വയലേലകളെ സ്നേഹിച്ച് ഒരു ജീവിതം
text_fieldsപുതുശേരിക്കടവ്: നെൽകൃഷി എന്നാൽ കാളേരി അഹ്മദിന് ആവേശമാണ്. എല്ലാ വയലുകളും സ്വന്തംപോലെ കാണുന്ന കർഷകൻ. ഏക്കർ കണക്കിന് വയലിൽ കൃഷിയിറക്കാൻ കർഷകരെ സഹായിക്കുന്നുണ്ട് കുറുമ്പാല സ്വദേശിയായ ഈ അറുപത്തഞ്ചുകാരൻ. മാത്രമല്ല, കൃഷിക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പ്രദേശത്ത് 50 ഏക്കറോളം നെൽകൃഷി ഇദ്ദേഹത്തിെൻറ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്.
കുറുമ്പാല, പുതുശേരിക്കടവ് ഭാഗത്ത് നിരവധി ഏക്കർ വയലുകൾ ഇതരജില്ലക്കാരുടേതാണ്. കുറെ വർഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലം നെൽകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പാട്ടത്തിന് തരപ്പെടുത്തി കൊടുക്കും. വിത്തിടുന്നത് മുതൽ കൊയ്ത്ത് വരെയുള്ള മേൽനോട്ടം അഹ്മദ് വഹിക്കും.
കുടുംബശ്രീ, വ്യക്തികൾ തുടങ്ങിയ നിരവധി പേരുടെ നെൽകൃഷി നോക്കി നടത്തുന്നുണ്ട്. കൃഷിയിറക്കാതിരുന്ന പ്രദേശവാസികളുടെ സ്ഥലം ഇദ്ദേഹം പാട്ടത്തിന് കൃഷി ചെയ്യുന്നുണ്ട്.
സ്വന്തമായി കൃഷി ചെയ്യുമ്പോൾ നഷ്ടം വരാറുണ്ട്. എന്നാലും കൃഷിയെന്നാൽ പിന്നെ ഒന്നും നോക്കാറില്ല. നല്ല അരി ലഭിക്കും എന്നതാണ് കൃഷി തുടരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.