വള്ളിമാങ്ങയെ അറിയാം
text_fieldsപശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിൽ ഒരുകാലത്ത് ധാരാളം കാണപ്പെട്ടിരുന്ന സസ്യമായിരുന്നു വള്ളിമാങ്ങ. ഉയരമുള്ള ഫലവൃക്ഷങ്ങളിൽ പടർന്നുകയറുന്ന വള്ളിമാങ്ങ കാഴ്ചയിൽ മുന്തിരി പോലെയിരിക്കും.
കാട്ടുമുന്തിരി, കാടൻ മുന്തിരി, ഞെരിഞ്ഞൻ പുളി, ചെറുവള്ളിക്കായ, കരണ്ട വള്ളി, ചെമ്പ്ര വള്ളി, വലിയ പീരപ്പെട്ടിക്ക, കുളമാങ്ങ എന്നിങ്ങനെ പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്നു. പേരിൽ മാങ്ങയുണ്ടെങ്കിലും മുന്തിരി കുടുംബത്തിൽ പെട്ടതാണ് വള്ളിമാങ്ങ. ആമ്പെലോസിസസ് ലാറ്റിഫോളിയ എന്ന ശാസ്ത്രീയ കുടുംബത്തിൽപെട്ട സസ്യമാണിത്.
വൈൽഡ് ഗ്രേപ്, ജംഗിൽ ഗ്രേപ് വൈൻ എന്നിങ്ങനെ വിദേശ പേരുകളും ഇതിനുണ്ട്. പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലാണ് വള്ളിമാങ്ങ കൂടുതലും കാണപ്പെടുന്നത്. മുന്തിരി വള്ളിയെ പോലെയും മുന്തിരി കായ്കളെ പോലെയും കാണപ്പെടുന്ന ഈ മിനുസമുള്ള തണ്ടുകളോട് കൂടിയുള്ള സസ്യത്തിന്‍റെ ഇലകൾ ഹ്യദയാകൃതിയിലും അറ്റം കൂർത്തുമായാണ് കാണപ്പെടുക. ഇലയുടെ അടിവശം വെളുത്ത നിറത്തിലും കാണപ്പെടുന്നു.
മേയ് മുതൽ ജൂൺ വരെയുള്ള കാലത്താണ് പൂക്കളും കായ്കളും ഉണ്ടാകുന്നത്. പൂക്കൾ വിരിയുമ്പോൾ ഇളം മെറൂൺ നിറത്തിലായിരിക്കും. കായ്കൾക്ക് പച്ചയും പിന്നീട് തവിട്ട് കലർന്ന ചുവപ്പ് നിറത്തിലേക്കും മാറും.
പഴുത്ത കായ്കൾക്ക് കറുത്ത മുന്തിരിയുടെ നിറവും. പഴത്തിന് പുളിരസവുമാണ്. ചെറിയ ചൊറിച്ചിലും അനുഭവപ്പെടും. എന്നാലും ഭക്ഷ്യയോഗ്യമാണ്. ഒരു കുലയിൽ നിന്നും ഒരു കിലോവരെയുള്ള കായ്കൾ ലഭ്യമാകും. കായ്കൾ കൂടുതലായും അച്ചാറിടാനാണ് ഉപയോഗിക്കാറുള്ളത്. വിളഞ്ഞുപാകമായ വള്ളിമാങ്ങയിൽ രണ്ടോ,നാലോ കുരുക്കളാണ് കാണപ്പെടുക.
വനാന്തരങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന വള്ളിമാങ്ങ അപൂർവമായി മാത്രമേ ഇപ്പോൾ കാണാൻ കഴിയുന്നുള്ളൂ. സംരക്ഷിത ബോട്ടാണിക്കൽ ഗാർഡനിലും കാണപ്പെടുന്നു.
സമുദ്രനിരപ്പിൽ നിന്നും 2000 അടിയെങ്കിലും ഉയർന്ന പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെട്ടുന്നത്. ചെടിയുടെ വളർച്ചക്ക് ധാരാളം വെള്ളം ആവശ്യമാണ്. അതിനാൽ അരുവികളും മറ്റ് ജലാശയങ്ങളും ഉള്ളിടത്താണ് വള്ളിമാങ്ങ പൊതുവെ കണ്ടുവരുന്നത്. ഈർപ്പം കൂടുതലുള്ള മണ്ണിലാണ് ഇവ തഴച്ച് വളരുക.
ആദിവാസികൾ മരുന്നിനും ഭക്ഷണത്തിനും ഇവ ഉപയോഗിക്കാറുണ്ട്. വള്ളിമാങ്ങയുടെ ഇലയും തണ്ടും കായ്കളും ഔഷധഗുണമുള്ളതാണ്. ചെടിയുടെ വേരും ചില രോഗങ്ങൾക്ക് ഒറ്റമൂലിയായി ഉപയോഗിക്കുന്നു. സന്ധിവേദന, വയറുവേദന, ന്യൂമോണിയ, എന്നിവക്കാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്. വള്ളിമാങ്ങയെ ചൊറിയൻ പുളിയെന്നും അതിന്‍റെ വള്ളിയെ അമർച്ച കൊടിയെന്നും ആദിവാസികൾ വിളിക്കുന്നുണ്ട്.


