Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightതേങ്ങക്ക് തീപ്പിടിച്ച...

തേങ്ങക്ക് തീപ്പിടിച്ച വില; കുലനിറയെ തേങ്ങ വിളയണോ? തെങ്ങിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചില മാർഗങ്ങളുണ്ട്

text_fields
bookmark_border
coconut
cancel

തേങ്ങയുടെ വിലയിൽ വൻ കുതിപ്പാണ് അടുത്തകാലത്തുണ്ടായത്. ഇതോടെ വെളിച്ചെണ്ണ വിലയും നിലവിട്ട് ഉയർന്നു. എന്നാൽ, ഇതിന്‍റെ നേട്ടം പല കർഷകർക്കും അനുഭവിക്കാൻ സാധിച്ചില്ലെന്നതാണ് യാഥാർഥ്യം. തെങ്ങുകളുടെ ആരോഗ്യം ക്ഷയിച്ചതും കുറഞ്ഞ വിളവും അസുഖങ്ങളും ഒക്കെ ചേർന്നപ്പോൾ, വിപണിയിലെ കത്തിക്കയറുന്ന വില കേരളത്തിലെ കർഷകർക്ക് കയ്യുംകെട്ടി നോക്കിനിൽക്കേണ്ടിവന്നു. എന്നാൽ, തെങ്ങുകൾക്ക് അത്യാവശ്യം ചില പരിചരണങ്ങൾ നൽകിയാൽ മികച്ച വിളവ് ലഭിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

തടം തുറക്കലും വളപ്രയോഗവും

തെങ്ങുകൾക്ക് നല്ല വിളവ് ലഭിക്കുന്നതിന് ശരിയായ സമയത്ത് തടം തുറക്കുകയും വളപ്രയോഗം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച്, ജൂൺ മാസം കാലവർഷം ആരംഭിക്കുന്ന സമയമായതുകൊണ്ട്, മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉണ്ടാകും. ഈ സമയത്ത് കായ്ഫലം തരുന്ന തെങ്ങുകൾക്ക് വളം ചേർക്കുന്നത് തെങ്ങിന് നന്നായി വലിച്ചെടുക്കാൻ സഹായിക്കും.

തെങ്ങിന് വളപ്രയോഗം നടത്തുന്നതിന് മുൻപ് സാധിക്കുമെങ്കിൽ മണ്ണ് പരിശോധന നടത്തേണ്ടത് ആവശ്യമാണ്. മണ്ണ് പരിശോധനയിലൂടെ നിങ്ങളുടെ മണ്ണിന്റെ ഘടന, പി.എച്ച് ലെവൽ (അമ്ലത്വം/ക്ഷാരത്വം), ആവശ്യമായ പോഷകങ്ങളുടെ അളവ്, ഏതെങ്കിലും മൂലകങ്ങളുടെ കുറവോ കൂടുതലോ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

Photo from Social media

തെങ്ങിൻ്റെ തടം തുറക്കുന്നത് വളം മണ്ണിൽ നന്നായി ചേരാനും വേരുകൾക്ക് വളം എളുപ്പത്തിൽ വലിച്ചെടുക്കാനും സഹായിക്കാനാണ്. സാധാരണയായി മഴക്കാലം തുടങ്ങുന്നതിന് മുൻപോ (ഏപ്രിൽ-മേയ്- ജൂൺ മാസങ്ങളിൽ) മഴ കഴിഞ്ഞതിന് ശേഷമോ (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ) ആണ് തടം തുറക്കുന്നത്.

തെങ്ങുകൾക്ക് രാസവളങ്ങളും ജൈവവളങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനെ സമീകൃത വളപ്രയോഗം അഥവാ സംയോജിത വളപ്രയോഗം എന്ന് പറയുന്നു. ഇതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്:

ജൈവവളങ്ങൾ, മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും, മണ്ണിലെ ജൈവാംശം കൂട്ടാനും, വായുസഞ്ചാരം വർധിപ്പിക്കാനും സഹായിക്കും. മണ്ണിന്റെ ജലാംശം നിലനിർത്താൻ ജൈവവളങ്ങൾ സഹായിക്കും,

പ്രത്യേകിച്ച് വേനൽക്കാലത്ത് ഇത് വളരെ പ്രയോജനകരമാണ്. അത് പോലെ മണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടുന്ന സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് ജൈവവളങ്ങൾ അത്യന്താപേക്ഷിതമാണ്. ജൈവവളങ്ങളിലെ പോഷകങ്ങൾ സാവധാനത്തിൽ മണ്ണിൽ ലയിച്ച് തെങ്ങിന് ദീർഘനാൾ ലഭ്യമാക്കുന്നു.

രാസവളങ്ങൾ, തെങ്ങിന്റെ വളർച്ചയ്ക്കും കായ്ഫലത്തിനും ആവശ്യമായ പ്രധാന പോഷകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നു. അതോടൊപ്പം രാസവളങ്ങളിലൂടെ ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ നൽകാൻ സാധിക്കും.

ജൈവവളങ്ങളിൽ പോഷകങ്ങളുടെ അളവ് വ്യത്യാസപ്പെടാം. ഉൽപ്പാദനം കുറഞ്ഞ തെങ്ങുകളിൽ രാസവളങ്ങൾ ജൈവവളത്തോടൊപ്പം നൽകുമ്പോൾ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കാനും സഹായിക്കുന്നുണ്ട്. ചുരുക്കത്തിൽ, ജൈവവളങ്ങൾ മണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടുമ്പോൾ രാസവളങ്ങൾ തെങ്ങിന് പെട്ടെന്ന് പോഷകങ്ങൾ കിട്ടാൻ ഇടയാക്കുന്നു. ഇവ രണ്ടും ചേരുമ്പോൾ തെങ്ങിന് ഏറ്റവും മികച്ച വളർച്ചയും ഉൽപ്പാദനവും ഉറപ്പാക്കാൻ സാധിക്കും.

Photo from Social media

വളപ്രയോഗ രീതി

സാധാരണയായി തെങ്ങിന് വർഷത്തിൽ രണ്ട് തവണ വളം ചേർക്കുന്നതാണ് ഉത്തമം. വളം ചേർക്കലിന്റെ ആദ്യപടി ആയി തെങ്ങിന്റെ കടയ്ക്കൽ നിന്ന് ഏകദേശം 2 മീറ്റർ വ്യാസാർധത്തിൽ 25 സെന്റീമീറ്റർ ആഴത്തിൽ തടം തുറക്കുക. കൂടുതൽ ആഴത്തിൽ കുഴിക്കരുത്, കാരണം ഇത് വേരുകൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. തുറന്ന തടത്തിൽ കളകളോ കല്ലുകളോ ഇല്ലാതെ വൃത്തിയാക്കുക.

മണ്ണിന് അമ്ലാംശം കൂടുതലാണെങ്കിൽ, മേയ് - ജൂൺ മാസങ്ങളിൽ തെങ്ങൊന്നിന് 1 കിലോ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർക്കണം.

കുമ്മായം ചേർത്ത് നനച്ചതിനു ശേഷം രണ്ട് ആഴ്ച കഴിഞ്ഞു ആദ്യം ജൈവവള പ്രയോഗം നടത്താം.

ഓരോ തെങ്ങിനും 25-50 കിലോഗ്രാം ജൈവവള കൂട്ട് (ചാണകപ്പൊടി, കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം, കോഴിവളം, പച്ചിലവളങ്ങൾ, ചകിരിച്ചോറ് എന്നിവ) നൽകുക. ഇത് മണ്ണിൽ ഈർപ്പം നിലനിർത്താനും മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. അതിന് മുകളിൽ പച്ചിലവളങ്ങൾ തടത്തിൽ ഇട്ട് കുറച്ചു കൂടി ചാണകപ്പൊടി വിതറുന്നതും നല്ലതാണ്.

ഒരാഴ്ച കഴിഞ്ഞു തടം നന്നായി നനച്ചതിനു ശേഷം ആദ്യത്തെ ഗഡു രാസവളം കൂടി നൽകാം. രാസവളം ഒറ്റയടിക്ക് നൽകാതെ, സാധാരണയായി രണ്ട് ഗഡുക്കളായി നൽകാറാണ് പതിവ്.

ഒരു തെങ്ങിന് ആദ്യ ഗഡുവായി നൽകേണ്ട രാസവളത്തിന്റെ ഏകദേശ അളവ്, നൈട്രജന് വേണ്ടി യൂറിയ 350 - 450 ഗ്രാം, ഫോസ്ഫറസിന് വേണ്ടി റോക്ക് ഫോസ്ഫേറ്റ് / മസൂറി ഫോസ്ഫേറ്റ് 500 ഗ്രാം, പൊട്ടാഷിനു വേണ്ടി മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 650 - 700 ഗ്രാം എന്ന രീതിയിൽ വേണം ചേർക്കേണ്ടത്.

ബാക്കിയുള്ള രണ്ടാം ഗഡു രാസവളവും ഇത് പോലെ തന്നെ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ (തുലാവർഷത്തിന് ശേഷം) നൽകാവുന്നതാണ്.

എന്നാൽ 10:5:20 എന്ന രാസവള മിശ്രിതമാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു തെങ്ങിന് 5 കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ ഈ അളവിന്റെ പകുതി വീതം വർഷത്തിൽ രണ്ടു തവണ ആയി നൽകാം.

ഇവയോടൊപ്പം തെങ്ങിന് നൽകേണ്ട ചില സൂഷ്മ മൂലകങ്ങൾ കൂടിയുണ്ട്. തെങ്ങുകൾക്ക് മഗ്നീഷ്യം സൾഫേറ്റ് 250 ഗ്രാം വർഷത്തിലൊരിക്കൽ നൽകുന്നത് നല്ലതാണ്, പ്രത്യേകിച്ച് 5 വർഷം പ്രായമായ തെങ്ങുകൾക്ക് തെങ്ങോലകളിൽ മഞ്ഞളിപ്പ് കാണുന്നത് മഗ്നീഷ്യം കുറവിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. ഓലകളുടെ അഗ്രഭാഗം മഞ്ഞളിച്ച് നടുഭാഗം പച്ചയായി നിലനിൽക്കുന്നത് മഗ്നീഷ്യം കുറവിന്റെ പ്രത്യേകതയാണ്. ഇത് ക്രമേണ ഓലകൾ ഉണങ്ങി കരിയാനും ഇടയാക്കും.

ബോറോണിന്റെ കുറവ് മൂലം തെങ്ങിന്റെ ഏറ്റവും പുതിയ നാമ്പോലകൾ ശരിയായി വിരിയാതെ ചുരുണ്ടുകൂടുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്യും അതോടൊപ്പം ചെറിയ മച്ചിങ്ങകൾ ധാരാളമായി പൊഴിഞ്ഞുപോകുക, തേങ്ങയുടെ വലിപ്പം കുറയുക, ആകൃതിയിൽ വ്യത്യാസം വരിക എന്നിവ കാണുന്നുണ്ടെങ്കിൽ 150 ഗ്രാം ബോറാക്സ് രണ്ടു തവണയായി (75 ഗ്രാം വീതം) ചേർക്കുന്നത് ഗുണകരമാണ്.

ചിതൽ ശല്യം ഒഴിവാക്കാൻ വേപ്പിൻ പിണ്ണാക്കും ഉപ്പും സമം ചേർത്ത് തടത്തിനു ചുറ്റും ഇടുന്നതും നല്ലതാണ്. മഴയില്ലെങ്കിൽ, വളം ഇട്ടയുടൻ തന്നെ തടം നനച്ച് തടം തുറക്കാൻ ഉപയോഗിച്ച മണ്ണ് തന്നെ തിരികെയിട്ട് തടം മൂടുക എന്നതാണ്. വളം മണ്ണിനടിയിൽ ഏകദേശം 10-15 സെൻ്റിമീറ്റർ താഴ്ചയിൽ വരുന്ന രീതിയിൽ വേണം തടം അടയ്ക്കാൻ. തടം മണ്ണിട്ട് മൂടിയ ശേഷം അതിനു മുകളിൽ തെങ്ങോല, കരിയില, വൈക്കോൽ, അല്ലെങ്കിൽ മറ്റ് ജൈവവസ്തുക്കൾ ഉപയോഗിച്ച് പുതയിടുന്നത് വളരെ പ്രയോജനകരമാണ്.

തെങ്ങിന് നല്ല വിളവ് ലഭിക്കണമെങ്കിൽ അത്യാവശ്യമായ 17 പോഷക മൂലകങ്ങളുണ്ട്. ഇവയിൽ ഏതൊന്നിന്റെ കുറവുണ്ടായാലും തെങ്ങിന്റെ വളർച്ചയെയും വിളവിനെയും ബാധിക്കും.

തെങ്ങിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും സ്ഥിരവും ഉയർന്നതുമായ വിളവിനും മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും പരിസ്ഥിതി സൗഹൃദപരമായ ഒരു സമീപനം നൽകാനും സമീകൃത വളപ്രയോഗം അത്യന്താപേക്ഷിതമാണ്.

Show Full Article
TAGS:Coconut Tree Coconut Oil coconut price Agri Info 
News Summary - farming tips to improve the health of coconut trees
Next Story