100 കോടിയുടെ കൃഷിനാശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 96.73 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മഴ തുടരുന്നതിനാൽ കൃഷിനാശം ഇനിയും കൂടും. അനൗദ്യോഗിക കണക്ക് പ്രകാരം 102.89 കോടിയുടെ കൃഷിനാശമാണുണ്ടായിരിക്കുന്നത്.
സംസ്ഥാനത്താകെ 25,729 കർഷകർക്കാണ് കൃഷി നാശമുണ്ടായത്. ആകെ 4453.71 ഹെക്ടർ കൃഷിയിടത്തെ വിവിധ കാർഷിക വിളകൾ നശിച്ചു. നെല്ല്, വാഴ, പച്ചക്കറി എന്നിവയാണ് ഏറ്റവും കൂടുതൽ നശിച്ചത്. 23 മുതൽ 26 വരെയുള്ള നഷ്ടങ്ങളുടെ കണക്കാണിത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ നഷ്ടം. 2636.74 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. തൊട്ടടുത്ത് തിരുവനന്തപുരം ജില്ലയാണ്. ഇവിടെ 617.65 ഹെക്ടറിലെ കൃഷി നശിച്ചു. തൃശൂർ ജില്ലയിൽ 438.63 ഹെക്ടറിലെയും കൊല്ലത്ത് 205.32 ഹെക്ടറിലെ കൃഷിയും നശിച്ചു.
കുലക്കാത്ത വാഴകളാണ് ഏറ്റവും കൂടുതൽ നശിച്ചത്. 3020.58 ഹെക്ടറിലെ വാഴ കൃഷിയാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്. 943.3 ഹെക്ടറിലെ കുലച്ച വാഴകളും നശിച്ചിട്ടുണ്ട്. 149.5 ഹെക്ടറിലെ നെൽകൃഷിയും 95.33 ഹെക്ടറിലെ തെങ്ങും 62.78 ഹെക്ടറിലെ മരച്ചീനിയും 58.52 ഹെക്ടറിലെ പച്ചക്കറിയും 51.97 ഹെക്ടറിലെ കവുങ്ങും, 51.6 ഹെക്ടറിലെ റബറും നശിച്ചിട്ടുണ്ട്.
കൃഷിനാശം ചുവടെ
- ആലപ്പുഴ- 52.09 ഹെക്ടർ
- എറണാകുളം - 49.81 ഹെക്ടർ
- ഇടുക്കി - 8.69 ഹെക്ടർ
- കണ്ണൂർ- 90.60 ഹെക്ടർ
- കാസർകോട് - 41.43 ഹെക്ടർ
- കൊല്ലം - 205.32 ഹെക്ടർ
- കോട്ടയം- 109.25 ഹെക്ടർ
- കോഴിക്കോട് - 44.00 ഹെക്ടർ
- മലപ്പുറം - 2636.74 ഹെക്ടർ
- പാലക്കാട്- 41.4 ഹെക്ടർ
- പത്തനംതിട്ട - 23.02 ഹെക്ടർ
- തിരുവനന്തപുരം- 617.65 ഹെക്ടർ
- തൃശൂർ- 438.63 ഹെക്ടർ
- വയനാട്- 95.08 ഹെക്ടർ