എങ്ങനെ വേരുപിടിപ്പിക്കും?
text_fieldsമഴക്കാലമാണ്. ഏറ്റവും കൂടുതൽ നടീല്‍ നടക്കുന്ന സമയം. വീട്ടിൽ പുതിയ ചെടികൾ വളർത്താനും പൂന്തോട്ടമുണ്ടാക്കാനുമെല്ലാം പറ്റിയ സമയം. യാത്രയിലാണെങ്കിലും മറ്റു വീടുകളിലേക്കുള്ള സന്ദർശനങ്ങളാണെങ്കിലും പുതിയ ചെടികൾ കണ്ടാൽ ഒരു കൊമ്പൊടിച്ച് എടുക്കാതെ, ഒരു തൈ പറിച്ചെടുക്കാതെ നമുക്ക് സമാധാനമുണ്ടാവില്ല. ഈ കൊമ്പും തൈകളും പക്ഷേ, നന്നായി ശ്രദ്ധിച്ച് നട്ട് പരിപാലിച്ചാൽ മാത്രമേ അത് നല്ല സസ്യമായി വളരൂ.
കമ്പ് നടാം
കമ്പ് മുറിച്ചുനടുന്നതാണ് മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവും. വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. അധികം ചെടികൾ ഇതിനായി തിരയുകയും വേണ്ട. വേരുപിടിപ്പിക്കൽ സിംപ്ൾ ആയ കാര്യമാണ്. വേനലില്‍ ഒരിക്കലും കമ്പ് മുറിച്ച് നടാൻ ശ്രമിക്കരുത്. കമ്പ് അധികം തടിയില്ലാത്തതാണെങ്കിൽ അരയടി നീളത്തിലും മൂത്ത കമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കണം. നേര്‍ത്ത കമ്പാണെങ്കിൽ അതിലെ പകുതിയിലധികം ഇലകൾ ഒഴിവാക്കണം. മൂത്ത കമ്പാണെങ്കിൽ മുഴുവന്‍ ഇലകളും ഒഴിവാക്കണം.
വേരുണ്ടാക്കാൻ
ആദ്യം ചെയ്യേണ്ടത് തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുക. ഇനി മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റര്‍ ചുവടുഭാഗം ഒരു ഗ്രാം ഇന്‍ഡോൾ 3 ബ്യൂട്ടറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ 45 സെക്കന്‍ഡ് സമയം മുക്കിവെക്കണം. ഐ.ബി.എക്ക് പകരം സെറാഡിക്‌സും ഉപയോഗിക്കാം. കമ്പിന്റെ മുറിച്ചഭാഗം നനച്ച് സെറാഡിക്‌സില്‍ മുക്കിയിട്ട് കൂടുതലായുള്ള പൊടി നീക്കിയതിനുശേഷം നടാം. നാടൻ പ്രയോഗങ്ങളുമുണ്ട് വേരു പിടിപ്പിക്കാൻ. അതിൽ പ്രധാനം കരിക്കിന്‍ വെള്ളവും പച്ചച്ചാണകവും വെള്ളത്തില്‍ കലക്കിയ തെളിതന്നെ.
ടിപ്സ്
വേരിന് ശക്തിയുണ്ടാക്കാനുള്ള സൂത്രം ചെലവുകുറഞ്ഞ രീതിയില്‍ നമുക്കുതന്നെ തയാറാക്കാം. ആദ്യം 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുത്തോ തയാറാക്കുന്ന ഈ മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടാം. ഇത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ നേരം കമ്പ് മുക്കിവെച്ച് നടുന്നതും വേരുൽപാദനം എളുപ്പമാക്കും.
വേരുറച്ചുവരുന്നതുവരെ കൃത്യമായ ശ്രദ്ധ വേണം. ഇല്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നതും നല്ലതാണ്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ അതിന്റെ ചുറ്റുപാടിലും നനവുണ്ടാകണം എന്നുകൂടി ഓർക്കുക. നേരിട്ട് വെയിലേൽക്കാതെ, അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി വെള്ളം ലഭിച്ചാൽ വേരുപിടിക്കലിന് ശക്തികൂടും. .