മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ? ഈ രീതിയൊന്ന് പരീക്ഷിച്ചു നോക്കൂ
text_fieldsമത്തി
പച്ചക്കറികളുടെ വളർച്ചയ്ക്ക് ഉപയോഗിക്കാവുന്ന മികച്ച പോഷക ലായനിയാണ് മത്സ്യക്കഷായം എന്ന പേരിലും അറിയപ്പെടുന്ന ഫിഷ് അമിനോ ആസിഡ്. ഒരു നല്ല ജൈവ വളം ആണ് ഫിഷ് അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ), ശര്‍ക്കര എന്നിവയാണ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍.
മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വൃത്തിയാക്കുക എന്ന് ഉദ്ദേശിച്ചത് മണലും മറ്റും നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.
മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍. രണ്ടും കൂടി ഒരു എയര്‍ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യപ്രകാശം കടക്കാതെ 30 ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. 30 ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി 40 ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്.
ചെടികളുടെ വളർച്ചയും വലുപ്പവും വർധിപ്പിക്കാൻ ഒരു വളർച്ചാത്വരകമായി ഫിഷ് അമിനോ ആസിഡ് ഉപയോഗിക്കാം. നൈട്രജൻ ആവശ്യമുള്ള ഘട്ടത്തിലാണ് ഇത് പ്രധാനമായും നൽകേണ്ടത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.