മണ്ണിൽ പൊന്നുവിളയിച്ച് സമീറും കുടുംബവും
text_fieldsസമീറും കുടുംബവും കൃഷിത്തോട്ടത്തിൽ
പൂച്ചാക്കൽ: പിതാവ് മണ്ണിൽ പൊന്ന് വിളയിക്കുന്നതും അതിൽ നിന്ന് വിളവെടുത്ത് ഉമ്മ രുചികരമായ ഭക്ഷണമൊരുക്കുന്നതുമെല്ലാം കണ്ടറിഞ്ഞാണ് സമീർ വളർന്നത്. കൃഷിക്കാരനായ പിതാവിനൊപ്പം മണ്ണിൽ പണിയെടുക്കുന്നതും ജീവിതത്തിൽ ശീലമായി. ആ ശീലം ജീവനോപാധിയാക്കിയാണ് സമീറും കുടുംബവും ഇപ്പോൾ മുന്നോട്ട് പോകുന്നത്.
പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് പൊലീസ് സ്റ്റേഷന് കിഴക്ക് സമീർ മൻസിൽ സമീറിന് കൃഷി പാടവം പാരമ്പര്യമായി ലഭിച്ചതാണ്. പോസ്റ്റ് മാസ്റ്ററായി വിരമിച്ച പിതാവ് അബൂബക്കറിൽ നിന്ന് താനടങ്ങുന്ന അഞ്ച് മക്കൾക്കും നല്ല രീതിയിൽ കൃഷി പാടവം ലഭിച്ചിട്ടുണ്ടെന്ന് സമീർ പറയുന്നു. മൂത്ത സഹോദരൻ വടുതല ജങ്ഷനിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന നസീർ മികച്ച കർഷകനാണ്. പുത്തനങ്ങാടിയിലേക്ക് വിവാഹം കഴിച്ചയച്ച സുമീറ, കരുനാഗപ്പളളിയിലുള്ള സഫീറ, കോട്ടയം ഇല്ലിക്കലിലെ സനീറയുമൊക്കെ പിതാവിൽ നിന്ന് ലഭിച്ച കാർഷിക പാരമ്പര്യം നിലനിർത്തി പോരുന്നുണ്ട്. മാതാവ് ഐഷ ബീവിയും ഭർത്താവിൽ നിന്ന് ലഭിച്ച കൃഷി അനുഭവങ്ങളുമായി സമീറിന്റെ കൃഷി തോട്ടത്തിൽ സജീവമാണ്.
പിതാവ് ജോലിക്ക് പോകുന്നതിന് മുമ്പും കഴിഞ്ഞ് വന്നാലും കൃഷി തോട്ടത്തിൽ തന്നെയായിരുന്നു. രണ്ട് ഏക്കർ പാടത്ത് രണ്ട് തവണ നെൽ കൃഷിയും പിന്നെ പച്ചക്കറി കൃഷിയും പിതാവിനോടൊപ്പം സമീറും നടത്തി വന്നു. നെൽ കൃഷിക്ക് തൊഴിലാളികളെ കിട്ടാതെയായതോടെ നെൽ കൃഷി ഉപേക്ഷിച്ച് കപ്പയും മറ്റ് പച്ചക്കറി കൃഷിയും കൂടുതലായി ചെയ്ത് തുടങ്ങി. പിതാവിന്റെ മരണത്തോടെ കൃഷി പൂർണമായി ഏറ്റെടുത്ത് പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തി കൃഷി മെച്ചപ്പെടുത്തി. 2000 ത്തിൽ പാണാവളളി പഞ്ചായത്തിലെ മികച്ച യുവ കർഷകനായി തെരഞ്ഞെടുത്തത് സമീറിനെയായിരുന്നു. സീസൺ അനുസരിച്ച് പയർ, പാവൽ, വെണ്ട, ചീര, വഴുതന, പടവലം, മുളക്, പീച്ചിൽ, തണ്ണി മത്തൻ, പൊട്ടു വെള്ളരി, കറിവെള്ളരി, ഇളവൻ, കുക്കുംബർ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയെല്ലാം സമീറിന്റെ തോട്ടത്തിലുണ്ട്.
2017ൽ കർഷക ശ്രേഷ്ട പുരസ്കാരം, 2020ൽ പച്ചക്കറി കൃഷിയുടെ സംസ്ഥാന അവാർഡ് മൂന്നാം സ്ഥാനം, 2017 ൽ സരോജിനി ദാമോധരൻ ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പാണാവളളി പഞ്ചായത്ത് രണ്ട് പ്രാവശ്യം മികച്ച യുവ കർഷകനായും തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് രണ്ട് പ്രാവശ്യം മികച്ച കർഷകനായും തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ പച്ചക്കറി പ്രദർശനത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഭാര്യ ഷബ്ന സമീറിന്റെ കൂടത്തിൽ കൂടിയതോടെ മികച്ച കർഷകയാവുകയാണുണ്ടായത്. മക്കളായ ആമിനയും, ആസിയയും കൃഷിയിൽ സജീവമായി സമീറിന്റെ കൂടെയുണ്ട്.