Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightപ്രോട്ടീന്‍ കലവറ,...

പ്രോട്ടീന്‍ കലവറ, വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ അനുയോജ്യം; അമരപ്പയർ നടാൻ ഇത് നല്ല സമയം

text_fields
bookmark_border
amarapayar 987986
cancel

പ്രോട്ടീനിന്റെ കലവറയാണ് അമരപ്പയർ. നാരുകൾ, വൈറ്റമിനുകൾ, മറ്റു ധാതുലവണങ്ങളാൽ സമൃദ്ധം. വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയാണ്. പടരുന്നവയും കുറ്റിയായി വളരുന്നതുമുണ്ട്. പടരുന്ന ഇനങ്ങൾ ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നടാം. കുറ്റിയിനങ്ങൾ വർഷം മുഴുവൻ കൃഷി ചെയ്യാം. ​ഹിമ, ഗ്രേസ് തുടങ്ങിയവയാണ് പടരുന്ന ഇനങ്ങൾ. അർക്കാ ജെയ്, അർക്കാ വിജയ് എന്നിവയാണ് കുറ്റിയായി വളരുന്നവ.

പടരുന്ന ഇനങ്ങൾ 1.25X 1.75 മീറ്റർ ഇടയകലത്തിൽ വിത്ത് പാകണം. കുറ്റിയിനങ്ങൾക്ക് 0.6 x 0.5 മീറ്റർ ഇടയകലം മതി. വാരങ്ങളും ചാലുകളുമെടുത്ത് കുറ്റിയിനങ്ങളുടെ വിത്തു വിതക്കാം. പടരുന്ന ഇനങ്ങൾക്ക് താങ്ങുകളോ കയറോ കെട്ടിനൽകണം.

സെന്റൊന്നിന് അടിവളമായി 80-100 കിലോ കാലിവളം നൽകുന്നത് വിളവ് കൂടാൻ സഹായിക്കും. കാലിവളമോ കമ്പോസ്റ്റോ മണ്ണിര ക്കമ്പോസ്റ്റോ ജൈവവളക്കൂട്ടായി സെന്റിന് 16-20 കിലോ നൽകാം. ഇടക്കിടെ ചാരം, കോഴിവളം തുടങ്ങിയവയും 10-15 ദിവസം ഇടവിട്ട് നൽകണം.

നല്ല നന വേണ്ട വിളയാണ് അമരപ്പയർ. പൂവിടുന്ന സമയത്ത് നന്നായി നനക്കുന്നത് കായ്ഫലം കൂട്ടും. പയറിനെപ്പോലെ മുഞ്ഞ, ചാഴി, കായ് തുരപ്പൻ, ചിത്രകീടം, പയർ വണ്ട് തുടങ്ങിയവ അമരയെ ആക്രമിക്കും. വേപ്പധിഷ്ഠിത കീടനാശിനി, പുകയില കഷായം, വേപ്പിൻകുരു സത്ത് തുടങ്ങിയവ കീടങ്ങളെ പ്രതിരോധിക്കാൻ തളിക്കാം.




അമരയുടെ ഔഷധ ഗുണങ്ങൾ

അമരയുടെ ഇല അടങ്ങിയ ഔഷധങ്ങൾ ആസ്ത്മയ്ക്ക് ഫലപ്രദമാണ്. അമരയുടെ വിത്തും വിത്തിനെ പൊതിയുന്ന തോടും ഉളുക്ക്, വാതവേദന, നീര് എന്നിവയ്ക്ക് അതിവേ​ഗം ആശ്വാസമേകും. അമരയുടെ വിത്തിൽ നിന്ന് സംസ്ക്കരിച്ചെടുക്കുന്ന ​ഗ്വാർ​ഗം എന്ന നാരുകളും ഔഷധമായി ഉപയോ​ഗിക്കുന്നു.

  • നാരുകൾക്ക് പുറമേ അന്നജം, പ്രോട്ടീൻ, അസ്കോർബിക് ആസിഡ്, ​ഗാലിക് ആസിഡ് തുടങ്ങിയവയും അമരയിലെ ഘടകങ്ങളാണ്.
  • മൂത്രാശയരോ​ഗങ്ങൾ, ഹൃദ്രോ​ഗം, സോറിയാസിസ്, കരൾ രോ​ഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ അമരയ്ക്ക ​ഗുണം ചെയ്യാറുണ്ട്. ശോധന ക്രമപ്പെടുത്താനും അമരയ്ക്കയെ പ്രയോജനപ്പെടുത്താം.
  • കുറഞ്ഞ തോതിലുള്ള ​ഗ്ലെെസീമിക് ഇൻഡെക്സ് ആയതിനാൽ പ്രമേഹരോ​ഗികൾക്ക് അമരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  • പ്രസവശേഷം മുലപ്പാൽ കുറയുമ്പോൾ അമരയ്ക്ക ധാരാളം തേങ്ങ ചേർത്ത് തോരനാക്കി കഴിച്ചാൽ മതിയാകും.
  • സോറിയാസിസ് രോ​ഗികൾ ഔഷധങ്ങൾക്കൊപ്പം ആഴ്ചയിൽ മൂന്നുതവണയെങ്കിലും അമരയ്ക്ക കഷായമാക്കി കഴിക്കുന്നത് ​ഗുണം ചെയ്യും.
  • വേദനയോടു കൂടിയ മൂത്രച്ചുടിച്ചിലിന് 10 ​ഗ്രാം അമരയ്ക്ക ചേർത്ത് തിളപ്പിച്ച 200 മില്ലിലിറ്റർ വെള്ളം ഔഷധങ്ങൾക്കൊപ്പം രണ്ട് നേരമായി കുടിക്കാം.

(ശ്രദ്ധിക്കുക: മേൽപ്പറഞ്ഞിരിക്കുന്നവ പൊതുവേയുള്ള ഔഷധഗുണങ്ങളാണ്. അസുഖങ്ങൾക്ക് ഡോക്ടറെ കണ്ട് മാത്രം ചികിത്സ തേടുക)

Show Full Article
TAGS:Agri Info Farming tips Amarappayar Agri News 
News Summary - its time to cultivate Hyacinth bean agri info
Next Story