കാർഷിക മേഖല കുതിക്കുന്നു; 2030ഓടെ 856 ദശലക്ഷം റിയാൽ കവിയും
text_fieldsഅൽ ഖോറിലെ ഫാമിൽ നിന്നുള്ള ദൃശ്യം -ചിത്രം: ഗൾഫ് മാധ്യമം
ദോഹ: സാങ്കേതികവിദ്യ, സുസ്ഥിരത, ഭക്ഷ്യസുരക്ഷ എന്നിവയിൽ കൂടുതൽ ഊന്നൽ നൽകി ഖത്തറിലെ കാർഷിക മേഖല കൂടുതൽ പുരോഗതിയിലേക്ക്. ആഗോള വിശകലന പ്ലാറ്റ്ഫോമായ മോർഡോർ ഇന്റലിജൻസ് അടുത്തിടെ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ഖത്തറിന്റെ കാർഷിക വിപണി വർഷാവസാനത്തോടെ 656 ദശലക്ഷത്തിലധികം റിയാൽ (ഏകദേശം 180.3 ദശലക്ഷം ഡോളർ) എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി രേഖപ്പെടുത്തി. 2030ഓടെ ഇത് 856 ദശലക്ഷത്തിലധികം കവിയുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സർക്കാർ സംരംഭങ്ങളും വർധിച്ച ആവശ്യവും കാരണം കാർഷിക വ്യവസായം ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത നിയമം നടപ്പിലാക്കൽ, വിതരണ മാർഗങ്ങളിലെ മെച്ചപ്പെടുത്തലുകൾ, ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക പ്രോത്സാഹനങ്ങൾ തുടങ്ങിയവയും കാർഷിക മേഖലയിലെ പുരോഗതിക്ക് കാരണമായി.
വരണ്ട കാലാവസ്ഥയിലും സുസ്ഥിര കാർഷിക രീതികൾ സ്വീകരിച്ചും ഖത്തർ കാർഷിക വിപണിക്ക് വലിയ ശ്രദ്ധയാണ് നൽകിക്കൊണ്ടിരിക്കുന്നത്.
ഓട്ടോമേറ്റഡ് ഇറിഗേഷൻ സംവിധാനം, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ കാർഷിക ഉൽപാദനത്തിന്റെ വിളവും ഗുണനിലവാരവും മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. ആഭ്യന്തര കാർഷിക ഉൽപാദനം ശക്തിപ്പെടുത്തുന്നതിന് ഖത്തർ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും വർധിച്ച ആവശ്യം നിറവേറ്റുന്നതിന് ഇറക്കുമതിയെ ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നുണ്ട്. ധാന്യങ്ങൾ, പഴം പച്ചക്കറികൾ എന്നിവയാണ് കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. ബ്രസീൽ, അമേരിക്ക, ഇന്ത്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതലായും ഇറക്കുമതി ചെയ്യുന്നതെന്നും മോർഡോർ ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യോൽപാദനം വർധിപ്പിക്കുന്നതിലും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിലും രാജ്യം പ്രത്യേക ഊന്നൽ നൽകുന്നു.
കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യകളും ട്രെൻഡുകളും പ്രദർശിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമായി വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അഗ്രിടെക് പോലുള്ള കാർഷിക പ്രദർശനങ്ങൾക്കും ഖത്തർ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഔട്ട്ഡോർ, ഇൻഡോർ കൃഷിക്ക് അനുയോജ്യമായ നൂതന രീതികൾ ഉപയോഗിച്ച് പ്രാദേശിക ഫാമുകൾ പച്ചക്കറി ഉൽപാദനം ശക്തിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാറിന്റെ പിന്തുണയോടെയുള്ള സംരംഭങ്ങളുടെയും വിപണി വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ 2030 അവസാനത്തോടെ കാർഷിക മേഖല 5.47 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്കിന് സാക്ഷ്യംവഹിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.