മാമ്പഴക്കാലമായി... നല്ല വിളവിന് ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ...
text_fieldsമാമ്പഴക്കാലം തുടങ്ങാറായി. മാവുകളെല്ലാം പൂത്തുതളിർത്തും മാങ്ങകൾ നിറഞ്ഞും കാണാം. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഇനങ്ങളാണ് മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, കൊളമ്പി മാങ്ങ, നീലം, പ്രിയൂര്‍, കലപ്പാടി, കിളിമൂക്ക് തുടങ്ങിയവ. എന്നാൽ, വേനൽ കടുക്കുന്നതോടെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം മാങ്ങകൾ കൊഴിഞ്ഞു വീഴുന്നതാണ്. കൂടാതെ ചില മാവുകൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. ചില പരിഹാര മാർഗങ്ങൾ പരീക്ഷിച്ചാലോ...
⊿ നന്നായി കായ്കൾ പിടിക്കുന്നുണ്ട്. എന്നാൽ, നനച്ചുകൊടുത്തിട്ടും അവയെല്ലാം വീണുപോകുന്നു. മാവ് പൂത്താൽ മാവിന്റെ ചുവട്ടിൽനിന്ന് മാറി വേണം ജലസേചനം നടത്താൻ. ചുവട്ടിൽ വെള്ളം ഒഴിച്ചതുകൊണ്ട് കായ്കൾ കൊഴിയുന്നതിന് പരിഹാരമാകില്ല.
⊿ ഇതുവരെ പൂക്കാത്ത മാവിന്റെ തടം തുറന്ന് വേരുകൾ തെളിഞ്ഞു കാണുന്ന വിധം വെയിൽ കൊള്ളാൻ അനുവദിക്കണം. ശേഷം ചാണകപ്പൊടി, ചാമ്പൽ, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവള മിശ്രിതം നൽകി മണ്ണിട്ട് മൂടണം. ശേഷം കരിയിലകൊണ്ട് പുതയിട്ട് നൽകുകയും ചെയ്യാം.
⊿ തളിരിലകൾ തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാനായി 2 ശതമാനം വീര്യത്തിൽ വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതം തളിച്ചുകൊടുക്കണം. മാവിനടിയിൽ പുകയിടുന്നത് മാവ് കായ്ക്കാൻ സഹായിക്കുകയും കീടങ്ങളെ അകറ്റാൻ സഹായിക്കുകയും ചെയ്യും. കരിയിലയും ചകിരിയുമെല്ലാമിട്ട് മാവിന് പുക നൽകാം.
പച്ചക്കറിവിളകളില്‍ ഉറുമ്പുശല്യം
ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കുന്നത് പതിവാണ്. അതേസമയം ചില ഉറുമ്പുകൾ കർഷകരുടെ മിത്രങ്ങളുമാണ്. മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കും. അതേസമയം ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദ മാർഗങ്ങൾ സ്വീകരിക്കുകയും വേണം.
• ഒരു കിലോഗ്രാം ചാരത്തില്‍ 250 ഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറിയാൽ ഉറുമ്പുകളെ തുരത്താം.
• അപ്പക്കാരവും പഞ്ചസാര പൊടിച്ചതും ചേർത്ത് നനയാതെ ചെടികളുടെ താഴെ വെക്കണം. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും. ഉറുമ്പിന്റെ കോളനിയില്‍ ഇവ അത് എത്തിക്കുന്നതുവഴി ഉറുമ്പുകള്‍ കൂട്ടത്തോടെ ചാവും.
• കടിക്കുന്ന ഉറുമ്പുകളെ തുരത്താൻ ഉണക്ക ചെമ്മീന്‍ പൊടിച്ചതിനൊപ്പം ബോറിക് പൗഡർ ചേർത്ത് ഉറുമ്പുള്ള സ്ഥലങ്ങളിൽ വെക്കാം.
• വൈറ്റ് വിനെഗര്‍ ഉറുമ്പിനെ ഇല്ലാതാക്കാൻ പറ്റിയ വസ്തുവാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്പ്രേ ചെയ്തുവെക്കാം.
• സോപ്പുവെള്ളം സ്പ്രേ ചെയ്ത് ഉറുമ്പിനെയകറ്റാം. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വെക്കാം.
• മുളകുപൊടി, ഉപ്പ് എന്നിവ വിതറുന്നതും ഉറുമ്പിനെ അകറ്റാൻ സഹായിക്കും. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്താലും മതി.