള്ളതും നല്ല വിളവ് ലഭിക്കുന്നതുമായ പച്ചക്കറി. നല്ല നീർവാർച്ചയും മണ്ണിന്‍റെ ഉപരിതലം വരണ്ടതായി തോന്നുമ്പോൾ പതിവായുള്ള നനയും മാത്രം മതി. ചെറു പാത്രങ്ങളിൽ വളർത്താൻ അനുയോജ്യം. ദിവസേന 5–6 മണിക്കൂർ സൂര്യപ്രകാശം ലഭിച്ചാൽ മതി. ധാരാളം ഫലങ്ങൾ ലഭിക്കും.
പച്ചമുളക്
ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ബാൽക്കണികളിൽ വളർത്തുന്നത് അനുയോജ്യം. നനവ്, പരിചരണം എന്നിവ കുറവാണ്. കീടബാധ സാധ്യത കുറവാണ്.
ബീറ്റ്റൂട്ട്
നല്ല നീർവാർച്ചയുള്ള മണ്ണും ധാരാളം വെള്ളവും അത്യാവശ്യം. കിഴങ്ങും ഇലകളും ഭക്ഷ്യയോഗ്യമാണ്. ആഴത്തിലുള്ള പാത്രങ്ങളിലാണ് ബീറ്റ്റൂട്ട് വളരാൻ അനുയോജ്യം.
ബീൻസ്
വേഗത്തിൽ വളരുന്ന പച്ചക്കറിയാണിത്. പാത്രങ്ങളിൽ എളുപ്പത്തിൽ വളരും. ഹ്രസ്വകാല വിളയായതിനാൽ ബാൽക്കണി വിളകൾക്ക് അനുയോജ്യം. കുറഞ്ഞ പരിചരണം മാത്രമേ ആവശ്യം വരുന്നുളളൂ. മണ്ണിന്റെ പോഷകമൂല്യം വർധിപ്പിക്കാനും സഹായിക്കും.
ബാൽക്കണി പച്ചക്കറി തോട്ടത്തിനായി ശ്രദ്ധിക്കേണ്ടവ
- വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുള്ള പാത്രങ്ങൾ ഉപയോഗിക്കുക.
- ഗുണമേന്മയുള്ള പോട്ടിംഗ് മിക്സ് തെരഞ്ഞെടുക്കുക.
- ദിവസേന കുറച്ച് മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ഉറപ്പാക്കുക.
- മണ്ണ് അമിതമായി നനയാതിരിക്കാൻ ശ്രദ്ധിക്കുക.


