കുരുമുളകിന് വാട്ടരോഗമുണ്ടോ? വേപ്പിൻപിണ്ണാക്ക് കൊണ്ട് ഒരു പ്രയോഗമുണ്ട്
text_fieldsകുരുമുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ് സാവധാന വാട്ടം. ഇലകളും തിരികളും പൊഴിഞ്ഞ്, കണ്ണിത്തല മുറിഞ്ഞ് വീഴുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെടി പൂര്‍ണ്ണമായും നശിക്കുന്നു. കുമിളുകള്‍, നീമാവിരകള്‍, മീലിമൂട്ടകള്‍ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. നീമവിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകള്‍ തുരന്ന് അവയില്‍ മുഴകള്‍ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകള്‍ക്ക് പിന്നീട് കുമിള്‍ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തില്‍ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീര്‍വാര്‍ച്ചക്കുറവ് ഈ രോഗത്തിന്റെ ഒരു പ്രധാന കാരണമാണ്.
കുരുമുളകിൽ കാണുന്ന സാവധാന വാട്ടരോഗത്തെ നിയന്ത്രിക്കുന്നതിനായി കുരുമുളക് ചെടിയുടെ ചുവട്ടിൽ വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കുക. കൂടാതെ പീസിലോ സെസ് ലൈലാസിനസ് എന്ന മിത്ര ജീവാണുക്കൾ 25 ഗ്രാം വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടുകൊടുക്കുക. രോഗം രൂക്ഷമാവുകയാണെങ്കിൽ മൂന്ന് ഗ്രാം കോപ്പർ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഓരോ ചെടിയുടെ ചുവട്ടിലും മണ്ണ് കുതിരത്തക്ക വണ്ണം ഒഴിച്ചു കൊടുക്കുക.
കമ്മ്യൂണിസ്റ്റ് പച്ച, ജമന്തി, ശീമക്കൊന്ന എന്നിവ ചുവട്ടില്‍ ചേര്‍ക്കുന്നതും നല്ലതാണ്. രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കില്‍ ചെടികള്‍ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കേണ്ടിവരും.