വിസ്മയം തീർത്ത് അപൂർവ പുഷ്പം
text_fieldsവൈക്കം: തണുപ്പുള്ള കാലാവസ്ഥയിൽ മാത്രം വളരുമെന്ന് കരുതിയിരുന്ന അപൂർവ സസ്യമായ ഈജയ്ഡ് വൈൻ വൈക്കത്തിന്റെ മണ്ണിലും വസന്തം തീർത്ത് കണ്ണിനും മനസ്സിനും കുളിർമ നൽകുന്നു. ഉദയനാപുരം പഞ്ചായത്തിലെ ഇരുമ്പുഴിക്കര ചെറുവള്ളിൽ വീട്ടിൽ ജിനീഷ്-അമ്പിളി ദമ്പതികളുടെ വീട്ടുമുറ്റത്താണ് പ്രകൃതിയുടെ ഈ കാഴ്ച ഒരുങ്ങിനിൽക്കുന്നത്.
ചുവപ്പുകലർന്ന ആകാശനീലിമയാർന്ന പൂക്കളുമായി നിൽക്കുന്ന ഈ അലങ്കാരച്ചെടി കേരളത്തിലെ ചൂടുള്ള പ്രദേശങ്ങളിൽ വിരളമായാണ് കാണപ്പെടുന്നതാണ്. ഫിലിപ്പീൻസിലും ബ്രസീലിലും മഴക്കാടുകളിൽ കാണപ്പെടുന്ന ഇവ വംശനാശ ഭീഷണി നേരിടുന്നതിനാൽ ഐ.യു.സി.എൻ റെഡ് കാറ്റിഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. രണ്ടു നിറങ്ങളിലുണ്ട്. വേഴാമ്പലിന്റെ ചുണ്ടിന്റെ ആകൃതിയിലുള്ളതിനാലാണ് പ്രാദേശികമായി ഇതിനെ വേഴാമ്പൽ പൂവ് എന്ന് വിളിക്കുന്നത്. പ്രത്യേകിച്ച് വളമൊന്നും ആവശ്യമില്ല. ഏതാണ്ട് 18 മീറ്ററോളം നീളത്തിൽ വളരുന്ന ഈ വള്ളിച്ചെടി ഏത് പൂന്തോട്ടത്തിന്റെയും ഭംഗി വർധിപ്പിക്കുന്ന ഒന്നാണ്.
വർഷത്തിൽ നാലുതവണയാണ് ജെയ്ഡ് വൈൻ മൊട്ടിടുന്നത്. ഓരോ തവണയും പൂക്കൾ രണ്ടുമാസത്തോളം പൊഴിയാതെ നിൽക്കും. ഒരു കുലയിൽ 50 മുതൽ 80 വരെ പൂക്കളുണ്ടാകും. ഓരോ പൂവിനും രണ്ടടിയോളം നീളമുണ്ടെന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്.


