അടുക്കള വേസ്റ്റിൽ കമ്പോസ്റ്റ് അഴുകാൻ സമയം എടുക്കുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്താൽ മതി
text_fieldsഅടുക്കളയിലെ വേസ്റ്റ് പ്രത്യേകിച്ച് സിങ്കിൽ നിന്നുള്ളവ കമ്പോസ്റ്റ് ആക്കി മാറ്റി ചെടികൾക്ക് പ്രയോഗിക്കുന്നത് ചെടികൾ തഴച്ച് വളരാൻ സഹായിക്കും. എന്നാൽ ഇത് തയാറാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ മറക്കരുത്.
കമ്പോസ്റ്റ് നിർമാണത്തിന് മൺപാത്രമോ പ്ലാസ്റ്റിക് ബക്കറ്റോ ഉപയോഗിക്കം. ഇതിനുപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ ഗ്രീൻ മെറ്റീരിയൽ, ബ്രൗൺ മെറ്റീരിയൽ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ഗ്രീനിൽ പച്ചക്കറി, പഴത്തൊലികൾ, മുട്ടത്തോട്, ചായ/കാപ്പിപ്പൊടി എന്നിങ്ങനെ നൈട്രജൻ കണ്ടന്‍റടങ്ങിയ മാലിന്യങ്ങളാണ് ചേർക്കേണ്ടത്.
ബ്രൗൺ മെറ്റീരിയലുകളിൽ ഉണങ്ങിയ ഇലകൾ, പേപ്പർ കഷണങ്ങൾ, ഉമി, അറക്കപ്പൊടി, ചകിരിച്ചോറ് എന്നിങ്ങനെ കാർബൺ ഘടകങ്ങൾ ആണ് ചേർക്കേണ്ടത്. കമ്പോസ്റ്റിങ് വേഗത്തിലാക്കാൻ കഞ്ഞിവെള്ളമോ മോരോ ചേർത്താൽ മതി.
കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം
ഗ്രീൻ, ബ്രൗൺ മാലിന്യങ്ങൾ നിശ്ചിത അനുപാതത്തിലാണ് ചേർക്കേണ്ടത്. ഓരോന്നും അടുക്കുകളായി നിറക്കുകയും ഓരോ ലെയറിലും മോരോ കഞ്ഞി വെള്ളമോ ചേർക്കുകയും വേണം. കമ്പോസ്റ്റിൽ ഈർപ്പം നില നിർത്തുകയും വായു സഞ്ചാരം ഉറപ്പാക്കുകയും വേണം.
അമിതമായി എണ്ണയും മസാലയും ചേർന്ന ഭക്ഷണാവശിഷ്ടങ്ങൾ, മാംസം, മീൻ, പാലുൽപ്പന്നങ്ങൾ, അസ്ഥികൾ എന്നിവ കമ്പോസ്റ്റിൽ ചേർക്കുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ എളുപ്പത്തിൽ അടുക്കള വേസ്റ്റിൽ കമ്പോസ്റ്റ് തയാറാക്കാം.


