4 മാസം, 23.88 കോടിയുടെ കൃഷിനാശം
text_fieldsമലപ്പുറം: കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കാറ്റിലും മഴയിലും ജില്ലയിൽ നാല് മാസത്തിനിടെ 23.88 കോടിയുടെ കൃഷിനാശം. 15 ബ്ലോക്കുകളിലായി 3,216.92 ഹെക്ടറിൽ 13,246 കർഷകർക്കാണ് കൃഷിനാശമുണ്ടായത്. ഏപ്രിൽ ഒന്ന് മുതൽ ജൂലൈ 21ന് വരെയുള്ള കൃഷിവകുപ്പിന്റെ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) പ്രകാരമാണിത്. പ്രാഥമിക വിവരപ്രകാരമുള്ള കണക്ക് മാത്രമാണിത്. ഫീൽഡ്തല സൂക്ഷ്മ പരിശോധന പൂർത്തിയാക്കുന്നതോടെ റിപ്പോർട്ട് ചെയ്ത തുകയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
ഫീൽഡ് തല പരിശോധനയിൽ കൃഷി ഓഫിസർമാർ പ്രാഥമികമായി ലഭിച്ച വിവരങ്ങൾ കൃത്യമായി വിലയിരുത്തി യഥാർഥ വിവരവും തുകയും ഉറപ്പാക്കും. നിലവിലെ എഫ്.ഐ.ആർ പ്രകാരം പരപ്പനങ്ങാടി കാർഷിക ബ്ലോക്കിലാണ് കൂടുതൽ നാശം. 3,884 കർഷകരിലായി 82.06 ഹെക്ടറിൽ 6.27 കോടിയുടെ നാശമാണ് പരപ്പനങ്ങാടിയിലുണ്ടായത്. മഞ്ചേരി ബ്ലോക്കാണ് രണ്ടാമത്. 1,481 കർഷകർക്കായി 53.06 ഹെക്ടറിൽ 3.94 കോടിയുടെ നഷ്ടം സംഭവിച്ചു. മൂന്നാമതുള്ള പെരുമ്പടപ്പ് ബ്ലോക്കിൽ 1,064 കർഷകരിലായി 188.90 ഹെക്ടറിൽ 2.28 കോടിയുടെ നാശമുണ്ടായി.

കൊണ്ടോട്ടിയിൽ 30.32 ഹെക്ടറിൽ 715 കർഷകർക്കായി 2.24 കോടി, വേങ്ങര 582 കർഷകർക്ക് 45.52 ഹെക്ടറിൽ 1.98 കോടി, മലപ്പുറം 492 കർഷകർക്കായി 24.77 ഹെക്ടറിൽ 1.22 കോടി, കാളികാവ് 715 കർഷകർക്കായി 28.14 ഹെക്ടറിൽ 1.05 കോടി, വണ്ടൂരിൽ 250 കർഷകർക്ക് 2,512.36 ഹെക്ടറിൽ 1.01 കോടി, നിലമ്പൂരിൽ 415 കർഷകരിൽ 10.52 ഹെക്ടറിൽ 82.87 ലക്ഷം, വളാഞ്ചേരി 422 കർഷകരിൽ 71.87 ഹെക്ടറിൽ 66.56 ലക്ഷം, അങ്ങാടിപ്പുറം 228 കർഷകരിൽ 25.37 ഹെക്ടറിൽ 63.22 ലക്ഷം, തവനൂർ 744 കർഷകരിൽ 38.41 ഹെക്ടറിൽ 50.60 ലക്ഷം, തിരൂർ 639 കർഷകരിൽ 70.65 ഹെക്ടറിൽ 44.72 ലക്ഷം, പെരിന്തൽമണ്ണ 273 കർഷകരിൽ 17.95 ഹെക്ടറിൽ 42.15 ലക്ഷം, പൊന്മുണ്ടം 810 കർഷകരിൽ 17.02 ഹെക്ടറിൽ 35.12 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.